ന്യൂഡൽഹി: ഉഗ്രശേഷിയുള്ള ഐഇഡി വഹിക്കാൻ ശേഷിയുള്ള നിയന്ത്രിത ഡ്രോൺ ഉപയോഗിച്ച് ഇന്ത്യയിലെ ഏതെങ്കിലും സൈനിക കേന്ദ്രത്തിനു നേരെ ഉണ്ടാകുന്ന ആദ്യത്തെ ആക്രമണമാണ് കഴിഞ്ഞ ദിവസം ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ താവളത്തിലുണ്ടായത്. ഞായറാഴ്ച പുലർച്ചെയാണ് 1.5 കിലോഗ്രാം വീതമുള്ള രണ്ടു സ്‌ഫോടക വസ്തുക്കൾ വ്യോമസേനാ താവളത്തിനുള്ളിൽ ഡ്രോൺ ഉപയോഗിച്ച് നിക്ഷേപിച്ചതെന്നാണു റിപ്പോർട്ട്.

ചാവേറുകളിലൂടെ ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളിൽ പാക്കിസ്ഥാൻ പ്രതിസ്ഥാനത്ത് ആകുകയും രാജ്യാന്തര തലത്തിൽ പലതവണ അപലപിക്കപ്പെടുകയും ചെയ്തതോടെ ആക്രമണങ്ങളുടെ തന്ത്രം തന്നെ മാറ്റാനാണ് പാക് ഭീകര സംഘടനകൾ ലക്ഷ്യമിടുന്നത് എന്നതിന്റെ സൂചന കൂടിയാണ് ഈ ആക്രമണം.ആയുധങ്ങളുമായി വരുന്ന ചെറിയ ഡ്രോണുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അവയെ തടസ്സപ്പെടുത്തൽ ചെലവേറിയതുമാണ് എന്നതിനാൽ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് തീവ്രതയേറിയ ആക്രമണം സാധ്യമാക്കുക എന്ന തന്ത്രമാണ് ഭീകര സംഘടനകൾ പ്രയോഗിക്കുന്നത് എന്നതാണ് വിലയിരുത്തൽ.

പഠാൻകോട്ടിലും ഉറിയിലുമുണ്ടായ ഭീകരാക്രമണങ്ങളിൽനിന്നു വ്യത്യസ്തമായി പാക്കിസ്ഥാന് അവരുടെ പൗരന്മാരെ നേരിട്ട് ഉപയോഗിക്കേണ്ടതില്ല എന്നതാണു ഞായറാഴ്ചത്തെ ഡ്രോൺ ആക്രമണം തെളിയിക്കുന്നതെന്നു പ്രതിരോധ വിദഗ്ദ്ധർ സൂചിപ്പിച്ചു. പ്രതിസ്ഥാനത്ത് ആകുന്നതിനും രാജ്യാന്തര തലത്തിൽ അപലപിക്കപ്പെടുന്നതിനുമുള്ള സാധ്യതകൾ കുറയ്ക്കുമെന്നത് ഇത്തരം കൂടുതൽ ആക്രമണങ്ങൾ നടത്താൻ പാക്കിസ്ഥാനെ പ്രേരിപ്പിക്കുമെന്നും വിലയിരുത്തലുണ്ട്.

ജമ്മു സൈനിക വിമാനത്താവളത്തിൽ സ്‌ഫോടനം ഉണ്ടായതിന് ഏതാനും മീറ്റർ മാറിയാണു ഹെലികോപ്റ്ററുകൾ പാർക്ക് ചെയ്തിരുന്ന ഹാങ്ങർ. ഈ ഹാങ്ങറിനെ ലക്ഷ്യമിട്ടിട്ടുണ്ടാവാമെങ്കിലും ഡ്രോണുകളെ നിയന്ത്രിക്കുന്ന ജിപിഎസിലെ (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) തകരാർ മൂലമാകും സ്‌ഫോടനം ഉണ്ടാകാതെ പോയതെന്നാണു പ്രതിരോധ വിദഗ്ധരുടെ അനുമാനം. നിയന്ത്രണ രേഖയിലുടനീളം ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്താൻ ലഷ്‌കറെ തയിബ ചെറു ഡ്രോണുകൾ 2018 മുതൽ ഉപയോഗിച്ചിരുന്നതായി വാർത്താ വെബ്‌സൈറ്റായ മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.

ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഇറാഖിലും സിറിയയിലും സാധാരണമാണ്. ഈയിടെ ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടന്നത് 2019 സെപ്റ്റംബർ 14നാണ്. സൗദിയിലെ രണ്ടു പ്രധാന സൗദി അരാംകോ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുകയും രാജ്യത്തെ ബഹുഭൂരിപക്ഷം ക്രൂഡ് ഉൽപാദനവും അനുബന്ധ സൗകര്യങ്ങളും നശിപ്പിക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തിരുന്നു. പുതിയ സാഹചര്യത്തിൽ ഡ്രോൺ വിരുദ്ധ സാങ്കേതികവിദ്യ വൻതോതിൽ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ജമ്മുവിലെ ഇരട്ട സ്‌ഫോടനം അവിടെ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്നും വിലയിരുത്തലുണ്ട്. ഭീകരാക്രമണത്തിൽ പ്രഥമമായും പാക്കിസ്ഥാനെ സംശയിക്കണമെന്നു കേണൽ ശൈലേന്ദ്ര സിങ് റിപ്പബ്ലിക് ടിവിയോടു പ്രതികരിച്ചു. 'വ്യോമാക്രമണത്തിനുള്ള സാധ്യത തള്ളുന്നു. കാരണം ഭീകരരിലൂടെ പോലും പാക്കിസ്ഥാൻ അതു ചെയ്യുമെന്നു കരുതുന്നില്ല. ഡ്രോൺ ആക്രമണത്തിനാണു സാധ്യത കൂടുതൽ. ഒരു ഡ്രോണിന് 5-10 കിലോഗ്രാം ഭാരം എടുക്കാൻ കഴിയും' അദ്ദേഹം പറഞ്ഞു.

ഉഗ്രശേഷിയുള്ള ഐഇഡി വഹിക്കുന്ന നിയന്ത്രിത ഡ്രോൺ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഭാഗമായ കംപ്യൂട്ടർ എൻജിനീയർ സൈഫുൽ ഹഖെ സുജാൻ 2014ൽ വികസിപ്പിച്ചിരുന്നു. സുജാന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചു ഭീകരർ ഇവിടെ യഥാർഥ ആക്രമണം നടത്തുന്നത് ഇതാദ്യമാണെന്നാണു റിപ്പോർട്ട്.

ഡ്രോണുകളുടെ പാത കണ്ടെത്തുന്നതിനു സാങ്കേതിക മാർഗങ്ങൾ നിലവിലുണ്ട്. പ്രത്യേകിച്ചും ജിപിഎസ് മാർഗനിർദ്ദേശം ഉള്ളവയാണെങ്കിൽ. എന്നാൽ ഇന്ത്യൻ അതിർത്തിയിൽ ഒളിവിലുള്ള ഭീകരരാണു ഡ്രോൺ അയച്ചത് എന്നുവന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു പാക്കിസ്ഥാന് എളുപ്പം കയ്യൊഴിയാനാകും.

സഹോദരൻ അതൗൾ ഹഖ് സോബുജ്, ബിസിനസ് പങ്കാളി അബ്ദുൾ സമദ് എന്നിവർക്കൊപ്പമാണ് 2014ൽ ഡ്രോൺ ഘടകങ്ങൾ സുജാൻ ശേഖരിച്ചു തുടങ്ങിയത്. ഇവ വാങ്ങുന്നതിനായി യുകെ, യുഎസ്, സ്‌പെയിൻ എന്നിവിടങ്ങളിൽ വരെ പ്രവർത്തിക്കുന്ന മുൻനിര കമ്പനികളുടെ ശൃംഖല ഉപയോഗിക്കുകയും ഓൺലൈൻ പേമെന്റുകൾ നടത്തുകയും ചെയ്തു. സുജാന്റെ ഡ്രോണുകളുടെ ആദ്യകാല പതിപ്പുകൾക്കു കൈകൊണ്ടു പ്രയോഗിക്കുന്ന ഗ്രനേഡുകൾ വഹിക്കാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളൂ.

