തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. മത്സരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. ഇക്കാര്യത്തിൽ അവസാനതീരുമാനമെടുക്കുക സിപിഎം സംസ്ഥാന നേതൃത്വമാകും.

സഖ്യകക്ഷിയായ എൽ.ജെ.ഡിക്ക് കൂത്ത്പറമ്പ് വിട്ടു നൽകുന്നതോടെ കെ.കെ ശൈലജ സ്വന്തം നാടായ മട്ടന്നൂരിൽ മത്സരിക്കാനുള്ള സാദ്ധ്യതയേറിയിരുന്നു. ഈ സാഹചര്യത്തിൽ ടി.വി. രാജേഷിന് പകരം ജയരാജൻ സ്വന്തം നാടായ കല്യാശ്ശേരിയിൽ മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇത്തവണ മത്സരിക്കാൻ താത്പര്യമില്ലെന്ന് ജയരാജൻ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.നാല്-അഞ്ച് തീയതികളിൽ ചേരുന്ന സംസ്ഥാന സമിതി യോഗത്തിലാകും ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. രണ്ടിലധികം തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ ഇത്തവണ മാറിനിൽക്കണം എന്ന തീരുമാനം നടപ്പിലാക്കിയാൽ ഇ. പി. ജയരാജൻ ഇത്തവണ മത്സരിക്കില്ല. അദ്ദേഹം മത്സരിക്കണമെന്ന വികാരം പ്രവർത്തകർക്കിടയിൽ ശക്തമാണ്.

ഇ.പി.ജയരാജൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. മട്ടന്നൂരിനൊപ്പം പേരാവൂരും കല്ല്യാശ്ശേരിയും ശൈലജയ്ക്ക് അനുയോജ്യമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ശൈലജ മത്സരിച്ച കൂത്തുപറമ്പ് സീറ്റ് ഘടകക്ഷിയായ എൽജെഡിക്ക് വിട്ടു കൊടുക്കാനാണ് നിലവിലെ ധാരണ.

ഇ.പി.ജയരാജൻ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ മറ്റൊരു മുതിർന്ന നേതാവായ എം വിഗോവിന്ദൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കളമൊരുങ്ങി. തളിപ്പറമ്പ് സീറ്റിൽ നിന്നും ഗോവിന്ദൻ മാസ്റ്ററെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. മറ്റൊരു മുതിർന്ന നേതാവായ പി.ജയരാജനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചു പരാജയപ്പെട്ട പി.ജയരാജന്റെ കാര്യത്തിൽ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.

പയ്യന്നൂരിൽ ടി.ഐ.മധുസൂദനൻ, കല്ല്യാശ്ശേരിയിൽ എം.വിജിൻ, തലശ്ശേരിയിൽ എ.എൻ.ഷംസീർ എന്നിങ്ങനെയാണ് മറ്റു സീറ്റുകളിൽ നിലവിൽ പരിഗണിക്കുന്ന പേരുകൾ. യുഡിഎഫ് സിറ്റിങ് സീറ്റായ പേരാവൂരിൽ ഇടത് സ്വതന്ത്രനെയിറക്കി മത്സരം കടുപ്പിക്കാനാണ് നീക്കം. കെ.കെ.ശൈലജയുടെ പേരും പേരാവൂരിലേക്ക് പരിഗണിക്കണം എന്ന് അഭിപ്രായമുണ്ട്. എന്നാൽ ശൈലജ ടീച്ചറെ സുരക്ഷിതമായ സീറ്റിൽ മത്സരിപ്പിക്കണം എന്ന ചിന്തയും പ്രബലമാണ്. ഇ.പി ജയരാജൻ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചതോടെ അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനും സാധ്യതയേറി.