തിരുവനന്തപുരം: ലോക്ഡൗൺ കൂടുതൽ കർശനമാക്കും. ലോക്ഡൗൺ രണ്ടാം ദിവസവും സംസ്ഥാനത്തു പൂർണം. ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതൽ കൂടുതൽ പൊലീസിനെ പരിശോധനയ്ക്കു നിയോഗിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയവരെ ഇന്നലെ പൊലീസ് പിടികൂടി കേസെടുത്തു. സത്യവാങ്മൂലവും പൊലീസിന്റെ പാസുമില്ലാതെ യാത്ര ചെയ്തവർ ഇന്നലെയും കൂടുതലായിരുന്നു.

പരിശോധന കർശനമാക്കി ലോക്ഡൗൺ കടുപ്പിച്ചാലെ രോഗ വ്യാപനം തടയാനാകൂവെന്നാണ് വിലയിരുത്തൽ. യാത്രയ്ക്കുള്ള പൊലീസ് പാസിന് ഇതുവരെ രണ്ടു ലക്ഷത്തോളം അപേക്ഷകൾ പൊലീസിന് കിട്ടി. ഇതിൽ ബഹുഭൂരിഭാഗവും തള്ളി. പൊലീസ് വെബ്‌സൈറ്റ് ഇടയ്ക്കു പണിമുടക്കി. 81,797 പേർക്ക് അനുമതി നൽകി. 15,761 അപേക്ഷ തള്ളി. 77,567 എണ്ണം പരിഗണനയിലാണ്. അവശ്യക്കാർക്ക് അല്ലാത്തവർക്ക് ആർക്കും ഇനി പാസ് കിട്ടില്ല.

അനിവാര്യ യാത്രകൾക്കേ പാസ് നൽകൂവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി വിജയ് സാഖറെയും വ്യക്തമാക്കി. ആവശ്യം ബോധ്യപ്പെട്ടാൽ 6 മണിക്കൂറിനകം നൽകും. കൂലിപ്പണിക്കാർക്കും ദിവസ വേതനക്കാർക്കും ജോലിക്കു പോകാനാണു പ്രധാനമായും പാസ്. അവശ്യവിഭാഗമെങ്കിൽ തിരിച്ചറിയൽ കാർഡ് മതി .മരണം, ഉറ്റ ബന്ധുവിന്റെ വിവാഹം, അനിവാര്യ ആശുപത്രി യാത്ര എന്നിവയ്ക്കും പാസ്.

നിർമ്മാണ തൊഴിലാളികൾക്കു പാസ് നൽകുമെങ്കിലും തുടർച്ചയായി യാത്ര ചെയ്യരുത്. തൊഴിലുടമ താമസ സൗകര്യം ഒരുക്കണം. വലിയ കെട്ടിട പദ്ധതികൾക്കു കൂടുതൽ തൊഴിലാളികളെ കൊണ്ടുപോകാൻ കരാറുകാർ രേഖ കാണിച്ചാൽ മതി. വീട്ടുജോലിക്കാർക്കും ഹോംനഴ്‌സിനും പാസിന് തൊഴിലുടമയ്ക്ക് അപേക്ഷിക്കാം.

അവശ്യവിഭാഗത്തിൽപ്പെട്ടവർക്ക് സാധുതയുള്ള തിരിച്ചറിയൽ കാർഡ് ഉള്ള പക്ഷം വേറെ പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാർ, ഹോം നേഴ്‌സ് എന്നിവർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം. മരുന്ന്, ഭക്ഷ്യവസ്തുക്കൾ വാങ്ങൽ മുതലായ വളരെ അത്യാവശ്യ കാര്യങ്ങൾക്ക് സത്യവാങ്മൂലം മതിയാകും. എന്നാൽ ഈ സൗകര്യം ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും. അവശ്യവിഭാഗത്തിൽപ്പെട്ട സർക്കാർ ജീവനക്കാർ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡ് കരുതണം. ഇ പാസ് അപേക്ഷകൾ തീർപ്പാക്കാനായി 24 മണിക്കൂറും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലെ സംസ്ഥാനത്ത് 1440 പേർ അറസ്റ്റിലായി, 1087 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 12,996 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘനത്തിന് 22 കേസെടുത്തു. ആകെ 3065 പേർക്കെതിരെയാണു കേസ്. 89 പേരാണ് ജീവൻരക്ഷാ മരുന്നുകൾ ആവശ്യപ്പെട്ട് പൊലീസിന്റെ എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം കൺട്രോൾ റൂമിൽ (112) വിളിച്ചത്. മുഴുവൻ പേർക്കും മരുന്ന് എത്തിച്ചു. കിടപ്പുരോഗികൾക്കും ഗുരുതരാവസ്ഥയിലുള്ളവർക്കും വീടുകളിൽ മരുന്ന് എത്തിക്കാനാണ് ഈ നമ്പറിൽ ബന്ധപ്പെടേണ്ടത്.