കൊല്ലം: ഉത്രകൊലക്കേസിൽ ഭർത്താവ് സൂരജ് മുർഖനെ കൊണ്ട് കടിപ്പിക്കുന്നതിന്റെ ഡമ്മി പരീക്ഷണം പൊലീസിന്റെ അന്വേഷണത്തിൽ നിർണായക തെളിവായി മാറിയിരിക്കുകയാണ്. ഭർത്താവ് സൂരജിനെ സംശയലേശമെന്യേ കുടുക്കുന്നതായിരുന്നും ഡമ്മി പരീക്ഷണം. ഡമ്മിപരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ മറുനാടൻ പുറത്തുവിടുകയാണ്. കേസ്സിലെ പ്രധാന സാക്ഷിയും മഹീന്ദ്രാ വൈൽഡ്‌ലൈഫ് ഫൗണ്ടേഷൻ ചെയർമാനുമായ കാസർഗോഡ് സ്വദേശി മാവീഷാണ് വിവരങ്ങൾ മറുനാടനുമായി പങ്കിട്ടത്.

ആദ്യമായിട്ടാണ് കേസ്സിൽ ഏറ്റവും നിർണ്ണായകമെന്ന് പൊലീസ് വിശേഷിപ്പിച്ചിട്ടുള്ള ഡമ്മിപരീക്ഷണ വിവരങ്ങൾ ആധികാരിക കേന്ദ്രത്തിൽ നിന്നും ലഭ്യമാവുന്നത്. മാവീഷ് വെളിപ്പെടുത്തിയ വിവരങ്ങൾ എല്ലാം പൂർണ്ണമായി ശരിയാണെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്ത് ഇത്തരത്തിൽ നടക്കുന്ന ആദ്യത്തെ ഡമ്മിപരീക്ഷണമാണ് ഉത്ര കൊലക്കേസ്സിനായി ആവിഷ്‌കരിച്ചത്.

വനംവകുപ്പിന്റെ അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചയുടെ ഇടവേളയിൽ രണ്ട് ഘട്ടമായിട്ടാണ് ഡമ്മിപരീക്ഷണം നടത്തിയത്. ഇതിനായി ബെഡ്റും സെറ്റിട്ടെന്നും മണിക്കൂറോളം നീണ്ട പരീക്ഷണത്തിൽ സൂരജിന്റെ ഇടപെടൽ സാക്ഷികളായവർക്ക് കൃത്യമായി ബോദ്ധ്യപ്പെട്ടെന്നും മാവീഷ് വെളിപ്പെടുത്തി.

മാവീഷിന്റെ വിവരണം ഇങ്ങനെ:

രാത്രി എട്ടുമണിയോടെ നാല് മൂർഖൻ പാമ്പുകളുമായിട്ടാണ് പരീക്ഷണത്തിനായി എത്തിയത്. അഞ്ചലിലും പരിസരപ്രദേശങ്ങളിൽ നിന്നും പിടിച്ച പാമ്പുകളായിരുന്നു ഇവ. അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന കൊല്ലം എസ് പി ഹരിശങ്കർ, സംഘാംഗങ്ങളായ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അശോകൻ ഏ സി എഫ് അൻവർ ,പുനലൂർ തഹസീൽദാർ എന്നിവരാണ് പരീക്ഷണത്തിന് സാക്ഷികളായവരിൽ പ്രമുഖർ.

തുണിക്കടകളിൽ കാണാറുള്ള സ്്ത്രീകളുടെ ബൊമ്മകളിൽ ഒന്നാണ് ഉത്രയുടെ രൂപത്തിനായി പ്രയോജനപ്പെടുത്തിയത്. ഉത്രയ്ക്ക് പാമ്പുകടിയേറ്റ മുറി പൂർണ്ണരൂപത്തിൽ തയ്യാറാക്കുകയായിരുന്നു ആദ്യപരിപാടി. പിന്നെ ഉത്ര കിടന്നിരുന്നപോലെ ബൊമ്മയെ ബെഡിൽ കിടത്തി. കൈയിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു.

