തിരുവനന്തപുരം: യൂട്യൂബ് വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം കണ്ണൂർ ആർടിഒ പിടിച്ചെടുത്തതും, അവരുടെ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ലൈവും, ആരാധകരുടെ പ്രതിഷേധവുമെല്ലാം സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ്. പക്ഷേ കാര്യം അറിയാവുന്നവരെല്ലാം മോട്ടോർ വാഹന വകുപ്പിനൊപ്പമാണ്.

നിയമങ്ങൾ അനുസരിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണ് വാഹനം കസ്റ്റഡിയിലെടുക്കാൻ കാരണമായത്. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും യുട്യൂബ് വ്ലോഗർമാർ അടയ്ക്കണമെന്നാണ് ആർ ടി ഒ വ്യക്തമാക്കുന്നത്. ഇതു അടച്ചാൽ തീരുമാനിയിരുന്ന പ്രശ്‌നമാണ് അവർ ആളിക്കത്തിച്ചത്.

ഇ ബുൾ ജെറ്റ് സഹോദരന്മാർക്കെതിരെ വാഹന വകുപ്പ് എടുത്തത് നിയമപരായ നടപടികൾ മാത്രമാണ്. സ്വകാര്യ-കോൺട്രാക്ട് കാര്യേജ് വാഹനങ്ങളിൽ കിടപ്പറയൊരുക്കി കാരവാനുകൾ നിർമ്മിക്കുന്നത് നിയമവിരുദ്ധം. ഈ സാഹചര്യത്തിൽ പിഴ അടച്ചില്ലെങ്കിൽ ആ വണ്ടി അധികൃതർ വിട്ടു നൽകില്ല. കാരവാൻ നിർമ്മക്കാനുള്ള എല്ലാ മാനദണ്ഡവും ഇവർ ലംഘിച്ചുവെന്നാണ് വിലയിരുത്തൽ. സുരക്ഷ കണക്കിലെടുത്താണ് കാരവാനുകളുടെ നിർമ്മാണത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. ഇതെല്ലാം ഇ ബുള്ളുകാർക്കും അറിയാം. എന്നിട്ടും അവർ പ്രശ്‌നമുണ്ടാക്കിയത് സോഷ്യൽ മീഡിയയിൽ നിന്നും കൂടുതൽ കാശുണ്ടാക്കാനാണെന്ന് പൊലീസും തിരിച്ചറിയുന്നു.

'അവരുടെ ടാക്‌സ് അടവ് കൃത്യമായിരുന്നില്ല. നിയമവിരുദ്ധ ആൾട്ടറേഷനാണ് വാഹനത്തിൽ നടത്തിയിരിക്കുന്നത്. ഇത് പോലൊരു വാഹനം റോഡിൽ ഇറങ്ങിയാൽ മറ്റുള്ളവർക്കും അപകടമാണ്. അവരുടെ വാഹനം പിടിച്ചെടുത്തിട്ടില്ല. അവർ ഇവിടെ കൊണ്ടിട്ടതാണ്. മനപ്പൂർവ്വം സംഘർഷമുണ്ടാക്കാനാണ് അവർ ശ്രമിച്ചത്. ഓഫീസിൽ കയറി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ സാഹചര്യവുമുണ്ടായി. എഴുതിയ ചെക്ക് റിപ്പോർട്ട് അന്തിമമല്ല. അവർക്ക് വേണമെങ്കിൽ കോടതിയിൽ പോകാം.''-ഇതാണ് വിഷയത്തിൽ മോട്ടോർ വാഹന വകുപ്പിന് പറയാനുള്ളത്.

അംഗീകൃത സ്ഥാപനങ്ങൾക്കു മാത്രമാണ് കാരവാൻ നിർമ്മിക്കാൻ മോട്ടോർവാഹന നിയമപ്രകാരം അനുമതിയുള്ളത്. നിർമ്മാണഘടകങ്ങളുടെ നിലവാരം, അനുവദനീയമായ ഘടകങ്ങൾ, അളവുകൾ എന്നിവയും നിയമത്തിലുണ്ട്. ഓട്ടോമൊബൈൽ ഇൻഡസ്ട്രി സ്റ്റാൻഡേഡ് (എ.ഐ.എസ്. 124) പ്രകാരമേ കാരവാനുകൾ നിർമ്മിക്കാൻ കഴിയൂ. 2018 ഏപ്രിൽ ഒന്നിനുശേഷം നിർമ്മിക്കുന്ന കാരവാനുകൾ ഈ മാനദണ്ഡങ്ങൾ പാലിക്കണം. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി. കണ്ണൂരിൽ മോട്ടോർവാഹനവകുപ്പ് പിടികൂടിയ യുട്യൂബ് ബ്ലോഗർമാരുടെ ഇ-ബുൾജെറ്റ് വാൻ ഈ നിയമം എല്ലാ അർത്ഥത്തിലും അട്ടിമറിച്ചു.

അഗ്‌നിശമന ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാണ്. അടുക്കള, ജനറേറ്റർ എന്നിവയിൽ നിന്നു തീപടരുന്നത് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും വേണം. കാരവാനുകളാക്കി മാറ്റുമ്പോൾ വാഹനത്തിന്റെ ഭാരഘടനയിൽ മാറ്റമുണ്ടാകും. ഇതിനനുസരിച്ച് സസ്‌പെൻഷനിൽ ഉൾപ്പെടെ മാറ്റംവരുത്തിയില്ലെങ്കിൽ അപകടസാധ്യതയുണ്ട്.

