മാഡ്രിഡ്: എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഡ്രിഡിന്റെ വിജയം. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് റയൽ മാഡ്രിഡ് ബാഴ്‌സലോണയെ തോൽപ്പിക്കുന്നത്.

കരീം ബെൻസേമ(13), ടോണി ക്രൂസ്(28) എന്നിവരാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. അറുപതാം മിനിറ്റിൽ ഓസ്‌കർ മിങ്വേസ ബാഴ്‌സയുടെ ആശ്വാസഗോൾ നേടി. 89-ാം മിനിറ്റിൽ റയലിന്റെ കസമീറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും മുതലാക്കാൻ ബാഴ്‌സയ്ക്കായില്ല.

എൽ ക്ലാസിക്കോയിൽ നേടിയ ജയം റയലിന്റെ കീരിടത്തിനായുള്ള പ്രയാണത്തിൽ നിർണ്ണായകമാണ്. ജയത്തോടെ റയൽ മാഡ്രിഡ് 66 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡിന് ഒപ്പം ഒന്നാമത് നിൽക്കുകയാണ്. 65 പോയിന്റുമായി ബാഴ്‌സലോണ മൂന്നാമതുണ്ട്.

അതേസമയം ബാഴ്‌സലോണ ജഴ്‌സിയിൽ ലയണൽ മെസിയുടെ അവസാന എൽക്ലാസിക്കോ ആയിരിക്കുമോ മത്സരം എന്ന ആശങ്ക ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ മത്സരം അത്രയെറെ ശ്രദ്ധയും നേടിയിരുന്നു. സീസണിലെ അവസാനത്തെ എൽക്ലാസിക്കോയായിരുന്നു ഇന്നലത്തേത്്. ഈ സീസൺ അവസാനിക്കുന്നതോടെ മെസി ബാഴ്‌സ വിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ മെസി ബാഴ്‌സയിൽ തുടരണം എന്ന് റയൽ പരിശീലകൻ സിനദിൻ സിദാൻ ആവശ്യപ്പെട്ടു. ഇത് മെസിയുടെ അവസാനത്തെ എൽ ക്ലാസിക്കോ ആവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം മെസി എത്ര മികച്ച കളിക്കാരനാണ് എന്ന് നമുക്കറിയാം. മെസി തുടരുന്നതാണ് ലീഗിനും നല്ലതെന്ന് സിദാൻ പറഞ്ഞു.

26 ഗോളുകളാണ് ഇതുവരെ എൽ ക്ലാസിക്കോയിൽ മെസിയിൽ നിന്ന് വന്നത്. ക്രിസ്റ്റിയാനോ റയൽ വിട്ടതിന് ശേഷം റയലിനെതിരെ മെസി സ്‌കോർ ചെയ്തിട്ടില്ല. സീസണിൽ 23 ഗോളുമായി ടോപ് സ്‌കോററായി ലീഗിൽ നിൽക്കുന്നത് മെസിയാണ്.