കൊച്ചി: മലയാളം സിനിമാ വ്യവസായം പട്ടിണിയുടെ അങ്ങേയറ്റത്താണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴെങ്കിലുമൊരു കൈത്താങ്ങ് കിട്ടിയില്ലെങ്കിൽ തകർന്നു പോകുമെന്നും ഇടവേള ബാബു പറഞ്ഞു.

സീരിയലുകൾക്ക് അനുമതി നൽകിയതുപോലെ നിയന്ത്രണം പാലിച്ച് സിനിമാ ചിത്രീകരണം അനുവദിക്കണമെന്ന ആവശ്യം സംഘടന മുന്നോട്ടുവെക്കുന്നു. ഷൂട്ടിങിന് അനുമതി തേടുന്നതിന്റെ ഭാഗമായി അമ്മയിലെ അംഗങ്ങൾക്ക് വാക്‌സിനേഷൻ നൽകി. ചലച്ചിത്ര പ്രവർത്തകർ എല്ലാവരും വാക്‌സിൻ എടുക്കാൻ സർക്കാർ നിർദേശിച്ചതിന്റെ ഭാഗമായാണ് 'അമ്മ' വാക്‌സിനേഷൻ ക്യാമ്പ് നടത്തിയത്. വാക്‌സിനേഷൻ ക്യാമ്പ് മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു.

നഷ്ടത്തിലായ സിനിമാ വ്യവസായത്തെ കരകയറ്റാൻ പ്രത്യേക പാക്കേജിനായി സിനിമാ സംഘടനകൾ സർക്കാറിൽ സമ്മർദം ശക്തമാക്കുന്നുണ്ട്്. അതേസമയം, കേരളത്തിൽ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ തീയറ്ററുകൾ തുറക്കാൻ ഉടൻ അനുമതി നൽകേണ്ടെന്ന നിലപാടിലാണ് സർക്കാർ.