ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹിയിലുള്ള ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ ജതേന്ദ്ര കുമാർ ഗോഗിയ ആണ് ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകിയത്. സംസ്ഥാന സർക്കാർ സ്വന്തം സംവിധാനങ്ങൾ ഉപയോഗിച്ചു കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നാണ് ഇഡി കോടതി മുമ്പാകെ ബോധിപ്പിച്ചിരിക്കുന്ന കാര്യം.

കഴിഞ്ഞദിവസം ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന സർക്കാർ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത്. സ്വർണക്കടത്ത് കേസ് അന്വേഷണം സർക്കാർ സംവിധാനം ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് അപേക്ഷയിൽ ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശിവശങ്കർ ശ്രമിച്ചെന്നും ഇതിൽ പറയുന്നു.

ഡോളർ കടത്ത് കേസിലും ജാമ്യം ലഭിച്ചതോടെ എം. ശിവശങ്കർ 98 ദിവസത്തെ ജയിൽവാസത്തിനുശേഷം ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ശിവശങ്കറിന് ജാമ്യം നൽകിയത്. സ്വർണക്കടത്ത് കേസിലുൾപ്പടെ ശിവശങ്കറിന് മുമ്പ് ജാമ്യം ലഭിച്ചിരുന്നു. ശിവശങ്കറിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വീണ്ടും സുപ്രീം കോടതിയിൽ. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സർക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് ശിവശങ്കർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇഡി വാദം. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നും ഇഡി ആരോപിക്കുന്നു.

ലൈഫ് അഴിമതി അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മേൽ എൻഫോഴ്‌സമെന്റ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന വനിതാ പൊലീസ് ഉദ്യോഗസഥരുടെ മൊഴിയിലാണ് കേസ്. ശബ്ദരേഖയുടെ ഉറവിടം അന്വേഷിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റിന്റെ പരാതിയിലായിരുന്നു അന്വേഷണം. പക്ഷെ വാദി പ്രതിയായി. തന്റെ ശബ്ദമാകാമെന്ന് സംശിക്കുന്നുവെന്നായിരുന്നു ജയിൽ ഡിഐജിക്ക് സ്വപ്ന നൽകിയ ആദ്യ മൊഴി.

ക്രൈം ബ്രാഞ്ച് അന്വേഷണം തടുങ്ങിയതിന് പിന്നാലെ പുറത്തുവന്ന ശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് എഴുതി നൽകി. ഇഡിയുടെ കസ്റ്റഡയിലിരിക്കുമ്പോൾ രാത്രി ഏറെ വൈകിയും പുലർച്ചയുമായി മുഖ്യമന്ത്രിയുടെ പേരു പറയാൻ സ്വപ്നയെ എൻഫോഴ്‌മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നത് കേട്ടുവെന്ന് രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൊഴി നൽകി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കുന്നത്.

ഒക്‌ടോബർ 18നാണ് സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർന്ന് സ്വർണക്കടത്തിൽ കസ്റ്റംസും ശിവശങ്കറിനെതിരെ കേസെടുത്തു. ഈ രണ്ട് കേസുകളിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. ഡോളർ കടത്ത് കേസിൽ തനിക്കെതിരെ തെളിവുകളില്ലെന്നായിരുന്നു ശിവശങ്കർ കോടതിയിൽ വാദിച്ചത്. പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെ ഉള്ളതെന്നും ശിവശങ്കർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.