ഇടുക്കി: തൊടുപുഴയിൽ എൽ ഡി എഫിന് തിരിച്ചടി. സൂക്ഷ്മപരിശോധനയ്‌ക്കൊടുവിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ഐ ആന്റണിയുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ക്രിമിനൽ കേസ് മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് പത്രിക തള്ളിയത്.

എന്നാൽ തന്റെ പേരിൽ ക്രിമിനൽ കേസ് ഉള്ള വിവരം തനിക്കറിയില്ലെന്നായിരുന്നു കെ ഐ ആന്റണി വിഷയത്തോട് പ്രതികരിച്ചത്. തൊടുപുഴയിലെ തുറുപ്പുചീട്ടെന്ന് ഇടതുപക്ഷം ഉറച്ച് വിശ്വസിച്ചിരുന്ന സ്ഥാനാർത്ഥിയാണ് കെ.ഐ ആന്റണി. വർഷങ്ങളായി പി.ജെ ജോസഫ് മത്സരിക്കുന്ന തൊടുപുഴ സീറ്റിൽ അദ്ദേഹം തന്നെയാണ് ഇക്കുറിയും യു.ഡി.എഫ്. സ്ഥാനാർത്ഥി. പി ശ്യാംരാജ് ആണ് ഇവിടുത്തെ എൻ ഡി എ സ്ഥാനാർത്ഥി. ചുവരെഴുത്തുകളും ബാനർ സ്ഥാപിക്കലുമെല്ലാം തകൃതിയായി മുന്നേറുകയാണിവിടെ. കെ ഐ ആന്റണിയുടെ പേരിലും ചുവരെഴുത്തുകളുണ്ട്.ഇതിനിടയിലാണ് പത്രിക കമ്മീഷൻ തള്ളിയത്.

പി.ജെ.ജോസഫ് വർഷങ്ങളായി മത്സരിക്കുന്ന തൊടുപുഴ സീറ്റിൽ അദ്ദേഹംതന്നെയാണ് ഇക്കുറിയും യു.ഡി.എഫ്. സ്ഥാനാർത്ഥി. നേരത്തേ, പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാൻ ആലോചനയുണ്ടായെങ്കിലും ഒടുവിൽ ജോസ് വിഭാഗത്തിന് ഇടതുമുന്നണി വിട്ടുനൽകിയ സീറ്റാണ് തൊടുപുഴ. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ടിന്റെയും ജോയ്സ് ജോർജിന്റെയുമെല്ലാം പേര് ഇവിടേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും ജോസിന് വിട്ടുനൽകാൻ തീരുമാനിച്ചതോടെ അഭ്യൂഹങ്ങളെല്ലാം മാറി. കേരള കോൺ​ഗ്രസ് എം പാർട്ടി ഉന്നതാധികാര സമിതിയംഗമാണ് കെ.ഐ. ആന്റണി.