ന്യൂഡൽഹി: പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്നാണ് മലയാളത്തിലെ പഴംചൊല്ല്. ഇപ്പോൾ സൈബർ ലോകത്തെ കോൺ​ഗ്രസുകാർക്കും വയനാട്ടുകാർക്കും ആ പഴംചൊല്ല് അൽപ്പം മാറ്റിപ്പിടിക്കാം. ഭൂമി കുലുങ്ങിയാലും തങ്ങളുടെ രാഹുൽ കുലുങ്ങില്ലെന്ന്. കഴിഞ്ഞ ദിവസം ഡൽഹിയിൽ ഭൂചലനം ഉണ്ടായ സമയത്തും കൂളായി ഓൺലൈൻ സെമിനാറിൽ പങ്കെടുത്ത് സംസാരിച്ച കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയാണ് ഇപ്പോൾ സൈബർ ലോകത്തെ താരം. ഭൂചലനം ഉണ്ടായപ്പോൾ പലയിടങ്ങളിലും ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ട് ഓടി എന്ന വാർത്തകൾ പുറത്ത് വരുമ്പോഴാണ്, 'ഭൂചലനം ആണെന്ന് തോന്നുന്നു എന്റെ മുറി മുഴുവൻ കുലുങ്ങുന്നു' എന്ന് പറഞ്ഞ് ചിരിച്ച് രാഹുൽ ​ഗാന്ധി സംസാരം തുടർന്നത്.

ചരിത്രകാരനായ ദിപേഷ് ചക്രവർത്തിക്കൊപ്പം ഷിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനിടെയാണ്​ പ്രകമ്പനം അനുഭവപ്പെട്ടത്​. 'ഭൂചലനം ആണെന്ന് തോന്നുന്നു എന്റെ മുറി മുഴുവൻ കുലുങ്ങുന്നു'-എന്ന് സാധാരണ മട്ടിൽ പറഞ്ഞ്​ ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു രാഹുൽ. കർഷക സമരത്തിനിടെയുള്ള കേന്ദ്ര സർക്കാറിന്റെ സോഷ്യൽ മിഡിയ സെൻസർഷിപ്പിനെ കുറിച്ചും സോഷ്യൽ മിഡിയ ട്രോളുകളെ കുറിച്ചും ഒരു വിദ്യാർത്ഥി ഉന്നയിച്ച ചോദ്യത്തിന്​ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഭൂചലനത്തെക്കുറിച്ച് പറഞ്ഞതോടെ പരിപാടിയിൽ പ​ങ്കെടുത്തവർ അമ്പരന്നെങ്കിലും രാഹുൽ ഒന്നും സംഭാവിക്കാത്ത രീതിയിൽ പരിഭ്രാന്തിയോ ആശങ്കയോ ഇല്ലാതെ ചിരിച്ചുകൊണ്ട് തന്റെ സംസാരം തുടരുകയായിരുന്നു. രണ്ടു ദിവസത്തെ രാജസ്ഥാൻ സന്ദർശനത്തിനിടെയാണ്​ അദ്ദേഹം ഓൺലൈൻ സംവാദത്തിൽ പങ്കു ചേർന്നത്. ഇന്ത്യൻ ഓവർസീസ്​ കോൺഗ്രസ്​ ചെയർമാൻ സാം പിത്രാഡോയും രാഹുലിനൊപ്പം പരിപാടിയിൽ പ​ങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ സൂപ്പർ കൂൾ പെരുമാറ്റ​ം കാണിച്ച വിഡിയോ പുറത്തു വന്നതോടെ ​അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ്​ നെറ്റിസൺസ്​.

ഉത്ത​േരന്ത്യയിൽ ഡൽഹിയിലടക്കം വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്​ച രാത്രി 10.30ഓടെയായിരുന്നു ഭൂചലനം. പഞ്ചാബിലെ അമൃത്​സർ, ജമ്മു, ഉത്തരാഖണ്ഡ്​, രാജസ്​ഥാൻ, ഹരിയാന, നോയിഡ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ്​ വിവരം. താജികിസ്​താനാണ്​​ പ്രഭവകേന്ദ്രം. അമൃത്​സറിൽ റിക്​ടർ സ്​കെയിലിൽ 6.1 തീവ്രതയും രാജസ്​ഥാനിലെ ആൾവാറിൽ 4.2 തീ​വ്രതയും രേഖപ്പെടുത്തി. അമൃത്​സറിൽ ജനങ്ങൾ വീടുവിട്ട്​ പുറ​ത്തേക്കോടി. ആളുപായങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ലെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ അറിയിച്ചു.

ഡൽഹിയിലെ റിക്​ടർ സ്​കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനം രേഖപ്പെടുത്തിയ സ്​ഥലങ്ങളിൽ ആളപായമോ മറ്റു നാശനഷ്​ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയെ കൂടാതെ പാകിസ്​താനിലെ ലാഹോർ, ഇസ്​ലാമാബാദ്​ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.