ദോഹ: തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ വിദ്വേഷ പരാമർശങ്ങൾ നടത്തിയ മുൻ മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോ-ഓർഡിനേറ്റർ ദുർഗാദാസ് ശിശുപാലനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.പരാമർശത്തിൽ പ്രതിഷേധം കനത്തതിന് പിന്നാലെ ദുർഗാദാസിനെ, ഖത്തറിലെ മലയാളം മിഷൻ ചാപ്റ്റർ കോ-ഓർഡിനേറ്റർ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.ഇതിന് തൊട്ടുപിന്നാലെയാണ്് ഇപ്പോൾ കമ്പനി അധികൃതരുടെ നടപടി.

ദോഹയിലെ നാരങ് പ്രൊജക്ട്‌സ് എന്ന സ്ഥാപനമാണ് തങ്ങൾക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റായ ദുർഗാദാസിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പി.സി ജോർജ് വിദ്വേഷ പ്രസ്താവന നടത്തിയ അതേ സമ്മേളനത്തിൽ വച്ചായിരുന്നു, സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷനിൽ ഔദ്യോഗിക ചുമതല വഹിച്ചിരുന്ന ദുർഗാദാസിന്റെയും ചോദ്യം. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ ഉൾപ്പെടെയുള്ള പ്രവാസികളെയും മറ്റും മോശമായി ചിത്രീകരിച്ച് നടത്തിയ പരാമർശത്തിനെതിരെ വ്യാപക പരാതികളാണ് ഉയർന്നത്.

'ഗൾഫ് രാജ്യങ്ങളിലാണ് ഇന്ത്യയേക്കാൾ കൂടുതൽ മതപരിവർത്തനം നടക്കുന്നത്. നമുക്ക് അവിടെ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ഞാൻ ഗൾഫ് നാട്ടിൽ നിന്നാണ് വരുന്നത്. നഴ്‌സ് റിക്രൂട്ടിങ് എന്ന പേരിൽ തീവ്രവാദികളുടെ ലൈംഗിക സേവയ്ക്ക് കൊണ്ടുപോകുന്നുവെന്ന് അറിയാൻ കഴിഞ്ഞു. അതിനെ തടയാൻ നടപടിയോ മറ്റോ ഇവിടെ നിന്ന് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ' എന്നായിരുന്നു ദുർഗാദാസിന്റെ ചോദ്യം.

മലയാളം മിഷൻ കോ-ഓർഡിനേറ്ററുടെ പ്രസ്താവന ആതുര സേവന രംഗത്ത് സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ നഴ്‌സുമാരെ വേദനിപ്പിക്കുന്നതാണെന്ന് നഴ്‌സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ - ഖത്തർ ആരോപിച്ചു. നഴ്‌സുമാരുടെ മറ്റൊരു സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഇൻ ഖത്തറും പ്രസ്താവനയെ അപലപിച്ചു.

ഖത്തർ ഇൻകാസ്, ഐഎംസിസി, യൂത്ത് ഫോറം ഖത്തർ എന്നിങ്ങനെയുള്ള വിവിധ പ്രവാസി സംഘടനകളും പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിയും ഖത്തറിലെ ഇന്ത്യൻ അംബാസഡറും ഉൾപ്പെടെയുള്ളവർക്ക് പരാതികൾ അയക്കുകയും ചെയ്തു.