കരുനാഗപ്പള്ളി: പ്രഭാത സവാരിക്കിറങ്ങി കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കടൽ തീരത്ത് നിന്നും കണ്ടെത്തി. ചവറ ശങ്കരമംഗലം മെമ്പർ നാരായണ പിള്ള കോളേജ് വിദ്യാർത്ഥിയും അമൃതപുരി പറയകടവ് കല്ലുമ്മൂട്ടിൽ വീട്ടിൽ സുജിചന്ദ്രൻ - പ്രവീണ ദമ്പതികളുടെ മകനുമായ ഏകനാഥി(18)ന്റെ മൃതദേഹമാണ് കാട്ടിൽക്കടവ് ക്ഷേത്രത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്.

ഐ.ആർ.ഇ ഖനനമേഖലയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇന്ന് രാവിലെയോട് കൂടി മൃതദേഹം കണ്ടത്. തുടർന്ന് വിവരം പൊലീസിലറിയിക്കുകയും ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച രാവിലെയാണ് ഏകനാഥിനെ കാണാതാകുന്നത്. ആർമി റിക്രൂട്ട്‌മെന്റിന് പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം ഓടാൻ പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി പ്രഭാത സവാരിക്ക് പോകാതിരുന്ന ഏകനാഥ് തിങ്കളാഴ്ച മുതൽ വീണ്ടും പോകുകയായിരുന്നു.

വീടിന് അടുത്തുള്ള സുഹൃത്തിനെ ഓടാൻ പോകാൻ വിളിച്ചിരുന്നു. വെളുപ്പിന് 4 മണിയോടെ പോകണമെന്നും ഓട്ടം കഴിഞ്ഞ് കുറച്ചു നേരം കിടക്കണമെന്നും പറഞ്ഞിരുന്നു. എന്നാൽ സുഹൃത്ത് അത്രയും നേരത്തെ പോകണ്ടെന്നും അഞ്ചര മണിക്ക് പോയാൽ മതിയെന്നും പറഞ്ഞു. എന്നാൽ ഏകനാഥ് നാലുമണിയോടെ തന്നെ പോകുകയായിരുന്നു.

നേരം പുലർന്നിട്ടും ഏകനാഥിനെ കാണാതായതോടെ ബന്ധുക്കൾ തിരക്കിയിറങ്ങി. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ വീട്ടിൽ വച്ചിട്ടാണ് പോയിരുന്നത്. തിരച്ചിലിൽ കണ്ടെത്താനാവാതിരുന്നതോടെ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏകനാഥിന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നുണ്ട്. പോസ്റ്റ് മാർട്ടത്തിന് ശേഷം അസ്വാഭാവികതയുണ്ടോ എന്ന് വ്യക്തമാക്കാമെന്ന് പൊലീസ് പറഞ്ഞു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അമൃത പ്രസാദ് സഹോദരനാണ്.