തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി ഇ പി ജയരാജൻ.കമ്പനിയെപ്പറ്റി വിവരം ലഭിച്ചാൽ അത് തങ്ങളെ അറിയിക്കുകയാണ് വേണ്ടത് അല്ലാതെ മറച്ചുവെക്കുകയല്ല വേണ്ടതെന്ന് മന്ത്രി പറഞ്ഞു.''കേന്ദ്രമന്ത്രി മുരളീധരൻ ഒരു രഹസ്യം കിട്ടിയാൽ പോക്കറ്റിൽ വയ്ക്കുകയാണോ വേണ്ടത്, ഞങ്ങളെ അറിയിക്കേണ്ടെ?. ഇ.എം.സി.സി വ്യാജമാണെന്ന് കേന്ദ്രസർക്കാർ മുരളീധരനെ അറിയിച്ചിട്ടുണ്ടാകും എന്നാൽ ഞങ്ങളെ അറിയിച്ചിട്ടില്ല''-എന്നായിരുന്നു ഇ പിയുടെ പ്രതികരണം.

അമേരിക്കൻ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന റിപ്പോർട്ട് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയിരുന്നുവെന്നും ഇത് കഴിഞ്ഞാണ് ധാരണാപത്രത്തിൽ സർക്കാർ ഒപ്പിട്ടതെന്ന് വി. മുരളീധരൻ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിക്ക് മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്.ആഴക്കടൽ മത്സ്യ ബന്ധന കരാറുമായി ബന്ധപ്പെട്ട് മന്ത്രിമാർക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.

ഇ.എം.സി.സിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ല. മന്ത്രിമാരുടെ കയ്യിൽ ഒരു വീഴ്ചയും വന്നിട്ടില്ല. അതുകൊണ്ട് ആരുടെ തലയിലും കെട്ടിവയ്ക്കേണ്ട കാര്യമില്ല. വസ്തുതകളെ തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇ.പി ജയരാജൻ ആരോപിച്ചു. ഇ.എം.സി.സിക്ക് ഭൂമി കൈമാറ്റം ചെയ്തിട്ടില്ല. അതുകൊണ്ട് റദ്ദ് ചെയ്യേണ്ട കാര്യമില്ലെന്നും ഇ.പി വിശദീകരിച്ചു.