കൊച്ചി: ബിജെപിയിലെ ആർ എസ് എസിന്റെ താത്വിക മുഖമായ ബാലശങ്കർ കേരള രാഷ്ട്രീയത്തിലേക്ക്. ചെങ്ങന്നൂരിൽ ബാലശങ്കറിനെ സ്ഥാനാർത്ഥിയാക്കും. എൻഎസ് എസും എസ് എൻ ഡി പിയുമായി ആത്മബന്ധമുള്ള ബാലശങ്കറിനെ ഇറക്കി സമുദായ രാഷ്ട്രീയം അനുകൂലമാക്കാനാണ് നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശ പ്രകാരം ബാലശങ്കർ കേരളത്തിൽ ഉടൻ സജീവമാകും. കേരളത്തിലെ ആർ എസ് എസിനും ബാലശങ്കർ വരുന്നതിനോട് താൽപ്പര്യം ഏറെയാണ്. ഇതോടെ കേരളത്തിലെ ബിജെപിയുടെ ഭാവി മുഖമായി ബാലശങ്കർ മാറുകയും ചെയ്യും.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ അടിമുടി അഴിച്ചു പണിയുണ്ടാകും. ഈ സമയം ബാലശങ്കറിന് നിർണ്ണായക റോൾ കിട്ടാനും സാധ്യതയുണ്ട്. ഗ്രൂപ്പുകൾ അതീതനായ നേതാവിനെ കേരളത്തിൽ സജീവമാക്കി പാർട്ടിയുടെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കാനാണ് അമിത് ഷായുടെ പദ്ധതി. ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിൽ എത്തുമ്പോൾ പദ്ധതികളും പരിപാടികളും തയ്യാറാക്കാൻ ബാലശങ്കറും ഉണ്ടാകും. നേരത്തെ ബാലശങ്കറിനെ ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി പരിഗണിച്ചിരുന്നു. എന്നാൽ കേരളത്തിലെ ഗ്രൂപ്പ് നേതൃത്വം വൈസ് പ്രസിഡന്റായി അബ്ദുള്ളകുട്ടിയെ ഉയർത്തിക്കാട്ടി. ഇത് ബാലശങ്കറിനെ വെട്ടാനായിരുന്നു.

ചെങ്ങന്നൂരിൽ ബാലശങ്കർ മത്സരിക്കുന്നതോടെ പിഎസ് ശ്രീധരൻ പിള്ളയ്ക്ക് നിയമസഭാ അങ്കത്തിന് ഇറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. മിസോറാം ഗവർണ്ണറായ ശ്രീധരൻ പിള്ളയ്ക്ക് കേരളത്തിൽ പാർട്ടി കരുത്ത് കാട്ടിയാൽ ദേശീയ രാഷ്ട്രീയത്തിൽ സുപ്രധാന സ്ഥാനം നൽകും. കേന്ദ്ര മന്ത്രി പദവിയും ലഭിച്ചേക്കാം. ഇതെല്ലാം കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. ക്രൈസ്തവ സഭകളെ ബിജെപിയോട് അടുപ്പിക്കാൻ ശ്രീധരൻ പിള്ള മുന്നിൽ നിൽക്കുന്നതും ഇതുകൊണ്ടാണ്. കഴിഞ്ഞ തവണയും പിന്നീട് ഉപതെരഞ്ഞെടുപ്പിലും ശ്രീധരൻ പിള്ളയായിരുന്നു ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി.

സംഘപരിവാർ-ബിജെപി സംസ്ഥാന സംഘടനാ സംവിധാനങ്ങളോടൊപ്പം തന്നെ സംസ്ഥാനത്തെ വിവിധ സാമുദായിക -സാമൂഹിക വിഭാഗങ്ങളുടെ താല്പര്യങ്ങൾകൂടി കണക്കിലെടുത്തുകൊണ്ടുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് ബിജെപി കേേ്രന്ദ നതൃത്വം. വിവിധ ക്രൈസ്തവസഭാനേതൃത്വം, എസ്. എൻ.ഡി.പി, എൻ.എസ്. എസ്, പട്ടികജാതി-പട്ടികവർഗ്ഗ ഉൾപ്പെടെ സാമൂഹിക മായിപിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങൾ,കൂടാതെ മാധ്യമപ്രവർത്തകർ ഉൾപ്പെടെ സാമൂഹിക- സാംസ്‌കാരികമണ്ഡലങ്ങളിൽ നിഷ്പക്ഷമതികളായ വ്യക്തിത്വങ്ങളുടെ അഭിപ്രായങ്ങൾ സ്വരുപിക്കുവാനും ഡോ. ആർ.ബാലശങ്കറിനെയാണ് നദ്ദ ചുമതലപ്പെടുത്തിയത്.

