തിരുവനന്തപുരം: നാളെ മുതൽ ഡ്രൈവിങ് ലൈസൻസ് ഓൺലൈനായി പുതുക്കാം. മോട്ടോർ വകുപ്പിന്റെ എല്ലാ ഓഫീസുകളും പേപ്പർ രഹിതമാകുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. പ്രവാസികൾക്ക് വിദേശത്തുനിന്നും ലൈസൻസ് പുതുക്കാൻ കഴിയും. മോട്ടോർ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതൽ പേപ്പർ രഹിതമാകുമെന്നും അധികൃതർ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാഹനരേഖകളുടെ കാലാവധി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. ഡ്രൈവിങ് ലൈസൻസ്, പെർമിറ്റ്, ഫിറ്റ്നസ്, താൽക്കാലിക രജിസ്ട്രേഷൻ എന്നിവയുടെ കാലാവധി മാർച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീർന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിയത്. നേരത്തെ ഡിസംബർ വരെ നീട്ടിയിരുന്നു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടി നൽകണമെന്ന് ചരക്കുവാഹനങ്ങളുടെ ഉടമകൾ അടക്കം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഇത് കണക്കിലെടുത്താണ് തീരുമാനം. ഇത് നാലാം തവണയാണ് കേന്ദ്രസർക്കാർ കാലാവധി നീട്ടുന്നത്. ഓഗസ്റ്റിലാണ് ഇതിന് മുൻപ് ഡിസംബർ വരെ കാലാവധി നീട്ടിയത്.