ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് മെയ്‌ 11 മുതൽ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് വിതരണം തുടങ്ങുമെന്നു മേധാവി ജി.സതീഷ് റെഡ്ഡി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളത്തിൽ അലിയിച്ചു കഴിക്കുന്ന പൗഡർ രൂപത്തിലുള്ള പ്രതിരോധ മരുന്നാണിത്.

കോവിഡ് വൈറസിനെ ചെറുക്കുന്നതിനു ഫലപ്രദമാണ് മരുന്ന് എന്ന് സതീഷ് പറഞ്ഞു. ലഭ്യതയ്ക്ക് അനുസരിച്ച് ആശുപത്രികളിൽ വിതരണം ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ട്.

മരുന്ന് ഉപയോഗിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഫലം കാണും. ശരീരത്തിൽ ഓക്‌സിജന്റെ അളവ് വർധിപ്പിക്കുന്നതിനും മരുന്ന് ഫലപ്രദമാണ്.

ഡിആർഡിഒ വികസിപ്പിച്ച മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഡിആർഡിഒയിലെ ലാബ് ആയ ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസും (ഐഎൻഎംഎഎസ്) ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേർന്നാണ് 2- ഡിഓക്സി-ഡി-ഗ്ലൂക്കോസ് (2ഡിജി) എന്ന മരുന്ന് കോവിഡിനെതിരെ വികസിപ്പിച്ചെടുത്തത്.



മരുന്ന് രോഗികൾക്കു പെട്ടെന്നു രോഗമുക്തി നൽകുകയും കൃത്രിമ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഈ മരുന്നു നൽകിയ കൂടുതൽ രോഗികൾക്കും പെട്ടെന്നുതന്നെ ആർടിപിസിആർ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആകുകയും ചെയ്തു. 110 രോഗികളിലാണ് രണ്ടാംഘട്ട പരീക്ഷണം നടത്തിയത്.

രാജ്യത്തുടനീളമുള്ള ആറ് ആശുപത്രികളിലാണ് മൂന്നാംഘട്ട പരീക്ഷണം നടന്നത്. 65 വയസു കഴിഞ്ഞവർക്കും മരുന്ന് ഏറെ ഫലപ്രദമാണെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു. രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ അനുകൂല പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ (ഡിസിജിഐ) മരുന്നിന് അംഗീകാരം നൽകിയത്.

വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഓരോ പാക്കറ്റിനും 500600 രൂപ വില വരുമെന്നാണ് സൂചന.

ഗ്ലൂക്കോസ് തന്മാത്രകളിൽ ഘടനാപരമായ മാറ്റം വരുത്തിയാണ് 2 ഡിഓക്‌സി ഡി ഗ്ലൂക്കോസ് നിർമ്മിക്കുന്നത്.

രോഗമുക്തി വേഗത്തിലാക്കാനും ഓക്‌സിജൻ സഹായിയുടെ ആവശ്യം കുറയ്ക്കാനും ഇത് ഉപയോഗിക്കുന്നതു വഴി കഴിയുന്നതായി കണ്ടെത്തലുണ്ട്. 2 പാക്കറ്റ് വീതം ദിവസവും നൽകുന്നതു വഴി കോവിഡ് രോഗികളിൽ 42% പേർക്കും മൂന്നാം ദിവസം ഓക്‌സിജൻ സഹായിയുടെ ആവശ്യം ഇല്ലാതായെന്നാണ് ട്രയലിലെ കണ്ടെത്തൽ. സാധാരണ കോവിഡ് ചികിത്സയിൽ 30% ആളുകൾക്കേ 3ാം ദിവസം ഈ മാറ്റമുണ്ടാകൂ.

ഇടത്തരം, ഗുരുതര കോവിഡ് രോഗികളിലും ഇതു ഫലം കാണുന്നുവെന്നതും പ്രതീക്ഷ നൽകുന്നു. 65 വയസ്സിനു മുകളിലുള്ളവർക്കും ഫലപ്രദമാണ്.