ന്യൂഡൽഹി: പുതുതലമുറ ഭൂതല - വ്യോമ മിസൈൽ ആകാശ് വിജയകരമായി പരീക്ഷിച്ചു. 30കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യസ്ഥാനം തകർക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ.

ഒഡീഷ ബാലസോറിലെ പരീക്ഷണ കേന്ദ്രത്തിലാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ പരീക്ഷണം നടത്തിയത്.

കഴിഞ്ഞ രണ്ടുദിവസമായി രണ്ടു തവണയാണ് പരീക്ഷണം നടത്തിയതെന്ന് ഡിആർഡിഒ അറിയിച്ചു. ലക്ഷ്യസ്ഥാനം കൃത്യമായി തകർത്തതായി ഡിആർഡിഒ അറിയിച്ചു.

എല്ലാ പ്രതിരോധ സംവിധാനങ്ങളും സജ്ജീകരിച്ചാണ് മിസൈൽ പരീക്ഷണം നടത്തിയത്. വിവിധോദ്ദേശ്യ റഡാർ സംവിധാനവും കൺട്രോൾ സംവിധാനവും കമ്മ്യൂണിക്കേഷൻ സംവിധാനവും പരീക്ഷണത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡിആർഡിഎൽ മറ്റു ഡിആർഡിഒ ലബോറട്ടറികളുമായി സഹകരിച്ചാണ് ആകാശ് പ്രതിരോധ മിസൈൽ സംവിധാനം വികസിപ്പിച്ചത്.