ബിജെപി ബൗദ്ധിക വിഭാഗം തലവനായ ബാലശങ്കറിന് എസ്. എൻ.ഡി.പി ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ.എസ്. എസ്.ജനറൽസെക്രട്ടറി സുകുമാരൻ നായരുമായും ക്രിസ്ത്യൻ മതമേലദ്ധ്യക്ഷന്മാരുമായി ഒരേസമയം അടുത്ത ബന്ധം വെച്ചുപുലർത്തുന്ന വ്യക്തിത്വമാണ്. ഡൽഹി ബിജെപി ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബാലശങ്കർ കേരളത്തിലെ ബിജെപി രാഷ്ട്രീയത്തിൽ ഇതുവരെ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ആർഎസ്എസ്. മുഖപത്രമായ ഓർഗനൈസറിന്റെ മുൻ പത്രാധിപർകൂടിയായ ബാലശങ്കർ മത്സരരംഗത്തുണ്ടാവണമെന്ന് ചില ആർ.എസ്. എസ്. കേന്ദ്ര നേതാക്കളും താല്പര്യപ്പെടുന്നുണ്ട്.

ചെങ്ങന്നൂർ ആലാ സ്വദേശിയാണ് ഡോ.ബാലശങ്കർ. ബാലശങ്കറിന് മണ്ഡലത്തിൽ ശക്തമായ ബന്ധുബലമാണുള്ളത്. ആലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ പഴയകാല രാഷ്ട്രീയ ബന്ധങ്ങളും ബാലശങ്കറിനു ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എല്ലാത്തിനും ഉപരി എൻ.എസ് .എസ്., എസ്.എൻ.ഡി.പി.സമുദായങ്ങൾക്ക് ഒരുപോലെ താല്പര്യമുള്ളയാളെന്ന നിലയിലും ഗുണം ചെയ്യും. ചെങ്ങന്നൂർ മണ്ഡലത്തിൽ സ്വാധീന ശക്തികളായ ഓർത്തോഡോക്‌സ്, മാർത്തോമ്മാ തുടങ്ങിയ സാമുദായിക നേതാക്കളുമായി നല്ല ബന്ധം ബാലശങ്കറിനുണ്ട്. നേതൃത്വം അങ്ങനെയൊരു തീരുമാനമെടുത്താൽ ബാലശങ്കറും മത്സരത്തിന് എത്തും.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ആർ.ബാലശങ്കറിന്റെ പേര് വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ടു പരിവാർ വൃത്തങ്ങളിൽ വിവാദം രൂപപ്പെട്ടിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയിൽ നിന്നും ജനറൽ സെക്രട്ടറിയാകുമെന്ന സൂചനകളും ബാലശങ്കറിന് ലഭിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് ബാലശങ്കറിന്റെ പേര് വെട്ടിമാറ്റപ്പെട്ടു എന്ന വിവാദമാണ് പരിവാറിൽ ഉടലെടുത്തിരുന്നത്. കേരളത്തിലെ താത്പര്യങ്ങളുടെ പേരിലാണ് ബാലശങ്കർ വെട്ടിമാറ്റപ്പെട്ടത് എന്ന ശ്രുതികൾ വന്നതോടെയാണ് ആർഎസ്എസ് നേതാക്കൾക്കിടയിൽ അതൃപ്തി മുതലെടുത്തത്. കേരള രാഷ്ട്രീയത്തിൽ ഒരു നിർണ്ണായക രാഷ്ട്രീയ ശക്തിയായി ബിജെപി മാറണം എന്ന് ആർഎസ്എസ് ദേശീയ നേതൃത്വത്തിനു ആഗ്രഹമുണ്ട്.

ജനസ്വാധീനമുള്ള നേതാക്കൾ ബിജെപിയിൽ കുറവാണ്. ഇത് ആർഎസ്എസ് ദേശീയ നേതൃത്വത്തിനു അറിയാം. കേരള ബിജെപിക്ക് അടിത്തറയുണ്ടാക്കിയത് കെ.ജി.മാരാർ- കെ.രാമൻ പിള്ള -പി.പി.മുകുന്ദൻ-ഒ.രാജഗോപാൽ കൂട്ടുകെട്ടായിരുന്നു. അതിനു ശേഷം പൊതുസമൂഹത്തിൽ ചലനമുണ്ടാക്കാൻ കഴിയുന്ന നേതാക്കൾ കേരളത്തിൽ വന്നിട്ടില്ല. ദേശീയ നേതൃത്വം അധികാരത്തിൽ എത്തുമ്പോൾ അതുമായി ബന്ധപ്പെട്ടു കേരളത്തിലെ പദവികളും സ്ഥാനമാനങ്ങളും വീതിച്ചെടുക്കുന്നതിലും ഗ്രൂപ്പ് വഴക്കുകൾ സജീവമാക്കുന്നതിലും മാത്രമാണ് കേരള നേതാക്കൾക്ക് താത്പര്യം. ഇത് മനസ്സിലാക്കിയാണ് കേരളത്തിലേക്ക് ബാലശങ്കറിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വേണ്ടി നിയോഗിക്കുന്നത്.