തുടർന്ന് ഒന്നര മീറ്ററിൽ അധികം നീളമുണ്ടായിരുന്ന രണ്ട് മൂർഖൻ പാമ്പുകളെ പുറത്തെടുത്തു. ഉത്രയുടെ കൈയിൽ മുറിവ് കണ്ടെത്തിയ ഭാഗത്ത് കടിക്കത്തക്കവിധം ഇവയെ താഴേയ്ക്കിട്ടു. എന്നാൽ ഇവ കടിച്ചില്ല. ഇഴഞ്ഞ് നീങ്ങി മുറിയിലെ അലമാരിയുടെ അടിയിലേയ്ക്ക് ഒളിച്ചു.പിന്നെ ഇവയെ എടുത്തുകൊണ്ടുവന്ന് ഏറെ നേരെ പ്രകോപിപിച്ച് രംഗം വീണ്ടും ആവർത്തിച്ചപ്പോൾ 2 തവണ കടിച്ചു.

ഈയവസരത്തിൽ മുറിപ്പാടുകൾ തമ്മിലുള്ള അകലം 1.8 സെന്റിമീറ്ററിൽ താഴെയായിരുന്നു. പിന്നീട് വായ്തുറന്ന നിലയിലായ മൂർഖന്റെ തലയിൽ കൈവിരൽ അമർത്തി കടിപ്പിച്ചപ്പോൾ മുറിപ്പാടുകളുടെ ദൂരത്തിൽ മാറ്റം പ്രകടമായി. ആദ്യത്തെ കടിയിൽ മുറിപ്പാടിന്റെ ദൂരം 2.1 സെന്റീമീറ്ററും രണ്ടാമത്തേത് 2.4 സെന്റീമീറ്ററുമായിരുന്നും മുറിപ്പാടുകളുടെ അകലം.

ഇന്ത്യയിൽ മൂർഖൻ പാമ്പുകളുടെ സ്വാഭാവിക രീതിയിലുള്ള കടിയിൽ ഇതുവരെ റിപ്പോർട്ടുചെയ്യപ്പെട്ട ഏറ്റവും വലിയ ബൈറ്റ് മാർക്ക്(മുറിപ്പാട്) 2 സെന്റീമീറ്റർ മാത്രമാണ്. പാമ്പിന്റെ തലയിൽ അമർത്തിയാണ് ഉത്രയെ കടിപ്പിച്ചതെന്ന് ഇതോടെ പരീക്ഷണത്തിന് സാക്ഷികളായിരുന്നവക്ക് ബോദ്ധ്യമായി.

പൊലീസ് ഏർപ്പെടുത്തിയ വീഡിയോഗ്രാഫർ എല്ലാം വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. മൂർഖനെ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് രണ്ട് അണലികളെ ഉയോഗിച്ചും ഇത്തരത്തിൽ പരീക്ഷണം നടത്തി. ബെഡിൽക്കിടത്തിയിരുന്ന ബൊമ്മയുടെ കാൽ അനക്കിയപ്പോൾ അണലി കടിച്ചു. അണലിയെ ബെഡിൽ കൊണ്ടിട്ടതാണ് ആദ്യം കടിയേൽക്കാൻ കാരണമെന്ന് ഇതിലൂടെ വ്യക്തമായി.

പുലർച്ചെ 2 മണിയോടെ പരീക്ഷണം സംബന്ധിച്ച അന്തിമ റിപ്പോർട്ടും തയ്യാറാക്കിയാണ് അവിടെ നിന്നും മടങ്ങിയത്.മാവീഷ് വ്യക്തമാക്കി.മുറിപ്പാടുകൾ തമ്മിലുള്ള അകലമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി പ്രാഗത്ഭ്യമുള്ള ഒരാളുടെ സേവനം വിട്ടതരണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. താമസിയാതെ തന്നെ ഇക്കാര്യത്തിൽ മാവീഷിനെ ചുമതപ്പെടുത്തിക്കൊണ്ട് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി.

സംഭവത്തിൽ ഒരു വിദഗ്ധ സമിതി രൂപീകരിച്ചായിരുന്നു അന്വേഷണസംഘത്തിന്റെ പിന്നീടുള്ള പ്രവർത്തനം. ഉത്രയുടെ മൃതദ്ദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ ഡോ.ശശികല, മൂർഖന്റെ ജഡം പോസ്റ്റുമോർട്ടം ചെയ്ത വെറ്റനറി സർജ്ജൻ ഡോ.കിഷോർ, വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഏ സി എഫ് അൻവർ, മാവീഷ് തുടങ്ങിയവരായിരുന്നു സമിതിയിലെ അംഗങ്ങൾ.

