ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് റാലികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പുനഃപരിശോധിക്കാൻ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ യോഗം. പരസ്യ പ്രചാരണത്തിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും യോഗം പരിഗണിക്കും.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജനുവരി എട്ടിന് പ്രചാരണ റാലികൾക്കും റോഡ്‌ഷോകൾക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജനുവരി 22ന് ചേർന്ന കമീഷൻ യോഗം വിലക്ക് 31 വരെ നീട്ടി.

എന്നാൽ, ആദ്യ രണ്ടു ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 500 പേരിൽ കൂടാതെ പൊതുയോഗങ്ങൾക്ക് അനുമതി നൽകി. വിലക്ക് ഇന്ന് അവസാനിക്കാനിരിക്കെയാണ് പുനഃപരിശോധന.