കണ്ണൂർ: യൂട്യൂബ് വ്‌ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം കണ്ണൂർ ആർടിഒ പിടിച്ചെടുത്തതും, അവരുടെ പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ലൈവും, ആരാധകരുടെ പ്രതിഷേധവുമെല്ലാം വാർത്തകളിൽ നിറയുമ്പോഴും ചോദ്യം ഇതാണ്: നിയമലംഘനം വെച്ചുപൊറുപ്പിക്കാമോ? നിയമങ്ങൾ അനുസരിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണ് വാഹനം കസ്റ്റഡിയിലെടുക്കാൻ കാരണമായത്. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും യുട്യൂബ് വ്‌ലോഗർമാർ അടയ്ക്കണമെന്നാണ് ആർ ടി ഒ വ്യക്തമാക്കുന്നത്. വ്‌ളോഗർമാരുടെ അറസ്റ്റ് പരിശോധിക്കുമെന്നും തെറ്റ് ആരുടെ ഭാഗത്തായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്നും ആണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.

ഇ ബുൾ ജെറ്റ് സഹോദരന്മാരായ വ്ളോഗർമാർ എബിനും ലിബിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കണ്ണൂർ ആർടിഒ. ഓഫീസ് പരിസരത്ത് മനഃപൂർവ്വം സംഘർഷമുണ്ടാക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും നിയമവിരുദ്ധമായാണ് ഇവർ വാഹനത്തിൽ അറ്റകുറ്റപണികൾ നടത്തിയതെന്നും ആർടിഒ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനൊപ്പം ആർടി ഓഫീസ് പ്രവർത്തനവും തടസപ്പെടുത്തിതോടെയാണ് പൊലീസിൽ വിവരം അറിയിച്ചതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ആർടിഒ ഉദ്യോഗസ്ഥൻ പറഞ്ഞത്: 'അവരുടെ ടാക്സ് അടവ് കൃത്യമായിരുന്നില്ല. നിയമവിരുദ്ധ ആൾട്ടറേഷനാണ് വാഹനത്തിൽ നടത്തിയിരിക്കുന്നത്. ഇത് പോലൊരു വാഹനം റോഡിൽ ഇറങ്ങിയാൽ മറ്റുള്ളവർക്കും അപകടമാണ്. അവരുടെ വാഹനം പിടിച്ചെടുത്തിട്ടില്ല. അവർ ഇവിടെ കൊണ്ടിട്ടതാണ്. മനപ്പൂർവ്വം സംഘർഷമുണ്ടാക്കാനാണ് അവർ ശ്രമിച്ചത്. ഓഫീസിൽ കയറി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയ സാഹചര്യവുമുണ്ടായി. എഴുതിയ ചെക്ക് റിപ്പോർട്ട് അന്തിമമല്ല. അവർക്ക് വേണമെങ്കിൽ കോടതിയിൽ പോകാം.''

'ഇവിടെ വന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് നിയമം അറിയാത്തതുകൊണ്ടാണ്. കടുത്ത നിയമലംഘനമാണ് ഇവർ നടത്തിയത്. നിയമം അനുസരിക്കുക എന്നത് പൗരന്റെ കടമയാണ്. ഇവിടെ നടന്നത് അവരുടെ നാടകമാണ്. തെറ്റായ സന്ദേശമാണ് ഇവർ ജനങ്ങൾക്ക് നൽകുന്നത്. ആർക്കും എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകാൻ അനുവദിക്കില്ല. നിയമം അനുസരിച്ചാണ് വാഹനം ഓടിക്കേണ്ടത്. ഇത് പോലെ പ്രശ്നങ്ങളുണ്ടാക്കി രക്ഷപ്പെടാമെന്നും ഇത്തരം വാഹനം റോഡിൽ ഇറക്കാമെന്ന തെറ്റായ സന്ദേശമാണ് ഇവർ നൽകുന്നത്. നിയമപ്രകാരം മാത്രമാണ് മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചത്. ഇത്രയും ആൾക്കാരെ വിളിച്ച് കൂട്ടി കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ഓഫീസിന്റെ പ്രവർത്തനം മൊത്തം അവർ തടസപ്പെടുത്തി. ഇത് അംഗീകരിക്കാൻ സാധിക്കില്ല.''

സർക്കാർ ഓഫീസിൽ അനധികൃതമായി പ്രവേശിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആൾക്കൂട്ടം സൃഷ്ടിച്ചതുമെല്ലാം ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് തലവേദനയാവും. കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോ?ഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. ഇതുമായി തുടർ നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഓഫീസിലെത്തിയ യുവാക്കൾ സമൂഹമാധ്യമങ്ങളിൽ പൊട്ടിക്കരഞ്ഞും മറ്റും വൈകാരിക ലൈവ് വീഡിയോ ചെയ്തതതോടെ ഇവരുടെ ആരാധകരായ നിരവധിപ്പേർ ഓഫീസിലേക്ക് എത്തുകയായിരുന്നു.

എന്നാൽ രാജ്യത്തിന്റെ പലയിടങ്ങളിലും പോകുന്നതിനാൽ അതിന് അനുകൂലമായാണ് മോദിഫിക്കേഷനുകളെന്നാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ പറയുന്നത്.കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും പൂർത്തിയാക്കി എറണാകുളത്ത് നിന്നെത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇ-ബുൾജെറ്റ് ഉടമകൾ യുട്യൂബ് വീഡിയോയിൽ പറയുന്നത്. പിന്നീട് നികുതി സംബന്ധിച്ച വിശദീകരണം നൽകി വാഹനം വിട്ടുനൽകിയെങ്കിലും അടുത്ത ദിവസം വാഹനം വീണ്ടും പിടിച്ചെടുത്തുവെന്നും സഹോദരങ്ങൾ ലൈവ് വീഡിയോയിൽ പറയുന്നുണ്ട്. നിലവിൽ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

തുടർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാരും ആർടിഒ ഓഫീസിലേക്ക് എത്തി. ഇതിന് പിന്നാലെയാണ് ആർടി ഓഫീസിൽ സംഘർഷമുണ്ടായത്. ഇതോടെ കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്ത് എത്തുകയും ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ആർടിഒയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.