തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ്സും ലീഗും തുടരുന്ന മൗനത്തിനെതിരെ വിമർശനവുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ എളമരം കരീം.കുഴൽപ്പണം കൊണ്ടുപോയത് ബിജെപിക്കുവേണ്ടിയാണ് എന്ന കരുതപ്പെടുന്ന സാഹചര്യത്തിൽ ബിജെപിക്ക് ഇഷ്ടപ്പെടാത്ത ഒന്നു പറയില്ല എന്ന നിലപാടിലാണോ കോൺഗ്രസും ലീഗുമുള്ളതെന്ന് എളമരം കരീം ചോദിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇളമരം കരീമിന്റെ കുറിപ്പ്:

ഇന്ന് കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ച സംഭവമാണ് കൊടകര കള്ളപ്പണക്കടത്ത് കേസ്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണമാണിതെന്നാണ് കരുതപ്പെടുന്നത്. നിരവധി ബിജെപി നേതാക്കളെ ഇതിനകം പൊലീസ് ചോദ്യം ചെയ്തു. അന്വേഷണം തുടരുകയാണ്.

ഈ വിവാദ വിഷയത്തിൽ കോൺഗ്രസ്സും മുസ്ലിം ലീഗും എന്തുകൊണ്ടാണ് ഒരക്ഷരം ഉരിയാടാത്തത്? ബിജെപിക്ക് ഇഷ്ടപ്പെടാത്ത ഒന്നും പറയില്ല എന്ന നിലപാടല്ലേ?

അതേസമയം കവർച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേത് തന്നെയാണെന്ന് പരാതിക്കാരനായ ധർമരാജൻ മൊഴി നൽകി. പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണെന്നും ധർമ്മരാജൻ പറഞ്ഞു. രണ്ടുതവണ ചോദ്യം ചെയ്തപ്പോഴും ധർമ്മരാജൻ പൊലീസിന് നൽകിയത് ഇതേ മൊഴി തന്നെയാണെന്നാണ് വിവരം. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വവും പ്രതിരോധത്തിലാവും.

ധർമ്മരാജന് തിരഞ്ഞെടുപ്പ് ചുമതലകൾ ഇല്ലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ധർമ്മരാജനെ നിരന്തരം ഫോണിൽ വിളിച്ചത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ മൊഴി. തിരഞ്ഞെടുപ്പ് സാമഗ്രികളുമായല്ല ധർമരാജൻ തൃശ്ശൂരിൽ എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ കണ്ടെത്തലോടെ സംസ്ഥാന നേതാക്കളുടെ ആ വാദവും പൊളിയുകയാണ്.

കുഴൽപ്പണം കടത്തിയ ധർമ്മരാജന് മുറി ബുക്ക് ചെയ്തത് ബിജെപിയുടെ ജില്ലാ നേതാക്കളുടെ നിർദേശപ്രകാരമാണെന്ന് ബിജെപി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശൻ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.