ആലപ്പുഴ: യാത്രക്കിടെ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും കൃത്യസമയത്ത് കണ്ടക്ടർ ഇടപെട്ടതിനാൽ അപകടം ഒഴിവായി. ഡ്രൈവറുടെ അസ്വസ്ഥത ശ്രദ്ധിച്ച കണ്ടക്ടർ വാഹനം ഒതുക്കി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 7.30-ന് എടത്വാ സെന്റ് അലോഷ്യസ് കോളേജ് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. എടത്വാ ഡിപ്പോയിലെ ഡ്രൈവറും നീരേറ്റുപുറം വാലയിൽ വീട്ടിൽ വി എസ് ജോമോനാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയതിന് പിന്നാലെ ഡ്രൈവർ കുഴഞ്ഞുവീണു.

ആലപ്പുഴയിൽ നിന്ന് തിരുവല്ലയിലേക്ക് പോയ ബസ് കോളേജ് ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ട് എടുക്കുന്നതിന് മുൻപ് ജോമോന് ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടക്ടർ സജീഷ് കുമാറിന്റെ ശ്രദ്ധയിൽപെട്ടു. ഇതോടെ ബസ് ഒതുക്കി നിർത്താൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ബസ് നിർത്തിയശേഷം സ്റ്റിയറിംങിലേക്ക് കുഴഞ്ഞുവീണ ജോമോനെ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്തിന്റെ നേതൃത്വത്തിൽ കണ്ടക്ടറും, യാത്രക്കാരും ചേർന്ന് എടത്വാ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ഹൃദ്രോഗ ലക്ഷണം കണ്ടതിനെ തുടർന്ന് അടിയന്തിരമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ സ്വകാര്യ ആശുപത്രി ഡോക്ടർ നിർദ്ദേശിച്ചു. മറ്റൊരു വാഹനം സംഘടിപ്പിച്ച് വണ്ടാനത്ത് എത്തിച്ച ജോമോന്റെ നില ഗുരുതരമായി തുടരുന്നു. കണ്ടക്ടറിന്റെ സമയോചിതമായ ഇടപെടലാണ് വൻഅപകടം ഒഴിഞ്ഞുപോയത്.