പാലക്കാട്: മെട്രോമാന്റെ ഇളകാത്ത ഉറപ്പിൽ മധുരവീരൻ കോളനിയിൽ ഇന്നലെ കൂടുതൽ കുടുംബങ്ങൾക്ക് വൈദ്യുതി വെളിച്ചം എത്തി. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മെട്രോമാൻ ഇ.ശ്രീധരൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി നഗരസഭ മൂന്നാം വാർഡിലുൾപ്പെട്ട മധുരവീരൻ കോളനിയിലെത്തിയപ്പോൾ അവിടുത്തെ ഒട്ടേറെ കുടുംബങ്ങൾ ഒരു സഹായം അഭ്യർത്ഥിച്ചു.വീടുകളിലേക്കു വൈദ്യുതി ലഭ്യത ഉറപ്പാക്കണം. കുടിശ്ശിക തീർക്കാൻ സഹായിക്കണം. ജയിച്ചാലും തോറ്റാലും ആ സഹായം ഉറപ്പു നൽകി മെട്രോമാൻ മടങ്ങി.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും അദ്ദേഹം ഉറപ്പിന്റെ ട്രാക്കിൽ നിന്നു മാറിയില്ല. 9 കുടുംബങ്ങൾക്കു വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനുള്ള തുകയും ബാക്കിയുള്ളവരുടെ വൈദ്യുതി കുടിശ്ശികയും തീർക്കാൻ 81,525 രൂപയുടെ ചെക്ക് അദ്ദേഹം കെഎസ്ഇബി കൽപാത്തി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ പേരിൽ അയച്ചു നൽകി.

ഇതിന്റെ സമ്മത പത്രം നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് കൈമാറി. വാർഡ് കൗൺസിലർ വി.നടേശൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ്, ആശാ പ്രവർത്തക സെമീന എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വാർഡ് തല ആർആർടി അംഗങ്ങൾക്ക് പൾസ് ഓക്‌സിമീറ്ററും വിതരണം ചെയ്തു.