കണ്ണൂർ: ഇനി സജീവ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് മന്ത്രി ഇ പി ജയരാജൻ. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് ഇ പി ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. 'മൂന്ന് തവണ താൻ ഇതുവരെയായി മത്സരിച്ചു കഴിഞ്ഞു. ഇത്തവണ രണ്ടുടേം കഴിഞ്ഞ വർ മത്സരിക്കേണ്ടന്നത് എനിക്ക് മാത്രമല്ല എല്ലാ വർക്കും ബാധകമായ പാർട്ടി തീരുമാനമാണ്. ഇനിയുള്ള കാലം സംഘടനാ പ്രവർത്തനം നടത്താനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ഇനി മത്സരിക്കാൻ പാർട്ടി പറഞ്ഞാൽ തന്റെ ശാരീരികാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തും. കാര്യങ്ങൾ പറഞ്ഞാൽ മനസിലാവുകയും അംഗീകരിക്കുകയും ചെയ്യുന്ന പാർട്ടിയാണിതെന്നും ഇ പി പറഞ്ഞു. കാരിരുമ്പു പോലെയുള്ള പാർട്ടിയല്ലിത്. താൻ മാധ്യമപ്രവർത്തകർക്കു മുൻപിൽ ഒളിച്ചോടുന്നതല്ല. പൊതുവെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയല്ല താൻ. പരമാവധി ഒഴിഞ്ഞു നിൽക്കാനാണ് ഇഷ്ടപ്പെടാറുള്ളത് ' എന്നാൽ മന്ത്രിയായ കാലത്ത് കൂടുതൽ മാധ്യമങ്ങളുമായി ബന്ധപ്പെടാറുണ്ടെന്നും ഇ.പി പറഞ്ഞു.

തനിക്ക് പ്രായാധിക്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഇ പി യോട് മുഖ്യമന്ത്രിക്ക് എഴുപതു കഴിഞ്ഞല്ലോയെന്ന ചോദ്യത്തിന് അദ്ദേഹം മഹാനാണെന്നും പിണറായി അസാമാന്യ വ്യക്തിയാണെന്നും ഇ.പി ജയരാജൻ പറഞ്ഞു. മട്ടന്നൂരിലും കല്യാശേരിയിലും താൻ മത്സരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു എന്നാൽ താൻ ഇനി തെരഞ്ഞെടുപ്പ് മത്സര രംഗത്തെ യില്ലെന്നും ഇ.പി വ്യക്തമാക്കി.

'പിണറായി വിജയൻ പ്രത്യേക ശക്തിയും ഊർജവും കഴിവുമുള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താൻ സാധിച്ചെങ്കിൽ ഞാൻ മഹാപുണ്യവാനായി തീരും. അദ്ദേഹം ആകാൻ കഴിയുന്നില്ല എന്നതാണ് എന്റെ ദുഃഖം. ഏത് കാര്യത്തെ കുറിച്ചും പിണറായിക്ക് നിരീക്ഷണമുണ്ട്. നിശ്ചയദാർഢ്യമുണ്ട്' ജയരാജൻ കൂട്ടിച്ചേർത്തു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജൻ. എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയത്. ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു.

ദീർഘകാലം സിപിഐം കണ്ണൂർ ജില്ല സെക്രട്ടറിയായും തൃശ്ശൂർ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു. 1991-ൽ അഴിക്കോട് നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ലും 2016-ലും മട്ടന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയുമാണ് അദ്ദേഹം.

കോടിയേരി ബാലകൃഷ്ണന്റെ പിൻഗാമിയായി സിപിഎം സംസ്ഥാന സെക്രട്ടറിയാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായാണ് അദ്ദേഹം മത്സര രംഗത്തു നിന്നും വിട്ടു നിന്നതും. മുതിർന്ന നേതാവും മുൻ ജില്ല സെക്രട്ടറിയുമായ പി. ജയരാജനും ഇക്കുറി മത്സരിക്കുന്നില്ല. നേരത്തെ മുഖ്യമന്ത്രി ചികിത്സക്ക് പോയപ്പോൾ പകരം ചുമതല ഏൽപിക്കപ്പെട്ട ഇ.പി. ജയരാജൻ മന്ത്രിസഭയിൽ രണ്ടാമനായാണ് കണക്കാക്കപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഇ.പി. ജയരാജനെ മാറ്റുമ്പോൾ പകരം പാർട്ടി സെക്രട്ടറി ചുമതല ലഭിക്കാനാണ് സാധ്യത. അനാരോഗ്യം കാരണം മാറിനിൽക്കുന്ന കോടിയേരിയുടെ പിൻഗാമിയായി കണ്ണൂർ ലോബിയിലെ കരുത്തൻ ഇ.പി. ജയരാജൻ എത്തുമെന്ന സൂചനകളാണുള്ളത്.

പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നത് എം വി ഗോവിന്ദൻെ പേരാണ്. അദ്ദേഹം തെരഞ്ഞെടുപ്പു രംഗത്തേക്ക് കടന്നുവന്നതോടെ ഇ പി സെക്രട്ടറി ആകാൻ സാധ്യത വർധിച്ചിരിക്കയാണ്.