സൂരജിന്റെ വീട്ടിലും ഉത്രയുടെ വീട്ടിലും നടത്തിയ പരിശോധനകളിൽ പാമ്പ് വീടിനുള്ളിൽ സ്വമേധയാ എത്തുന്നതിനുള്ള സാഹചര്യമില്ലന്ന് സ്ഥിരീകരിച്ചു. തുടർന്ന് വിദഗ്ധസിമതി ഇക്കാര്യം അന്വേഷണ സംഘത്തെ ബോദ്ധ്യപ്പെടുത്തി. തുടർന്ന് മാവീഷ് തന്നെയാണ് ഡമ്മീപരീക്ഷണത്തിന്റെ ആവശ്യകത പൊലീസിന് മുമ്പാകെ അവതരിപ്പിച്ചത്. തുടർന്ന് ഡി ജി പി ലോക്നാഥ് ബഹറയുടെ അനുമതിയോടെയാണ് പൊലീസിന്റെ ചരിത്രത്തിലെ ഇത്തരത്തിൽപ്പെട്ട ആദ്യത്തെ ഡമ്മീപരീക്ഷണത്തിന് തയ്യാറെടുപ്പുകൾ ആരംഭിച്ചത്.

മാവീഷിന് 9 വയസ്സുമുതൽ പാമ്പകളെ അടുത്തറിയാം. പിതാവ് മഹേന്ദ്ര നടത്തിയരുന്ന സർപ്പയജ്ഞങ്ങളിൽ 4 ാം ക്ലാസ്സിൽ പഠി്ക്കുമ്പോൾ മുതൽ പങ്കെടുത്തിട്ടുണ്ട്. വേനൽക്കാല അവധി സമയങ്ങളിൽ വിദേശ രാജ്യങ്ങളിലും രാജ്യത്തിന്റെ പലഭാഗങ്ങളിലുമായി നടന്ന പിതാവിന്റെ സർപ്പയജ്ഞപരിപാടികളിൽ പങ്കാളിയായിട്ടുണ്ട്.

വളർന്നപ്പോൾ പക്ഷിമൃഗാദികളെ എല്ലാം ഇഷ്ടപ്പെടാൻ തുടങ്ങി. പഠനവും ആ വഴിക്കായി. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ എൻവെയോൺയ്‌മെന്റ് സയൻസിൽ ഒരുവർഷം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിട്ടുമുണ്ട്. നേപ്പാളിലും ഗൾഫിലും ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള ജോലികൾ ചെയ്തിട്ടുമുണ്ട്. വനംവകുപ്പിന് കീഴിൽ പാമ്പുപിടുത്തത്തിന് ലൈസൻസ് നേടിയവരിൽ വലിയൊരുവിഭാഗത്തിന് പാമ്പുപിടുത്തത്തിൽ പരിശീലനം നൽകിയതും മാവീഷാണ്.

വിഷപാമ്പുകളുമായി ഇടപഴകാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങളായിട്ടും ഇതുവരെ കടിയേൽക്കാത്ത പ്രവർത്തിപരിചയവും ഡമ്മിപരീക്ഷണത്തിന്റെ ചുമതല മാവീഷിന്റെ ചുമലിൽ വന്നുചേരാൻ കാരണമായി, വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്ന പൊലീസ് തിയറിയാണ് ഡമ്മിപരീക്ഷണത്തിലൂടെ പൊലീസ് സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരുഡമ്മീപരീക്ഷണം നടക്കുന്നത്.കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നുവരുന്നത്.കഴിഞ്ഞ ഓഗസ്റ്റിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ഉത്രയെ ഭർത്താവ് സൂരജ് മൂർഖനെകൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.കൊല്ലം എസ് പി യായിരുന്ന എസ് ഹരിശങ്കറിന്റെ മേൽനോട്ടത്തിലായിരുന്നു കേസന്വേഷണം.180-ൽപ്പരം സാക്ഷികളുള്ള കേസ്സിൽ ഇതുവരെ 18 സാക്ഷികളുടെ വിസ്താരം പൂർത്തിയായിട്ടുണ്ട്.