ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളായ സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ ഡയറക്ടർമാരുടെ കാലാവധി അഞ്ചുവർഷം വരെയാക്കാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ. നിലവിൽ രണ്ട് വർഷമാണ് കേന്ദ്ര ഏജൻസികളുടെ തലവന്മാരുടെ കാലാവധി.

കാലാവധി അവസാനിക്കുന്നതിന് മുമ്പ് അവരെ സ്ഥാനത്തുനിന്ന് നീക്കാൻ കഴിയില്ലെങ്കിലും കേന്ദ്രസർക്കാറിന് കാലാവധി നീട്ടി നൽകാൻ സാധിക്കും. ഓർഡിനൻസ് പ്രകാരം, രണ്ടുവർഷ കാലാവധിക്ക് ശേഷം ഓരോ വർഷങ്ങളിലായി മൂന്നുതവണ വരെ ഡയറക്ടർമാരുടെ കാലാവധി നീട്ടിനൽകാനാകും.

 

കാലാവധി നീട്ടുന്നത് സംബന്ധിച്ച രണ്ട് ഓർഡിനൻസുകളിലും  രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പിട്ടു. കേന്ദ്ര ഏജൻസികളെ സംബന്ധിച്ച സുപ്രധാന നീക്കമാണു സർക്കാർ നടത്തിയതെന്നാണു വിലയിരുത്തൽ.

രണ്ടുവർഷ കാലാവധി തീരുന്ന മുറയ്ക്ക്, ഓരോ വർഷം വീതം മൂന്നു വർഷം വരെ സേവനസമയം നീട്ടിനൽകാമെന്ന് ഓർഡിനൻസിൽ പറയുന്നു. 5 വർഷത്തിനുശേഷം പിന്നീടു കാലാവധി നീട്ടാനാവില്ല. ഇഡി ഡയറക്ടർ എസ്.കെ.മിശ്രയുടെ സേവനസമയം നീട്ടുന്നതുമായി ബന്ധപ്പെട്ട കേസിൽ, അപൂർവവും അസാധാരണവുമായ സന്ദർഭങ്ങളിൽ മാത്രമെ ഇങ്ങനെ ചെയ്യാവൂ എന്നായിരുന്നു ജസ്റ്റിസ് എൽ.എൻ.റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അടുത്തിടെ ഉത്തരവിട്ടത്. ഈ മാസം 17നാണ് മിശ്രയുടെ രണ്ടുവർഷത്തെ സേവനം അവസാനിക്കുക.

ഓർഡിനൻസ് വന്നതോടെ ഇഡി ഡയറക്ടർ എസ്.കെ.മിശ്ര, സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാൾ എന്നിവർക്കു കൂടുതൽ കാലം പദവിയിൽ തുടരാനായേക്കും.

ഐആർഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ മിശ്രയാണ് നിലവിൽ ഇ.ഡി മേധാവി. 2018 നവംബറിലാണ് അദ്ദേഹത്തെ നിയമിച്ചത്. 2020 നവംബറിൽ അദ്ദേഹത്തിന്റെ കാലാവധി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്കുകൂടി നീട്ടി നൽകുകയായിരുന്നു.

നിലവിൽ 1985 ബാച്ചിലെ ഐപിഎസ് ഓഫീസറായ സുബോധ് കുമാർ ജെയ്സ്വാളാണ് സിബിഐ തലവൻ. 2021 മെയ് മാസത്തിലാണ് അദ്ദേഹത്തെ രണ്ടു വർഷത്തേക്ക് നിയമിച്ചത്.

പ്രതിപക്ഷത്തെ നേതാക്കളെയും മുൻ കേന്ദ്രമന്ത്രിമാരെയും ലക്ഷ്യംവച്ച് അന്വേഷണങ്ങൾ നടത്താൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പ്രതിപക്ഷം നിരന്തരം ഉയർത്തുന്നതിനിടെയാണ് നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയാണ് ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്). വിദേശനാണ്യ വിനിമയ ചട്ടങ്ങൾ, കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനുള്ള നിയമങ്ങൾ എന്നിവ പ്രകാരമുള്ള കേസുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. നിരവധി നേതാക്കൾക്കും മുൻ മന്ത്രിമാർക്കും എതിരെ ഇ.ഡിയെ ദുരുപയോഗപ്പെടുത്തി അന്വേഷണം നടത്തുന്നുവെന്നാണ് ആരോപണം.