ചോദിക്കാമോ ആവോ ...'ആരാണീ ജനം ? '

' ജനം എല്ലാം മനസ്സിലാക്കുന്നുണ്ട്. ഞാനൊഴിയണമെങ്കിൽ നിങ്ങളല്ല; ജനമാണ് തീരുമാനിക്കേണ്ടത്. എന്താണ് നിങ്ങളുടെ ഉദ്ദേശ്യം?..... ഇതാണോ മാധ്യമ ധർമ്മം?.' കേരളത്തിൽ അടുത്തിടെ സ്ഥിരമായി മുഴങ്ങി കേൾക്കുന്ന; കുഞ്ഞുങ്ങൾക്കു പോലും പരിചിതമായ ആറ് മണി വാക്കുകളാണിവ.

'മുകളിൽ ഇരിക്കുന്നവൻ' എല്ലാം കാണുകയും അറിയുന്നുമുണ്ടെന്ന് കാരണവർ പറഞ്ഞ കഥയാണ് ഓർമ്മ വരുന്നത്. ' മുകളിൽ ഇരിക്കുന്നവൻ' എന്നതിനെ ദൈവമെന്നും തട്ടിൻപുറത്തിരിക്കുന്നവനെന്നും വ്യാഖ്യാനിച്ചവരുടെ പരമ്പരയിൽപെട്ടവർക്കാണോ മുഖ്യൻ ലക്ഷ്യമിടുന്ന 'ജനവും, നിങ്ങളും.' ആരാണെന്നു കണ്ടെത്താൻ പ്രയാസം.

പല്ലും നഖവും മാത്രമല്ല കഴിയാവുന്ന സർവ ആയുധങ്ങളും ഉപയോഗിച്ച് ഭരണപക്ഷത്തെ വിമർശിക്കുക എന്ന പ്രതിപക്ഷ ധർമ്മം മായം ചേർത്തും ചേർക്കാതെയും നിറവേറ്റി ബാർക് റേറ്റിംഗിൽ നാലാം സ്ഥാനത്ത് എത്തി നിൽക്കുന്ന ജനം ടി വി യെ മറ്റോ ആണോ ഇനി മുഖ്യൻ ഉദ്ദേശിച്ചത്! അവരാണല്ലോ ഇപ്പോൾ ' മാർഗ്ഗേ കിടക്കുന്ന മർക്കടൻ. ശ്ശെ ! അതാകാൻ തരമില്ല.

ജനം എന്നാൽ പ്രജകൾ. ജനാധിപത്യ രാജ്യത്തെ വോട്ടർമാരെന്ന അർത്ഥത്തിൽ പരമ പൂജനീയരാകേണ്ട വിഭാഗം. ജനം സ്വയം ചിന്തിച്ച് കാര്യങ്ങൾ ഗ്രഹിക്കുന്നുണ്ടെന്നാണ് മുഖ്യന്റെ പക്ഷം. മാധ്യമങ്ങളല്ല ജനത്തെ സ്വാധീനിക്കുന്നതെന്ന വരട്ട് വാദങ്ങൾ വേറെയും. പക്ഷേ 'നിങ്ങൾ മാധ്യമങ്ങൾ പറയുന്നതല്ല ജനം വിശ്വസിക്കുന്നതെ'ന്ന് ആവർത്തിക്കുന്നതിൽ ചില സത്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടുതാനും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും കൈകോർത്തു നിന്ന് സ്തുതി പാടിയിട്ടും ഇടതുപക്ഷ വിജയം ഒരിടത്തു മാത്രമായി ഒതുങ്ങിയത് നാം കണ്ടതല്ലേ. മാധ്യമങ്ങൾ പറഞ്ഞതല്ല ജനം വിശ്വസിച്ചത് എന്നതിന് ഇതിൽപരം ഒരു തെളിവു വേണോ ? അന്നേറ്റ പ്രഹരത്തിൽ നിന്നാണ് സ്വയം മനസ്സിലാക്കാനുള്ള ശേഷി ജനത്തിനുണ്ട് എന്ന് ചിന്ത ഉദിക്കുന്നത്. അത് മനസ്സിലാക്കാനുള്ള വെളിവു പോലും ഇല്ലാത്ത മാധ്യമ പ്രവർത്തകരെ മുഖ്യമന്ത്രി അതോർമ്മിപ്പിച്ചു എന്നു മാത്രം. ഇപ്പോൾ നാലാം സ്ഥാനത്തെത്തി നിൽക്കുന്ന ചാനൽ പണ്ട് രണ്ടാംസ്ഥാനത്തെത്തിയതും അതൊരു സൂചനയായി കാണാൻ കഴിയാത്തതതിനെ തുടർന്നുമല്ലേ കമ്മ്യൂണിസ്റ്റുകളായ വിശാസികളുടെ വോട്ടു പോലും ലഭിക്കാതെ പോയത്. ചരിത്രം ആവർത്തിക്കുമോ എന്ന ആശങ്കയാണ് മുഖ്യ തേരാളി വാക്കുകൾക്കിടയിലൂടെ പറയാതെ പറഞ്ഞിരിക്കുന്നത് എന്നർഥം.