നാൾക്കുനാൾ അവയുടെ പേലോഡ് വർധിപ്പിച്ചു. ലഹോറിൽ ജനിച്ചു മേരിലാൻഡിൽ താമസിക്കുന്ന അലി ആസാദ് ചാന്ദിയ, ലഷ്‌കറിനായി ഡ്രോണുകൾ, രാത്രിക്കാഴ്ചാ ഉപകരണങ്ങൾ, വയർലസ് വിഡിയോ ക്യാമറകൾ എന്നിവ വാങ്ങാൻ സഹായിച്ചതായി 2003ൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കണ്ടെത്തിയിരുന്നു. ആ ഡ്രോണുകൾ കൂടുതലും നുഴഞ്ഞുകയറ്റ മാർഗങ്ങൾ നിരീക്ഷിക്കുന്നതിന് ഉദ്ദേശിച്ചുള്ളതായിരുന്നു.

ആയുധക്കടത്തിന് അതിനെ ഉപയോഗിക്കാനാകില്ലെന്നുമായിരുന്നു നിഗമനം. സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ വളരെ ചെലവ് കുറഞ്ഞ അത്യാധുനിക ഡ്രോണുകൾ ഭീകര സംഘങ്ങൾക്കു കിട്ടിത്തുടങ്ങി. സാധ്യമായതിൽ ഏറ്റവും വിലക്കുറവിൽ വിനാശകാരിയായ ഡ്രോൺ നിർമ്മിക്കുന്ന പരീക്ഷണം വിജയമാണെന്നു മുൻ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥൻ മാർക് ജേക്കബ്‌സൺ 2016ൽ പറഞ്ഞിരുന്നു.

'ഫോം ബോർഡ്, പാക്കിങ് ടേപ്പ്, ചൂടുള്ള പശ എന്നിവയും 250 ഡോളറിനു കിട്ടുന്ന വിലകുറഞ്ഞ ചൈനീസ് ഘടകങ്ങളും ചേർത്താണു ഡ്രോൺ നിർമ്മിച്ചത്. കാണാൻ വൃത്തിയില്ലെങ്കിലും 6 മുതൽ 12 മൈൽ വരെ ദൂരം രണ്ടു പൗണ്ട് (1 കിലോ) സാധനം എത്തിക്കാൻ ഇതിനാവും' ജേക്കബ്‌സൺ വെളിപ്പെടുത്തി. പാക്ക് അതിർത്തിയിൽനിന്ന് 1416 കിലോമീറ്റർ അകലെയാണു ജമ്മു വിമാനത്താവളം എന്നതു ജേക്കബ്‌സണിന്റെ വാക്കുകളെ സാധൂകരിക്കുന്നു.

സൈനിക റഡാർ ഉപയോഗിച്ചു കണ്ടെത്താൻ കഴിയാത്തത്ര ചെറുതാണു ഡ്രോണുകൾ എന്നതാണ് അവയുടെ പ്രധാന്യവും ആശങ്കയും കൂട്ടുന്നത്. വലുതും പരമ്പരാഗതവുമായ വിമാനങ്ങളും മിസൈലുകളും കണ്ടെത്താൻ രൂപകൽപന ചെയ്തിട്ടുള്ളതാണു നിലവിലെ മിക്ക റഡാറുകളും. ഡ്രോണുകൾക്കെതിരെ അതിർത്തിയിൽ ഫലപ്രദമായ പ്രതിരോധങ്ങളില്ലെന്നാണു സൈനിക വിദഗ്ദ്ധർ പറയുന്നത്.

തീവ്രതയും നാശനഷ്ടവും കണക്കിലെടുക്കുമ്പോൾ ജമ്മു വിമാനത്താവള ആക്രമണം ചെറുതായിരിക്കാം. എന്നാൽ ഇതു രാജ്യത്തിന്റെ സുരക്ഷയ്ക്കു പുതിയ വെല്ലുവിളിയായി ഉയരുകയാണെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. 'രാജ്യ സുരക്ഷയ്ക്കായി മറ്റൊരു അധ്യായം തുറക്കേണ്ടിയിരിക്കുന്നു. ഡ്രോണിലെ സാങ്കേതികവിദ്യ വിലകുറഞ്ഞതും എളുപ്പം ലഭ്യമാകുന്നതുമാണ്. കുറച്ചു പണമുള്ള ആർക്കും സ്വന്തമാക്കാനും ഉപയോഗിക്കാനും കഴിയും' ഇന്ത്യൻ സൈന്യത്തിലെ ഗ്രൂപ്പ് ക്യാപ്റ്റൻ (റിട്ട.) കിഷോർ കുമാർ ഖേര അഭിപ്രായപ്പെട്ടു.

