ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു. ഒരു കവർ മരുന്നിന് 990 രൂപയാണ് വിതരണക്കാരായ പ്രമുഖ മരുന്ന് കമ്പനിയായ ഡോ. റെഡ്ഡീസ് ലാബ് വില നിശ്ചയിച്ചത്.

കോവിഡിനെ പ്രതിരോധിക്കാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മരുന്നാണ് 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വില കുറച്ച് നൽകുമെന്ന് കമ്പനി അറിയിച്ചതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആർഡിഒ ലാബാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു.

മരുന്ന് രോഗമുക്തിയുടെ ദൈർഘ്യം കുറയ്ക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർധൻ മരുന്നിന്റെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞത്. കോവിഡ് മരുന്നായ 2 ഡിയോക്‌സി ഡി ഗ്ലൂക്കോസ് നൽകുന്ന രോഗികളിൽ മെഡിക്കൽ ഓക്‌സിജന്റെ ആവശ്യകത കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗമുക്തിയുടെ ദൈർഘ്യം കുറയ്ക്കും എന്നതാണ് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. ഇതിന് പുറമേ രോഗികളിൽ മെഡിക്കൽ ഓക്‌സിജന്റെ ആവശ്യകത കുറയ്ക്കാനും ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വരും ദിവസങ്ങളിൽ ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവനും ഈ മരുന്ന് വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികൾക്കാവും ഈ മരുന്ന് നൽകുക. ഈ മരുന്ന് നൽകുന്ന തോടെ രോഗികളുടെ താഴ്ന്ന ഓക്‌സിജൻ നില പൂർവാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്.