മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇ വിസ പദ്ധതി അനുവദിച്ച് കേന്ദ്രസർക്കാർ. ഇതനുസരിച്ച് ഇന്ത്യയുമായി വ്യാപാര, ടൂറിസം തലത്തിൽ ബന്ധമുള്ള വിദേശ രാജ്യങ്ങളിലെ പൗരന്മാർക്കു ഇ വിസ, വിസ ഓൺ അറൈവൽ സ്‌കീം വഴി കണ്ണൂരിലും വിമാനമിറങ്ങാം.

രാജ്യത്തെ 29ാമത്തെ അംഗീകൃത ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐ.സി.പി) ആണ് കണ്ണൂർ വിമാനത്താവളത്തിലേതെന്നു കേന്ദ്ര ടൂറിസം മന്ത്രാലയം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. അതേസമയം കണ്ണൂരിൽ ഇ വിസ സ്‌കീം അനുവദിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും ഇതു ലഭിക്കുന്ന മുറയ്ക്കു സൗകര്യം പ്രവർത്തനം തുടങ്ങുമെന്നും കിയാൽ അധികൃതർ പറഞ്ഞു.

കേരളത്തിലെ മറ്റു വിമാനത്താവളത്തിൽ നിലവിൽ ഇ വിസ സൗകര്യമുണ്ട്. കണ്ണൂരിൽ കൂടി ഇ-വിസ ഏർപ്പെടുത്തുന്നതോടെ വടക്കെ മലബാറിലെയും കുടകിലെയും യാത്രക്കാർക്ക് അത് ഏറെ പ്രയോജനം ചെയ്യും.