കൊച്ചി: കിറ്റെക്സ് കമ്പനിയിൽ നിരന്തരം പരിശോധനകൾ നടത്തി സംസ്ഥാന സർക്കാർ രാഷ്ട്രീയമായി പകവീട്ടുകയാമെന്ന സാബു ജേക്കബിന്റെ ആരോപണത്തിന് മറുപടിയുമായി ഡിവൈഎഫ്ഐ. കിറ്റെക്സിൽ ഒരു ഘട്ടത്തിൽപ്പോലും രാഷ്ട്രീയ വേട്ടയാടൽ നടന്നിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. രാഷ്ട്രീയത്തയും വ്യവസായത്തേയും രണ്ടായി കാണുന്ന സർക്കാരാണ് ഇവിടെയുള്ളത്. കിറ്റെക്സ് കമ്പനിയിലെ തൊഴിൽ ചൂഷണം കൃത്യമായി പരിശോധിക്കപ്പെടേണ്ട വിഷയം തന്നെയാണെന്നും റഹീം കൂട്ടിച്ചേർത്തു.

കിറ്റെക്സ് വിഷയത്തിൽ മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാടെന്നും വിഷയത്തിൽ സർക്കാർ സമീപനം പോസിറ്റീവാണെന്നും വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചിരുന്നു. ഒരു സ്ഥാപനത്തിലും തെറ്റായ രീതിയിൽ സർക്കാർ ഇടപെടൽ നടത്തില്ല. സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കിൽ മാത്രം ഇത്തരം തീരുമാനം എടുത്താൽ മതിയായിരുന്നെന്നും രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

നാടിന് ക്ഷീണം ഉണ്ടാകുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും പി രാജീവ് വ്യക്തമാക്കി. ''കിറ്റെക്സ് മാനേജ്മെന്റിനെ 28ന് തന്നെ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാൽ എപ്പോഴും തിരക്കാണ്. അതിനാൽ സഹോദരൻ ബോബി ജേക്കബുമായി സംസാരിച്ചിരുന്നു. നാടിനു അപകീർത്തിപരമായ രീതിയിൽ പോകണോയെന്ന് അവർ തീരുമാനിക്കേണ്ടതായിരുന്നു. കിറ്റെക്സിന് കെ സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടോ. അവർ നന്നായി കാര്യങ്ങൾ പറയാൻ അറിയാവുന്നവർ ആണ്. സർക്കാർ നടപടികൾ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ അല്ല. വിഷയത്തെ 20-20യുമായി കൂട്ടി കലർത്തേണ്ട കാര്യം ഇല്ല.'' നിയമസഭാ തെരഞ്ഞെടുപ്പിൽ അവർ മത്സരിച്ചതുകൊണ്ട് എൽഡിഎഫിന് ഒന്നും നഷ്ടപ്പെട്ടില്ലെന്നും പി രാജീവ് പറഞ്ഞു. നടന്നത് എന്തെന്ന് പരിശോധിക്കുമെന്നും പ്രശ്നം ഗൗരവമായി കാണുമെന്നും രാജീവ് പറഞ്ഞു. 3500 കോടി പദ്ധതിയുമായി ഇനി കിറ്റെക്സ് വന്നാലും സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.