ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് ആവർത്തിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സുശാന്ത് മരിച്ച ജൂൺ 14 ന് ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലഹരിമരുന്ന് മാഫിയ ഡീലർ അയാഷ് ഖാൻ സുശാന്ത് സിങ് രാജ്പുത്തിനെ സന്ദർശിച്ചിരുന്നതായി സുബ്രഹമണ്യൻ സ്വാമി ആരോപിക്കുന്നു. ട്വിറ്ററിലൂടെയാണ് സ്വാമി പുതിയ വെളിപ്പെടുത്തൽ നടത്തിയത്. സുശാന്ത് സിങ്ങ് രാജ്പുത്തിന്റെ മരണം കൊലപാതകമാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതിന് പല കാരണങ്ങൾ ഉണ്ട്. സുശാന്തിന്റെ കഴുത്തിലുള്ള പാട് ആത്മഹത്യ ചെയ്തപ്പോൾ സംഭവിച്ചതല്ല. സാഹചര്യ തെളിവുകൾ കൊലപാതകത്തിലാണ് വിരൽ ചൂണ്ടുന്നതെന്നും സുബ്രഹമണ്യൻ സ്വാമി നേരത്തെ തന്നെ ആരോപിച്ചിരുന്നു.

തന്റെ വാദം ശരിയാണെന്ന് രേഖകളിൽ വ്യക്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സുശാന്ത് സിങ് രജപുത്തിന്റേതുകൊലപാതകമാണെന്ന് താൻ എന്തുകൊണ്ട് വിശ്വസിക്കുന്നു എന്ന അടിക്കുറിപ്പോടെ ഒരു റിപ്പോർട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്ത റിപ്പോർട്ട് പ്രകാരം സുശാന്തിന്റെ കഴുത്തിലുള്ള അടയാളം ആത്മഹത്യ ചെയ്തപ്പോൾ സംഭവിച്ചതല്ല. മറിച്ച് കൊലപാതകത്തിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. ആത്മഹത്യയായിരുന്നെങ്കിൽ കാലിന് താഴെയുള്ള മേശ മാറ്റേണ്ടതായിരുന്നെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ അടയാളങ്ങളുണ്ടെന്നും ഈ റിപ്പോർട്ടിലുണ്ട്.

സുശാന്ത് സിങ് ലഹരി മരുന്ന് ധാരാളമായി ഉപയോഗിച്ചിരുന്നതായി സഹായി നീരജ് സിങ് പൊലീസിന് മൊഴി നൽകിയിരുന്നു. ലഹരി മരുന്നും മദ്യവും യഥേഷ്ടം ഉപയോഗിച്ചിരുന്നതായും ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം വീട്ടിൽ പാർട്ടി നടത്തിയിരുന്നതായും നീരജ് മൊഴി നൽകിയിരുന്നു. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്ക് സുശാന്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടു പോയ കൂപ്പർ ആശുപത്രി മോർച്ചറിയിൽ അനധികൃത പ്രവേശനം അനുവദിച്ചതായി നിരവധി പരാതികൾ ഉണ്ടായിരുന്നു. കർണി സേന അനുയായി സുർജിത് സിങ്ങാണ് റിയയെ മോർച്ചറിയിൽ പ്രവേശിപ്പിക്കാൻ അധികൃതരോട് അഭ്യർഥിച്ചത്. മോർച്ചറിയിൽ 45 മിനിറ്റ് സമയത്തേക്ക് പ്രവേശനം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

റിയ സുശാന്തിന്റെ മൃതദേഹം സ്പർശിച്ച് ‘ക്ഷമിക്കണം, ബാബു' എന്ന് പറഞ്ഞതായി സുർജിത് വെളിപ്പെടുത്തിയിരുന്നു. അന്നേദിവസം സുശാന്തിന്റെ സുഹൃത്ത് സന്ദീപ് സിങ്ങിന് ദുബായിൽ നിന്ന് ഒരു കോൾ ലഭിച്ചതായി സുർജിത് ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് കേസിലെ ദുബായ് ബന്ധം അന്വേഷിക്കാൻ സിബിഐ തീരുമാനിച്ചിരുന്നു. കർണി സേന അനുയായി സുർജിത് സിങ്ങിന്റെ വെളിപ്പെടുത്തലുകളോടെയാണ് ആദ്യമായി കേസിൽ ദുബായ് ബന്ധം ഉയർന്നു വന്നത്.