തിരുവനന്തപുരം : നടൻ കമൽഹാസന്റെ 'മക്കൾ നീതിമയ്യം' പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഡോ. സന്തോഷ് ബാബു കെ-ഫോൺ പദ്ധതി എം.ഡിയാകും. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. മംഗളത്തിൽ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഐഎഎസ് എന്ന മൂന്നക്ഷരം പേരിനൊപ്പം ചേർക്കും മുൻപേ ഡോക്ടറായിരുന്നു സന്തോഷ് ബാബു. ഇന്ത്യൻ സിവിൽ സർവീസിൽ കയറിയ ശേഷവും അദ്ദേഹം ചികിൽസ നിർത്തിയില്ല. ആദ്യം രോഗികളെയായിരുന്നെങ്കിൽ സിവിൽ സർവീസിൽ ചികിൽസിച്ചതു സർക്കാർ വകുപ്പുകളെയായിരുന്നു. എല്ലായിടത്തും ഉപയോഗിക്കുന്നതു ഒറ്റ മരുന്ന് - സാങ്കേതിക വിദ്യ. എട്ടു വർഷത്തെ സേവനം ബാക്കി നിൽക്കെ പടിയിറങ്ങിയത് രാഷ്ട്രീയത്തിലേക്ക്. അത് വിജയിച്ചില്ല. ഇതോടെയാണ് കേരളത്തിലേക്കുള്ള തിരിച്ചു വരവ്.

തിരുവനന്തപുരം സ്വദേശിയായ സന്തോഷ് ബാബു തമിഴ്‌നാട് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കേ സ്വയം വിരമിച്ച്, മക്കൾ നീതിമയ്യം ആസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. പാർട്ടി പദവി രാജിവച്ചാണ് അദ്ദേഹം കേരളസർക്കാരിന്റെ അഭിമാനപദ്ധതിക്കു ചുക്കാൻ പിടിക്കാനെത്തുന്നതെന്നാണ് റിപ്പോർട്ട്. കമൽഹാസന്റെ ഏറ്റവും വിശ്വസ്തനായിരുന്നു ഈ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ.

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണു സന്തോഷ്ബാബുവിന്റെ നിയമനം പരിഗണിച്ചത്. തമിഴ്‌നാട്ടിലെ ഐ.ടി. മേഖലയ്ക്കു നൽകിയ മികച്ച സേവനം അദ്ദേഹത്തിന് അനുകൂലഘടകമായി. 2008-ൽ കൃഷ്ണഗിരി ജില്ലാ കലക്ടറായിരിക്കേ, ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസപദ്ധതിയിലൂടെ കുട്ടികളെ സ്‌കൂളിലേക്കു തിരിച്ചുകൊണ്ടുവരുന്നതിൽ നിർണായകപങ്ക് വഹിച്ചു. രാജ്യത്തെ പ്രഥമ ഗ്രാമീണ ബി.പി.ഒ. സൃഷ്ടിച്ചു. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം.

തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കിയശേഷമാണ് സന്തോഷ് ബാബു ഐ.എ.എസിൽ പ്രവേശിച്ചത്. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽനിന്നു ലീഡർ ഷിപ് ആൻഡ് എക്സലൻസ് ബിരുദം നേടി. 2015-ൽ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സ്പെഷൽ ഡ്യൂട്ടി ഓഫീസർ പദവി വഹിച്ചു.

ഇന്റർനെറ്റ് രംഗത്തു വിപ്ലവകരമായ മാറ്റത്തിനു കേരളസർക്കാർ രൂപീകരിച്ചതാണു കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്). ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ കാര്യക്ഷമമാക്കുകയാണു ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തു സുസജ്ജമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല നിലവിൽവരും.

വൈദ്യുതി ബോർഡും കെ.എസ്‌ഐ.ടി.ഐ.എലും ചേർന്നാണു പദ്ധതി നടപ്പാക്കുക. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം വീടുകൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാകും. സർക്കാർ ഓഫീസുകൾക്കും ആശുപത്രികൾക്കും സ്‌കൂളുകൾക്കുമാകും ആദ്യഘട്ടത്തിൽ മുൻഗണന. 1516.76 കോടി രൂപയാണു പദ്ധതിച്ചെലവ്.

ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ, തമിഴ്‌നാട്ടിലെ 12,000 ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സംവിധാനമെത്തിക്കുന്നതിനുള്ള ഭാരത് നെറ്റ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രത്യേക സംവിധാനമായ ടാൻഫിനെറ്റിന്റെ ചുമത സന്തോഷ് ബാബുവിനായിരുന്നു.പദ്ധതിയുടെ ടെൻഡറുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതയെത്തുടർന്നു അദ്ദേഹത്തെ കരകൗശല വികസന കോർപറേഷനിലേക്കു സ്ഥലം മാറ്റി. ഇതിനു പിന്നാലെയാണ് സ്വയം വിരമിക്കലിനു അപേക്ഷ നൽകിയത്.

അഴിമതി ആരോപണത്തെത്തുടർന്നു കേന്ദ്ര സർക്കാർ പിന്നീട് ടെൻഡർ റദ്ദാക്കിയിരുന്നു. ഭാരത് നെറ്റ് ടെൻഡർ പദ്ധതിയിൽ തനിക്കുമേൽ സമ്മർദമുണ്ടായിരുന്നുവെന്നു സന്തോഷ് ബാബു പറഞ്ഞിരുന്നു. സർവീസിലിരുന്ന കാലത്ത് ആത്മാർഥതയോടെയും സത്യസന്ധതോടെയുമാണു പ്രവർത്തിച്ചത്. ഭാരത് നെറ്റ് പദ്ധതിയുമായി ബന്ധപ്പെട്ടു 9 തവണ ഡൽഹി യാത്ര നടത്തിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകൾ പോലും മാറ്റിവച്ചു ഓടി നടന്നു. പ്രധാനമന്ത്രിയുടെ ഓഫിസിനു കീഴിലുള്ള mygov സിഇഒയായി ക്ഷണം ലഭിച്ചെങ്കിലും പോയില്ല. സംസ്ഥാനത്തെ പദ്ധതി പൂർത്തിയാക്കണമെന്ന ആഗ്രഹമായിരുന്നു കാരണം.

എന്നാൽ, അതേ ആത്മാർഥത തിരിച്ചു കിട്ടിയില്ലെന്നു മാത്രം പറയാം. ജനന-മരണ സർട്ടിഫിക്കറ്റുകളുൾപ്പെടെ അടിസ്ഥാന സർക്കാർ രേഖകൾ അപേക്ഷിക്കാതെ മൊബൈലിലേക്കു അയച്ചു നൽകന്ന പ്രഡിക്ടീവ് ഗവേണൻസ് പദ്ധതിക്കു തുടക്കം കുറിക്കാനായതിൽ അഭിമാനമുണ്ടെന്ന് നേരത്തെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.