കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ അരങ്ങേറിയ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ പിടിയിലായ മതപുരോഹിതൻ നൗഫർ മൗലവിയെന്ന് സുരക്ഷാമന്ത്രി ശരത് വീരശേകര.

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ 3 പള്ളികളിലും മറ്റും നടത്തിയ സ്‌ഫോടനത്തിൽ 270 പേരാണ് മരിച്ചത്. നൗഫർ മൗലവിയെ സഹായിച്ചത് ഹജുൽ അക്‌ബർ എന്നയാളാണ്. 32 ആളുകളുടെ പേരിൽ കൊലക്കുറ്റം ചാർത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാഷനൽ തവ്ഹീദ് ജമാത്ത് എന്ന ഭീകരസംഘടനയിൽ പെട്ട 9 ചാവേറുകളാണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനങ്ങളിൽ 11 ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു. സംശയമുള്ള 211 പേർ കസ്റ്റഡിയിലാണ്.

രാജ്യാന്തര ബന്ധങ്ങളെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു. കതുവപിടിയയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ആക്രമണം നടത്തിയ ആച്ചി മുഹമ്മദു മുഹമ്മദു ഹസ്തുന്റെ ഭാര്യ സാറ ജാസ്മിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സാറ ജാസ്മിൻ ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം. ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിലും ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രസിഡന്റ് മൈത്രിപാല സിരിസേന ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കർദിനാൾ മാൽകം രഞ്ജിത് ആവശ്യപ്പെട്ടിരുന്നു. ഇരകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കരിദിനമാചരിച്ചിരുന്നു. ഈസ്റ്റർ ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ കുറ്റവാളികൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും കർദിനാൾ ആവശ്യപ്പെട്ടിരുന്നു.

കുറ്റവാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഫയൽ അറ്റോർണി ജനറൽ സമർപ്പിച്ചുവെന്നും മന്ത്രി ശരത് പറഞ്ഞു. അറ്റോണി ജനറലിന്റെ ശുപാർശയ്ക്കനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക. പൊലീസിന്റെ നടപടിയിൽ കർദിനാൾ സന്തോഷവാനാണെന്നും മന്ത്രി അറിയിച്ചു.

ഭീകരാക്രമണം ശ്രീലങ്കയിൽ രാഷ്ട്രീയ കോളിളക്കത്തിനു വഴിതുറന്നിരുന്നു. അക്രമം തടയാൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കും പ്രധാനമന്ത്രി റനിൽ വിക്രം സിംഗെയ്ക്കും സാധിച്ചില്ലെന്ന് ആരോപണമുയർന്നു. തുടർന്ന് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷൻ രൂപീകരിച്ചു. സുരക്ഷാ വീഴ്ചയുണ്ടായതിനെത്തുടർന്ന് ഇന്റലിജൻസ് മേധാവിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ ശുപാർശ ചെയ്തിരുന്നു.