കാസർകോട്: കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന അതിദ്രുത  വർഗീയവത്ക്കരണത്തിന്റെ വ്യക്തമായ സൂചനയായിരുന്നു കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ്. ബിജെപി പ്രതിനിധിജയ് ശ്രീറാം
വിളിക്ക് മറുപടിയായി യൂത്ത് ലീഗ് പ്രവർത്തകർ അല്ലാഹു അക്‌ബർ വിളിച്ചതോ ടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ മൂസ ഇടപ്പെട്ട് പ്രവർത്തകരെ അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് സത്യപ്രതിജ്ഞ ചടങ്ങ് പുനരാരംഭിക്കുകയും ചെയ്തു. മാധ്യമം ഓൺലൈനാണ് ഈ വാർത്ത പുറത്തുവിട്ടത്.

വാർത്തയുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപാടി പഞ്ചായത്ത് ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയാണ് നാടകീയ രംഗങ്ങൾ ഉടലെടുത്തത്.പതിനേഴാം വാർഡായ അടുക്കയിൽ നിന്നും വിജയിച്ച ബിജെപി അംഗവും യുവമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറിയുമായ കിഷോർ കുമാർ.ബി ദൈവനാമത്തിൽ സത്യപ്രതിജ്ഞ എടുത്തു കഴിഞ്ഞ ഉടനെയാണ് മൈക്കിലൂടെ ജയ് ശ്രീറാം വിളിച്ചത്. ഈ സമയം വേദിയിലുണ്ടായിരുന്ന യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വരികയും അള്ളാഹു അക്‌ബർ വിളിക്കുകയുമായിരുന്നു. കിഷോർ കുമാർ അടക്കം നാല് പേരാണ് ബിജെപിയിൽ നിന്നും ജയിച്ചു വന്നത്. ഇയാൾക്ക് ശേഷം വന്ന ബിജെപി അംഗങ്ങൾ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

പഞ്ചായത്ത് ഭരണ സമിതിയിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെ ജയ്ശ്രീറാം വിളിച്ച നടപടി ഭരണഘടനയോടുള്ള അനാദരവും, മത സൗഹാർദത്തിന് കോട്ടം സംഭവിക്കുന്നതാണെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഗോൾഡൻ മൂസ കുഞ്ഞി വരണാധികാരിക്ക് പരാതി നൽകി.ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ച സംഘപരിവാർ സംഘത്തിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം ഉയരണമെന്നും നേതാക്കൾ പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കളായ ടി എ മൂസ, പി എം സലീം, ഉമ്മർ അപ്പോളോ, മാദേരി അബ്ദുല്ല, ബി എം മുസ്തഫ, കെ. എഫ്. ഇഖ്ബാൽ എന്നിവർ പരാതി നൽകാൻ ഒപ്പമുണ്ടായിരുന്നു.- മാധ്യമം വാർത്ത ഇങ്ങനെയാണ് അവസാനിക്കുന്നത്.

പാലക്കാട് നഗരസഭയിലും ഇന്ന് ജയ്ശ്രീറാം വിളികൾ ഉയർന്നു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം എൽഡിഎഫ് കൗൺസിലർമാർ ദേശീയ പതാകയുമായി മതേതരത്വം സംരക്ഷിക്കണമെന്ന മുദ്രാവാക്യം വിളിയുമായി കൗൺസിൽ ഹാളിൽ നിന്നിറങ്ങി. ഇതിനിടെ ബിജെപി ദേശിയ സമിതിയംഗം എൻ ശിവരാജന്റെ നേതൃത്വത്തിൽ ജയ്ശ്രീറാം വിളിയുമായി പ്രവർത്തകരും രംഗത്തെത്തി. തുടർന്ന് ഇരുവിഭാഗംപ്രവർത്തകരെയും പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. പാലക്കാട് ഡിവൈഎസ്‌പി ശശികുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ ഭരണഘടനാ സ്ഥാപനമായ നഗരസഭയിൽ ബിജെപി പ്രവർത്തകർ ജയ്ശ്രീരാം ബാനർ ഉയർത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയും നഗരസഭയിൽ ദേശീയ പതാക ഉയർത്തുകയും ചെയ്തിരുന്നു.