തിരുവനന്തപുരം: നേമത്ത് കുമ്മനം രാജശേഖരന് പിന്നാലെ പാലക്കാട്ടും ബിജെപിക്ക് സ്ഥാനാർത്ഥിയായി. പാലക്കാട് ഇത്തവണ താമരയുമായി ബിജെപി സ്ഥാനാർത്ഥിയായി ഇ ശ്രീധരനെത്തും. പ്രത്യേകിച്ച് ഒരു മുന്നണിയോടും കൂറ് കാണിക്കാതെ, രണ്ട് മുന്നണികളേയും ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് പാലക്കാട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ശ്രീധരൻ പാലക്കാട്ട് മത്സരിക്കട്ടേ എന്ന നിർദ്ദേശം മുമ്പോട്ട് വച്ചത്.

എന്നാൽ കഴിഞ്ഞതവണ പാലക്കാട് നഗരസഭയിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരം പിടിച്ചതും, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തെത്തിയതും ബിജെപിക്കുള്ള പ്രതീക്ഷകളാണ്. ശക്തനായ സ്ഥാനാർത്ഥിയാണെങ്കിൽ വിജയിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്ന മണ്ഡലങ്ങളിലൊന്നായതുകൊണ്ട് പാലക്കാട് ഇ ശ്രീധരനെ ഇറക്കാനാണ് ബിജെപി തീരുമാനം. കേന്ദ്ര പാർലിമെന്ററി ബോർഡിന് എൻഡിഎ സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിന്റെ പേര് മാത്രമാണ് നൽകിയിട്ടുള്ളത്.

പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത് സംസ്ഥാന വക്താവ് സന്ദീപ് ജി വാരിയരെയാണ്. എന്നാൽ കേന്ദ്രനേത്യത്വത്തിന്റെ വിലയിരുത്തലിൽ ഇ ശ്രീധരനാണ് മുൻതൂക്കം ലഭിച്ചത്. ബിജെപിക്ക് കൂടുതൽ വോട്ടും സംഘടനശേഷിയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. വീട്ടിൽ നിന്ന് അകലെയല്ലാത്ത മണ്ഡലം വേണമെന്ന് ഇ ശ്രീധരൻ ആവശ്യപ്പെട്ടതും പാലക്കാട് പരിഗണിക്കാൻ കാരണമായി. ഇപ്പോൾ പൊന്നാനിയിലാണ് താമസിക്കുന്നതെങ്കിലും തിരുമിറ്റക്കോട് കറുകപുത്തൂരാണ് മെട്രൊമാന്റെ ജന്മനാട്.

മെട്രൊമാന്റെ സ്ഥാനാർത്ഥിയാകുന്നതോടെ പാലക്കാട്ടെ തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടും. അത്കൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ പാർട്ടി കേന്ദ്രകമ്മിറ്റിയുടെ നിരീക്ഷണം പാലക്കാട് മണ്ഡലത്തിലുണ്ടാകും. ഈ മാസം അവസാനം പ്രധാനമന്ത്രി പാലക്കാട് പ്രചരണത്തിനെത്തുമെന്നും സൂചനയുണ്ട്. സംഘടനാ നിർദ്ദേശമനുസരിച്ച് ശ്രീധരന്റെ മത്സരത്തിനായി ബിജെപി നേത്യത്വം തയ്യാറെടുപ്പ് തുടങ്ങികഴിഞ്ഞു.

ആരോടും പ്രത്യേക രാഷ്ട്രീയകൂറ് കാണിച്ചിട്ടുള്ള മണ്ണല്ല പാലക്കാടിന്റേത്. ഇരുമുന്നണികളേയും മാറിമാറി സ്വീകരിച്ചിട്ടുള്ള മണ്ഡലം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കും വിജയം സമ്മാനിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ നടന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കോൺഗ്രസിനായിരുന്നപ്പോൾ 2006ലും 96 ലുമെല്ലാം സിപിഎമ്മാണ് വിജയിച്ചത്. പക്ഷെ തിരഞ്ഞെടുപ്പുകളിൽ ബിജെപി നിലമെച്ചപ്പെടുത്തി വരുന്ന മണ്ഡലമാണ് പാലക്കാട്. പാലക്കാട്ടെ കോൺഗ്രസിനുള്ളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പടലപിണക്കങ്ങൾ ശ്രീധരൻ സ്ഥാനാർത്ഥിയായി വന്നാൽ തുണക്കുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.

ഏറെ അനിശ്ചിതത്വത്തിനൊടുവിൽ സിപിഎം സ്ഥാനാർത്ഥിയെ തീരുമാനിച്ചു കഴിഞ്ഞു. ഓൾഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയായ സിപി പ്രമോദാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.യുഡിഎഫിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് എം എൽ എയാണ് മൂന്നാംവട്ടവും പാലക്കാട് നിന്ന് മത്സരിക്കുന്നത്. മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ട് ഷാഫി പറമ്പിൽ പ്രചരണം തുടങ്ങി കഴിഞ്ഞു.