'നിങ്ങൾ ' എന്നത് മാധ്യമങ്ങൾക്കു മൊത്തമായുള്ള വിശേഷണമല്ല; എതിർ വാർത്ത നൽകുന്നവർക്കോ അവരോട് തോളുരുമ്മി നിൽക്കുന്നവർക്കോ ഉള്ള പുത്തൻകാല അധിസംബോധന കൂടിയാണത്. 'മുഖ്യമന്ത്രിയുടെ ഓഫീസിനെ കരിനിഴലിൽ നിർത്താമോ, പഴയ മുഖ്യമന്ത്രിയുമായി താരതമ്യം ചെയ്യേണ്ടതുണ്ടോ? അങ്ങോട്ടേക്കാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പോകുന്നത് എന്നാണോ നിങ്ങൾ പറയുന്നത് .......' തുടങ്ങിയ ഉളുപ്പില്ലാത്ത ചോദ്യങ്ങൾ തത്സമയ സംപ്രേഷണം ചെയ്ത് കേരളീയരെ വീണ്ടും വീണ്ടും ചിലത് മനസ്സിലാക്കി കൊടുക്കുന്ന ' നാടിന്റെ പൊതുബോധം ' അട്ടിമറിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾ. പി ആർ വർക്ക് എന്ന് ഓരിയിടുമ്പോഴും മുഴുവൻ സമയ സംപ്രേഷണം ചെയ്യുന്ന ഇരട്ട നിലപാടിലൂടെ ലാഭം കൊയ്യാനിറങ്ങുന്ന മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും ഇത്തരം വാക്കുകളിലൂടെ ലഭിക്കുന്ന നേട്ടം വേറെയും.

'മാധ്യമ പ്രവർത്തകരല്ലേ നിങ്ങൾ; അന്വേഷിക്ക് എന്നിട്ടു കൊണ്ടു വാ ' എന്നു പറയുകയും ചൂണ്ടിക്കാട്ടുമ്പോഴാകട്ടെ അതേ നാവുകൊണ്ട് 'ഇതല്ല മാധ്യമ ധർമ്മം' എന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ചോദ്യങ്ങൾ പോലും തെറ്റായി മാറുന്ന കാലം. ഒരൊറ്റ അക്ഷരം ഉരിയാടിക്കാതെ കാബിനറ്റ് റാങ്കുള്ള മന്ത്രിമാരെ ഇരുവശത്തും ഇരുത്തുന്ന ജനാധിപത്യ മര്യാദ കേരളം കാണുന്നതും ഇതാദ്യം.

വിമർശനത്തിനു പിന്നിലെ വിപണന സാധ്യത വഴി റേറ്റിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ചാനലിനെതിരെ പ്രഖ്യാപിച്ച ബഹിഷ്‌കരണ പോരാട്ടം പാർട്ടിക്കു ഗുണകരമാകില്ല.

വിമർശനത്തിനതീതനാണു ഞാൻ എന്ന ചിന്ത ഉത്ഭവിക്കുന്നിടത്തു നിന്ന് അതേ സമയം പിറവി കൊള്ളുന്നതാണ് പതനവും എന്ന് അസ്വസ്ഥ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ത്രാണിയുള്ള ഉപദേശികളാകട്ടെ പുര കത്തുമ്പോൾ ബീഡി കൊളുത്തുന്ന തിരക്കിലും. ചരിത്ര താളുകളിൽ ഇടം പിടിക്കുക ഉപദേശികളല്ല. ആരോടു പറയാൻ.

ദൈവം തൂണിലും തുരുമ്പിലും ഉണ്ടെങ്കിലും ദൈവത്തിന്റെ സ്വന്തം നാട് ഒന്നേയുള്ളൂ. നാടിന്റെ രക്ഷയിൽ നിന്ന് ഭരണാധികാരികൾ ഒളിച്ചോടുമ്പോൾ സ്വന്തം തട്ടകത്തിന്റെ രക്ഷക്കായി ദൈവം നേരിട്ടിറങ്ങാതിരിക്കുന്നതെങ്ങനെ ? അങ്ങനെ നാടിന്റെ രക്ഷക്കായി മോഹിനി രൂപം പൂണ്ട ദൈവത്തിന്റെ അവതാരങ്ങളാണ് കഴിഞ്ഞ സർക്കാരിന്റേയും ഈ സർക്കാരിന്റേയും അന്ത്യനാളുകളിൽ എത്തിയതെന്ന് ഇനി ആരെങ്കിലും പറയുമോ ആവോ!