തിരുവനന്തപുരം: നെയ്യാർഡാം എസ് ഐ ക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഡി വൈ എസ് പിക്ക് അയച്ചുകൊടുത്ത പരാതി നെയ്യാർഡാം എസ് ഐ ക്ക് തന്നെ അന്വേഷണത്തിന് നൽകിയ നെടുമങ്ങാട് ഡി വൈ എസ് പിക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷൻ രംഗത്തെത്തിയത്.

നെടുമങ്ങാട് ഡി വൈ എസ് പി ഗൗരവത്തോടെയല്ല കാര്യങ്ങളെ സമീപിക്കുന്നതെന്നും ഇത്തരം നടപടികളിൽ നിന്ന് വ്യക്തമാകുന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമില്ലായ്മയാണെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. ഭാവിയിൽ ഇത്തരം പോരായ്മകൾ ഉണ്ടാകാതിരിക്കാൻ കാര്യങ്ങൾ ഗൗരവത്തിൽ ഉൾക്കൊള്ളാൻ ശ്രമിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എസ് ഐ ക്കെതിരായ പരാതിയായതുകൊണ്ടാണ് അന്വേഷണം ഡി വൈ എസ് പിക്ക് നൽകിയതെന്നും ഉത്തരവിൽ പറയുന്നു.

നെയ്യാർഡാം എസ് ഐയും 8 പേരും ചേർന്ന് തനിക്കെതിരെ കളവായി പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തെന്ന കുറ്റിച്ചൽ തച്ചൻകോട് സ്വദേശി സി. വിജയന്റെ പരാതിയിലാണ് ഉത്തരവ്. തന്നെയും ഭാര്യയെയും സഹോദരനെയും എതിർകക്ഷികൾ ആക്രമിച്ചെന്ന പരാതി നൽകിയിട്ടും നെയ്യാർഡാം പൊലീസ് നടപടിയെടുത്തില്ലെന്ന പരാതിക്കാരന്റെ ആരോപണം നെടുമങ്ങാട് ഡി വൈ എസ് പി അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.