മൂന്ന് അളവുകളിലെ കാരവാനുകൾക്കാണ് അനുമതിയുള്ളത്. അംഗീകാരമുള്ള ഫാക്ടറികൾ നിർമ്മിക്കുന്ന കാരവാനുകൾ കേന്ദ്രസർക്കാർ അംഗീകൃത ലാബുകളിൽ പരിശോധന നടത്തിയശേഷമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണത്തിന് അനുമതി നൽകുന്നത്. അംഗീകാരം ലഭിച്ച മോഡലിൽ മാറ്റംവരുത്താനുള്ള അവകാശം നിർമ്മാണ കമ്പനികൾക്കുമില്ല.

മറ്റു വാഹനങ്ങളിൽനിന്നു വ്യത്യസ്തമായി കാരവാനുകളുടെ തറവിസ്തീർണം അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുന്നത്. സ്വകാര്യ-കോൺട്രാക്ട് കാര്യേജ് വാഹനങ്ങളിൽ സീറ്റുകൾ ഇളക്കിമാറ്റുന്നതും അനധികൃതമായി ലൈറ്റുകൾ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. സ്വകാര്യവാഹനങ്ങളുടെ നിറം മാറ്റാൻ അനുവദിക്കാറുണ്ട്. എന്നാൽ, യുട്യൂബ് ചാനലിന്റെ പേര് പതിക്കുന്നത് പരസ്യമായി കണക്കാക്കും. ഇതിന് പരസ്യനികുതി ചുമത്താം.

ഇ ബുൾ ജെറ്റ് സഹോദരന്മാരായ വ്‌ളോഗർമാർ എബിനും ലിബിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കണ്ണൂർ ആർടിഒ ഉയന്നയിക്കുന്നത്. ഓഫീസ് പരിസരത്ത് മനഃപൂർവ്വം സംഘർഷമുണ്ടാക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും നിയമവിരുദ്ധമായാണ് ഇവർ വാഹനത്തിൽ അറ്റകുറ്റപണികൾ നടത്തിയതെന്നും ആർടിഒ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനൊപ്പം ആർടി ഓഫീസ് പ്രവർത്തനവും തടസപ്പെടുത്തിതോടെയാണ് പൊലീസിൽ വിവരം അറിയിച്ചതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും ഈടാക്കുമെന്നാണ് കണ്ണൂർ ആർ.ടി.ഒഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്. ഇന്ന് ഈ പണം അടക്കാനും നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇന്ന് ആർ.ടി.ഓഫീസിലെത്തിയ ഇ-ബുൾജെറ്റ് നടത്തിപ്പുകാരായ എബിലും ലിബിനും വൈകാരികമായാണ് പ്രതികരിച്ചത്. ഇവർ ആർടിഒ ഓഫീസിൽ എത്തിയത് അറിഞ്ഞ് നിരവധി ഫോളോവേഴ്സും പിന്നാലെ എത്തി. യുവാക്കൾ വൈകാരികമായി പ്രതികരിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. ഇതോടെയാണ് കാരവാന് പുറമേ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും പൂർത്തിയാക്കി എറണാകുളത്ത് നിന്നെത്തിയ വാഹനം എം വിഡി. ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇ-ബുൾജെറ്റ് ഉടമകൾ യുട്യൂബ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. കാരവാൻ നിർമ്മാണത്തിന് അവകാശമുള്ള ഓജസിൽ നിന്നാണ് അൾട്രോഷൻ ജോലികൾ ചെയ്തത് എന്നാണ് ഇരുവരും പറയുന്നത്. പിന്നീട് നികുതി സംബന്ധിച്ച വിശദീകരണം നൽകി വാഹനം വിട്ടുനൽകിയെങ്കിലും അടുത്ത ദിവസം വാഹനം വീണ്ടും പിടിച്ചെടുക്കുകയായിരുന്നു യുവാക്കൾ വിശദീകരിക്കുന്നു.

നിരത്തുകളിലെ മറ്റ് വാഹനങ്ങൾക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളതെന്നാണ് എം വിഡി പറയുന്നത്. ആർസി ബുക്കിൽ വെള്ള നിറം എന്നു രേഖപ്പെടുത്തിയ വാഹനം കുറപ്പാക്കി മാറ്റി. ഓജസിൽ നിന്നും നിയമവിധേയമായാണ് മാറ്റങ്ങൾ വരുത്തിയത് എങ്കിലും മറ്റെവിടെ നിന്നോ ആണ് കറുപ്പാക്കി മാറ്റിയത്. മാത്രമല്ല, പരസ്യം പതിപ്പിച്ചത് നിയമാനുശ്രുതമല്ല. നിശ്ചിത തുക അടച്ചു പരസ്യം ചെയ്യാമെങ്കിലും അങ്ങനെ ചെയ്തില്ല. ഇത് വീഴ്‌ച്ചതാണ്. ഇത് കൂടാതെ ബ്ലാക് സൺ ഫിലിം ഒട്ടിച്ചുവെന്നും എംവിഡി വ്യക്തമാക്കുന്നു.