ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിൽ സിബിഎസ്ഇ 12ാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കണോ എന്ന കാര്യത്തിൽ തീരുമാനമായില്ല. പരീക്ഷ റദ്ദാക്കുന്നതിനോട് മന്ത്രാലയത്തിന് യോജിപ്പില്ലെന്നാണ് വിവരം. മെയ്‌ 24, 25 തീയതികളിൽ പരീക്ഷ നടത്തിയേക്കുമെന്ന് മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിരുന്നില്ല.

സിബിഎസ്ഇ 12ാം ക്ലാസ് ബോർഡ് പരീക്ഷ നടത്തണോ എന്നതായിരുന്ന ചർച്ചയിലെ പ്രധാന വിഷയം. നഴ്‌സറി മുതൽ പിഎച്ച്ഡി വരെയുള്ള വിദ്യാർത്ഥികളെ ലോക്ഡൗൺ ബാധിച്ചുവെന്ന് യോഗം വിലയിരുത്തി. ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതിനെക്കുറിച്ചും ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ചും യോഗം ചർച്ച ചെയ്തു. കോവിഡ് വ്യാപനത്തെത്തുർന്ന് പല സംസ്ഥാനങ്ങളും 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവച്ചിരുന്നു. സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയും മാറ്റിവയ്ക്കണമെന്ന് ആവശ്യമുണ്ട്.

വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരുന്നതിന് പ്രവർത്തനരേഖ തയാറാക്കണം. സ്‌കൂളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഭാരത് നെറ്റ് ഉപയോഗിക്കണം. സെക്കൻഡറി സ്‌കൂൾ കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകണം. കുട്ടികളുടേയും അദ്ധ്യാപകരുടേയും മാനസികാരോഗ്യത്തിന് മനോദർപൻ പോർട്ടൽ ഉപയോഗിക്കണം. ആവശ്യമായ സ്ഥലങ്ങളിൽ പരാതി പരിഹാരത്തിന് സൗകര്യം ഒരുക്കണം എന്നീ വിഷയങ്ങളാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്.