മുൻ യുദ്ധവിമാന പൈലറ്റും എഴുത്തുകാരനും ഏവിയേഷൻ അനലിസ്റ്റുമാണു ഖേര. 33 വർഷം വ്യോമസേനയിൽ പൈലറ്റായി സേവനമനുഷ്ഠിച്ച ഖേര, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിൽ റിസർച്ച് ഫെലോ ആയിരുന്നു. ഇ-കൊമേഴ്സ് കമ്പനികൾ ഉൽപന്നങ്ങൾ എത്തിക്കാൻ ഡ്രോണുകളിൽ ഉപയോഗിക്കുന്ന സാങ്കേതികത തന്നെയാണിത്. ഈ സാങ്കേതികവിദ്യയുടെ വ്യാപനം കുറ്റകൃത്യങ്ങൾ കൂട്ടും ഖേര പറഞ്ഞു.

മുൻപും അതിർത്തിയിൽ ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ട്. അതിർത്തി സുരക്ഷാസേന (ബിഎസ്എഫ്) കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചിലതു വെടിവച്ചിടാറുമുണ്ട്. ആ ഡ്രോണുകൾ ആയുധങ്ങളും ലഹരിമരുന്നും കടത്തുന്നതിനുള്ളതായിരുന്നു. 2020 ജൂൺ 20ന് ജമ്മുവിലെ കഠ്വ ജില്ലയിൽ ചാരപ്രവർത്തനത്തിന് ഉപയോഗിച്ച ഡ്രോൺ ബിഎസ്എഫ് വെടിവച്ചു വീഴ്‌ത്തി. സെപ്റ്റംബറിൽ ജമ്മുവിലെ അഖ്നൂർ മേഖലയിലെ ഗ്രാമത്തിൽ ഡ്രോണുകളിൽനിന്ന് ആയുധങ്ങൾ ഇറക്കിയതായി ജമ്മു കശ്മീർ പൊലീസ് കണ്ടെത്തിയിരുന്നു.

'ജമ്മു എയർഫീൽഡിലെ രണ്ടു സ്‌ഫോടനങ്ങളിലും പേലോഡുള്ള ഡ്രോണിൽനിന്നു സ്‌ഫോടക വസ്തുക്കൾ വർഷിച്ചതായി സംശയിക്കുന്നു. 5-6 കിലോഗ്രാം ഭാരമുള്ള മറ്റൊരു ഐഇഡി ജമ്മു പൊലീസ് കണ്ടെടുത്തിട്ടുണ്ട്' ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു. സംഭവം ഗുരുതരമാണെന്നും അതീവ ഗൗരവത്തോടെയാണു കാണുന്നതെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

'ഇതു വളരെ വലിയ ആശങ്കയാണ്. സുരക്ഷാ തന്ത്രങ്ങളും സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കണമെന്നു സൈനികനെന്ന നിലയിൽ എനിക്കു പറയാൻ കഴിയും' ജമ്മു വിമാനത്താവളത്തിന്റെ സാങ്കേതിക മേഖലയെ ഉന്നമിട്ടുള്ള ആക്രമണത്തെക്കുറിച്ചു ശൈലേന്ദ്ര സിങ് വിശദീകരിച്ചു. ഇന്ത്യയുടെ തിരിച്ചടി ഭീകരർക്കും പാക്കിസ്ഥാനും താങ്ങാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സ്‌ഫോടനത്തിന്റെ സമയവും ഏറെ പ്രധാനപ്പെട്ടതാണ്. ജമ്മു കശ്മീർ വിഷയത്തിൽ സഖ്യകക്ഷി യോഗത്തിനു മുന്നോടിയായി, കശ്മീരിനെ 'ഭിന്നിപ്പിക്കാനോ' മാറ്റാനോ ഇന്ത്യ നടത്തുന്ന ഏതു നീക്കത്തെയും എതിർക്കുമെന്നു ജൂൺ 20ന് പാക്കിസ്ഥാൻ മുന്നറിയിപ്പു നൽകിയിരുന്നു. പിന്നാലെ, ജൂൺ 23ന് ഹാഫിസ് സയീദിന്റെ വസതിക്കു സമീപം ലഹോറിലെ റസിഡൻഷ്യൽ ഏരിയയിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 17 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നരേന്ദ്ര മോദി സർക്കാർ റദ്ദാക്കിയതിനെതിരെ പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു.