കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോൾ വീണ്ടുമൊരു സമ്പൂർണ പൂട്ടലിന്റെ വക്കിലാണ് രാജ്യം. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശികമായി ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺമൂലം മാത്രമുണ്ടാകുന്ന നഷ്ടം 1.5 ലക്ഷം കോടി രൂപയെന്ന് കണക്കുകൾ. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഇതിന്റെ 80 ശതമാനം നഷ്ടവും സംഭവിക്കുന്നത്. മഹാരാഷ്ട്രയിലെ മാത്രം സാമ്പത്തിക പ്രത്യാഘാതം കണക്കാക്കുകയാണെങ്കിൽ ഇത് 54 ശതമാനമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസർച്ച ്(എസ്‌ബിഐ റിസർച്ച്) വിഭാഗത്തിന്റേതാണ് കണ്ടെത്തൽ.

മഹാരാഷ്ട്രയിലാണ് ലോക്ക്ഡൗൺ വ്യാപകമായുള്ളത്. രാജ്യത്തുതന്നെ കൂടുതൽ വ്യവസായങ്ങളുള്ളതും മഹാരാഷ്ട്രയിലാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ലോക്ഡൗൺ രാജ്യത്തെ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാകുമുണ്ടാക്കുക. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചതും മഹാരാഷ്ട്രയിൽ തന്നെയാണ്. വാരാന്ത്യ ലോക്ഡൗണുകളും രാത്രി കർഫ്യുവും ഏപ്രിൽ 30വരെ തുടരും. കോവിഡ് വ്യാപനം തടയുന്നതിന് സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളും തിയേറ്ററുകളും സലൂണുകളും അടഞ്ഞുകിടക്കുകയാണ്.

82,000 കോടി രൂപയുടെ നഷ്ടമാകും മഹാരാഷ്ട്രയിൽ മാത്രമുണ്ടാകുക. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയാൽ നഷ്ടം വർധിക്കുമെന്നും എസ്‌ബിഐ റിസർച്ച് പറയുന്നു. മധ്യപ്രദേശിന് 21,712 കോടി രൂപയും രാജസ്ഥാന് 17,237 കോടി രൂപയുമാണ് നഷ്ടമുണ്ടാകുക. മധ്യപ്രദേശിൽ 15 ജില്ലകളിലാണ് അടച്ചിടൽ. മെയ് മൂന്നുവരെയാണ് രാജസ്ഥാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, 2022 സാമ്പത്തികവർഷത്തിൽ പ്രതീക്ഷിക്കുന്ന വളർച്ച 11 ശതമാനത്തിൽനിന്ന് 10.4 ശതമാനമായി എസ്‌ബിഐ റിസർച്ച് കുറച്ചിട്ടുണ്ട്.

കോവിഡിനെ തടയാൻ പ്രതിരോധകുത്തിവെയ്‌പ്പുകൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 13 പ്രധാന സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ പകുതിയോളം പേർക്ക് കുത്തിവെയ്‌പ്പെടുക്കുന്നതിന് ജിഡിപിയുടെ 0.1 ശതമാനമായിരിക്കും ചെലവുവരുക. സംസ്ഥാനങ്ങളുടെ ആരോഗ്യ ബജറ്റിന്റെ 15-20 ശതമാനത്തോളംവരുമിത്.