തിരുവനന്തപുരം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ദുൽഖർ സൽമാൻ നായകനായെത്തിയ കുറുപ്പ് തിയറ്ററുകളിൽ എത്തി. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽഖറെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ഓരോഭാ?ഗത്തു നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾക്കും, സിനിമയുടെ അണിയറ പ്രവർത്തകർക്കും നന്ദി പറയുകയാണ് ദുൽഖർ.

ദുൽഖറിന്റെ വാക്കുകൾ

നിങ്ങൾ ഓരോരുത്തരുടെയും സ്നേഹത്തിന് നന്ദി. സ്വീകരണത്തിന്, അഭിപ്രായങ്ങൾക്ക്, പ്രതികരണത്തിനും ആകാംക്ഷക്കും നന്ദി. സിനിമകൾ വീണ്ടും തീയേറ്ററിൽ എത്തിയതിന്റെ ആഘോഷം. ചിത്രത്തോടുള്ള സ്നേഹത്തിനും പ്രതിബദ്ധതക്കും കുറുപ്പിന്റെ എല്ലാ അണിയറപ്രവർത്തകർക്കും നന്ദി. നിങ്ങൾ ഓരോരുത്തരുമാണ് ഈ സിനിമയെ ഇന്നത്തെ നിലയിലേക്കുയർത്തിയത്. അവസാനമായി ഞങ്ങളുടെ കുഞ്ഞിനെ പിന്തുണച്ചതിന്, സിനിമയെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനും സ്നേഹം

ദുൽഖറിന്റെ അരങ്ങേറ്റചിത്രമായിരുന്ന സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് ഈ ചിത്രത്തിന്റെയും സംവിധായകൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തിയത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറായിരുന്നു ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുക ആയിരുന്നു.