കാസർകോട്: കള്ളവോട്ട് തടയുന്നവരെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനില്ല. കള്ളവോട്ട് തടഞ്ഞതിന് എംഎൽഎ ഭീഷണിപ്പെടുത്തിയതായി പരാതി നൽകിയ പ്രിസൈഡിങ് ഓഫിസറോട്, പരാതിയിൽ ഉന്നയിച്ച വിഷയം തങ്ങളുടെ അധികാര പരിധിയിൽ വരുന്നതല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അതിവിചിത്ര മറുപടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. സംസ്ഥാന സർക്കാർ നിയമിച്ച ആളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.

തദ്ദേശ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാൻ ശ്രമിച്ചപ്പോൾ സിപിഎം നേതാവും എംഎൽഎയുമായ കെ.കുഞ്ഞിരാമൻ കാൽ വെട്ടുമെന്നു ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിങ് ഓഫിസറായ ഡോ.കെ.എം.ശ്രീകുമാർ കമ്മിഷനു നൽകിയ പരാതിയിലാണ് ഈ മറുപടി. പരാതിയുമായി മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാമെന്നും കത്തിലുണ്ട്. ഇതോടെ ഈ ഉദ്യോഗസ്ഥൻ തീർത്തും വെട്ടിലായി. ഈ ഉദ്യോഗസ്ഥന്റെ പരാതി സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു. ഇതിനിടെ ശ്രീകുമാർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് കെ.കുഞ്ഞിരാമൻ എംഎൽഎ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്. ഭരണ തുടർച്ചയുണ്ടായാൽ ശിക്ഷ ഉറപ്പാണ്.

വെബ് കാസ്റ്റിങ് വിഡിയോയുടെ പകർപ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ സുരക്ഷിതമായി സൂക്ഷിക്കുന്ന രേഖയാണെന്നും കോടതിയുടെ ഉത്തരവില്ലാതെ ഇതു പരിശോധിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് കോടതിയെ സമീപിക്കാനും കമ്മിഷൻ നിർദ്ദേശിച്ചു. 2020 ഡിസംബർ 14 ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കെ.കുഞ്ഞിരാമൻ എംഎൽഎയുടെ നാടായ പാക്കം ചെർക്കപ്പാറ ജിഎൽപി സ്‌കൂളിലെ കിഴക്ക് ഭാഗത്തെ ബൂത്തിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഈ ബൂത്തിൽ പ്രിസൈഡിങ് ഓഫിസറായിരുന്നു കാർഷിക സർവകലാശാല പിലിക്കോട് കേന്ദ്രത്തിലെ പ്രഫസർ കെ.എം. ശ്രീകുമാർ.

പരാതിയെ തുടർന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ ഡി.സജിത്ത് ബാബുവിനോട് കമ്മിഷൻ റിപ്പോർട്ട് തേടി. കലക്ടർ നേരിട്ട് ശ്രീകുമാറിന്റെ മൊഴിയെടുക്കുയും ചെയ്തു. വെബ് കാസ്റ്റിങ് ദൃശ്യം ആവശ്യപ്പെട്ട് കത്ത് നൽകിയപ്പോൾ കമ്മിഷനെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കമ്മിഷനെ സമീപിച്ചപ്പോഴാണ് കോടതി നിർദ്ദേശപ്രകാരം മാത്രമേ ദൃശ്യം നൽകാനാകൂ എന്നു വ്യക്തമാക്കിയത്. ഇതോടെ കോടതിയെ സമീപിക്കേണ്ട അവസ്ഥയുമായി.

ഡ്യൂട്ടിക്കിടെ കള്ളവോട്ട് തടയാൻ ശ്രമിച്ചതിന് സിപിഎം എംഎ‍ൽഎ ഭീഷണിപ്പെടുത്തിയെന്ന് ഇടതു സംഘടനാ നേതാവായ പ്രിസൈഡിങ് ഓഫീസറുടെ വെളിപ്പെടുത്തൽ ഏറെ വിവാദമായിരുന്നു. വടക്കേമലബാറിലെ പാർട്ടി ഗ്രാമത്തിൽ ഒരു പോളിങ് അനുഭവം എന്ന തലക്കെട്ടിൽ ഫേസ്‌ബുക്ക് പേജിലാണ് അദ്ദേഹം തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നത്. 'മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാലു വെട്ടും' എന്ന് എംഎ‍ൽഎ ഭീഷണിപ്പെടുത്തിയെന്നാണ് ശ്രീകുമാർ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്.

'ഒരു പാർട്ടിക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ നടക്കുന്ന ഈ തെമ്മാടിത്തരം എത്രയോ കാലമായി തുടരുന്നു. ഒരു ഉദ്യോഗസ്ഥനും പ്രതികരിക്കാറില്ല. കാരണം ശിഷ്ടകാലം ഇവിടെ തന്നെ ജീവിക്കേണ്ടത് ആണല്ലോ. കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ജോലി ഒഴിവാക്കാൻ ശ്രമിക്കുന്നത് ഈ അക്രമവും ഭീഷണിയും ഭയന്നാണ്. '- ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.