സർക്കാർ ജോലി കിട്ടാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത ചെറുപ്പക്കാരനെ ചീത്ത വിളിക്കാൻ എളുപ്പമാണ്.അയാളുടെ മരണം പോലും അവഹേളിച്ച് തള്ളാനും എളുപ്പമാണ്. എന്നാൽ മേൽ പറഞ്ഞ ജോലി ഇല്ലെങ്കിൽ താൻ ഒന്നിനും കൊള്ളാത്തവനാണെന്ന് തോന്നിക്കും വിധം അവനെ തെറ്റിദ്ധരിപ്പിച്ച് നിരായുധനാക്കിയ ഒരു സമൂഹം ചുറ്റുമുണ്ട്. കഴിവുള്ളവരെ വട്ടം ചുറ്റി നിന്ന് ചവിട്ടിത്താഴ്‌ത്താൻ മത്സരിക്കുന്നവരുടെ ലോകമാണ്. ഇനി അതും സാധിച്ചില്ലെങ്കിൽ പിറകീന്ന് കുത്തൽ, അപവാദം പ്രചരിപ്പിക്കൽ, വ്യക്തിഹത്യ തുടങ്ങിയ ഐറ്റംസ് വേറെയും.

ഇത്രയൊക്കെ ഗുലുമാൽ ഉണ്ടാക്കി വെച്ചിട്ട്, അതിന്റെ ഇടേൽക്കൂടി 'പഠിച്ചില്ലേ, ജോലി കിട്ടീല്ലേ?, കുട്ടിയില്ലേ?, കുട്ടി പഠിക്കുന്നില്ലേ, കുട്ടിക്ക് മാർക്കില്ലേ? വണ്ടിയില്ലേ? ചെണ്ടയില്ലേ? '.... എന്ന് തുടങ്ങി നൂറ്റി നാൽപത് ചോദ്യം ചോദിച്ച് അന്യന്റെ സ്വകാര്യതയിലേക്ക് നുഴഞ്ഞ് കേറീട്ട്... അവരുടെ മുറിവിൽ ഉപ്പും കാന്താരീം അരച്ച് പുരട്ടീട്ട്...ഇരട്ടത്താപ്പിന്റെ ഉസ്താദുമാരായ ദുഷ്ടസമൂഹം പറയുന്നു...
'സർക്കാർ ജോലി കിട്ടാഞ്ഞിട്ട് ആത്മഹത്യ ചെയ്യാൻ വന്നേക്കുന്നു, ഇവനൊക്കെ പോയി ചത്തൂടേ' എന്ന് ഇത് പോലെ കുറേ അഭിപ്രായക്കമ്മറ്റിക്കാരും സാമൂഹ്യവിധികർത്താക്കളും ചേർന്ന് കൊന്നതാ അവനെ... അവനെപ്പോലെ ഒരുപാട് പേരെ...

ജാതിയും തൊലിയുടെ നിറവും ലിംഗവും പണവും തുടങ്ങി കാക്കത്തൊള്ളായിരം അളവുകോലുകൾ കൊണ്ട് കനല് തോണ്ടി മേലാകെ കുത്തി തകർത്തതാ...സ്വാഭിമാനവും തന്നോട് തോന്നേണ്ടുന്ന ആദരവും നഷ്ടപ്പെടുത്തി ഈ ചൊറിയൻപുഴുക്കൾ നശിപ്പിച്ച ജീവിതങ്ങളുടെ എണ്ണം അനന്തമാവും. 'മനുഷ്യന്മാരെന്ത് കരുതും?' എന്നത് മാത്രം മാനദണ്ഡമാക്കി ജീവിക്കുന്നവരെത്രയാണ് .

മറുവശത്ത്, ഇതെല്ലാം അവഗണിച്ച് ജീവിതത്തിൽ മുന്നേറിയവരുടെ എണ്ണവും കുറവല്ല. അത്തരത്തിൽ തീയിൽ കുരുത്തവരോട് നേരിട്ട് മുട്ടാൻ മുട്ട് വിറയ്ക്കുമെന്നതുകൊണ്ട് പിറകീന്ന് കാലുവാരാൻ ശ്രമം, പാര വെപ്പ്, പരദൂഷണം തുടങ്ങിയ കാര്യങ്ങൾ യഥേഷ്ടം നടക്കും. അവറ്റകളോട് പോയി പണി നോക്കാൻ പറയാനും അതേ ആറ്റിറ്റിയൂഡോടെ ജീവിക്കാനും സാധിച്ചാൽ രക്ഷപ്പെട്ടു.

നിർഭാഗ്യവശാൽ, ഈ ചങ്ങാതിക്കതിന് കഴിഞ്ഞില്ല. ഇക്കോലം സഹിക്കുന്ന ഇനിയുള്ളവർക്കൊരു തിരിച്ചറിവാകാനെങ്കിലും അവന്റെ നഷ്ടം കാരണമാകുമോ എന്നറിയില്ല. ഒന്നേ പറയാനുള്ളൂ...
നമുക്ക് ജോലി കിട്ടിയാലും ജീവിതപങ്കാളിയെ കിട്ടിയാലും വീടോ വാഹനമോ വന്നാലും കുഞ്ഞുങ്ങളെ കിട്ടിയാലും ഇനി അഥവാ ഇതൊന്നും ഇല്ലെങ്കിലും, അനുഭവിക്കേണ്ടത് നമ്മളും നമ്മുടേതായവരും മാത്രമാണ്. വഴീലിരുന്ന് മാർക്കിടുന്നവരോട് ചെലക്കാതെ പോവാൻ പറഞ്ഞേക്കണം.

നമ്മുടെ ദുഃഖത്തിലും കുറവുകളിലും ആഘോഷിക്കുന്നവരോടും ആമോദിക്കുന്നവരോടും പക പോക്കേണ്ടത് ഏറ്റവും സന്തോഷത്തോടെ അവർക്ക് മുന്നിൽ ജീവിച്ച് കാണിച്ച് കൊടുത്താണ്. കണ്ണ് നിറച്ചോ വിറച്ചോ പ്രതികരിച്ചോ അവർക്ക് വേണ്ടത് ഒരു കാരണവശാലും തിരിച്ച് കൊടുക്കരുത്. അവഗണിക്കുക, രാപ്പകൽ സ്വന്തം ജയത്തിനായി പ്രയത്നിക്കുക. ആരുടേം മുന്നിൽ തോറ്റേക്കരുത്, സ്വന്തം ജയത്താൽ മറ്റുള്ളവരെ തോൽപ്പിച്ചോണം.

നിറഞ്ഞ് ചിരിച്ചോണം...നിറങ്ങളൊടെ ജീവിച്ചോണം.അപ്പോ ശരി, 'സേഫോണം' എല്ലാർക്കും...
നേരത്തേ പോയ നേരിട്ടറിയാത്ത പ്രിയപ്പെട്ട ചങ്ങായിക്ക് വേദനയോടെ ആദരാഞ്ജലികൾ.
നിന്റെ നോവും മൗനവും ആർക്കും തിരിച്ചറിയാൻ പറ്റാതെ പോയല്ലോ കൂട്ടുകാരാ...