കോട്ടയം: നേരിൽ കണ്ടവരുടെയും സമൂഹമാധ്യമങ്ങളിലുടെ കണ്ടവരുടെയും മനസിനെയും കണ്ണിനെയും ഒരുപോലെ ഈറനണിയിക്കുകയാണ് തന്റെ എല്ലാമെല്ലാമായിരുന്നു പാപ്പാന് കൊമ്പൻ വിട നൽകുന്ന ദൃശ്യം.കാൽനൂറ്റാണ്ട് കാലമായി ഒരു ശ്വാസവും രണ്ട് ശരീരവുമായി ജീവിക്കുകയായിരുന്നു ഓമനച്ചേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന ദാമോദരൻ നായർ എന്ന പാപ്പാനും ബ്രഹ്‌മദത്തൻ എന്ന കൊമ്പനും.ഓർക്കാപ്പുറത്ത് തന്നെ തനിച്ചാക്കി ഓമനച്ചേട്ടൻ നടന്നകന്നപ്പോൾ യാത്രാമൊഴിയേകാൻ 24 കിലോമീറ്ററോളം താണ്ടിയാണ് ബ്രഹ്‌മദത്തൻ എത്തിയത്.

തന്റെ പ്രിയപ്പെട്ട ഓമനച്ചേട്ടന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ മറ്റൊന്നിനുമാകാതെ രണ്ടു പ്രാവശ്യം ആകാശത്തേയ്ക്കു തുമ്പിക്കൈ ചുഴറ്റി അന്ത്യാഞ്ജലി നൽകി കൊമ്പൻ പല്ലാട്ടു ബ്രഹ്‌മദത്തൻ പിന്നോട്ടു മാറിനിന്നു.15ാം വയസിൽ പാപ്പാൻ ജോലിക്കിറങ്ങിയ ഓമനച്ചേട്ടന്റെ കൈവിരുതിലാണ് പല്ലാട്ടു ബ്രഹ്‌മദത്തൻ ആർക്കും വഴങ്ങുന്ന ശാന്തസ്വഭാവക്കാരനായ ആനയായി മാറിയത്.

മൂന്നു ദിവസം മുൻപു ഓമനച്ചേട്ടന് ചെറിയ ചുമ ശ്രദ്ധയിൽപെട്ടപ്പോൾ കോവിഡ് ആണോ എന്നു പരിശോധിക്കാൻ രാജേഷ് ആവശ്യപ്പെട്ടു.ആശുപത്രിയിൽ പോയി, പരിശോധനയിൽ കോവിഡ് ഇല്ലെന്നു ബോധ്യമാകുന്നത്. വേറെ ആശുപത്രിയിൽ കാണിക്കാനും നിർദ്ദേശിച്ചു.തുടർന്നു നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തിൽ കാൻസറാണെന്നു കണ്ടെത്തുന്നത്. പിന്നെ ബ്രഹ്‌മദത്തനെ കാണാൻ ഓമനച്ചേട്ടൻ വന്നില്ല. ഏതാനും കീമോ തെറാപ്പികളും ചെയ്‌തെങ്കിലും മരണം അദ്ദേഹത്തെ തേടിയെത്തി.

ശാസ്ത്രവും വിശ്വാസവും ഒരുപോലെ ഇടകലരുന്നു ആനക്കാര്യത്തിൽ ഒരു സൂചനെയെന്നോണം രണ്ടാഴ്ച മുൻപ് ഒരു കാറ്റിൽ ആനയെ കെട്ടിയിരുന്ന തറി കാറ്റിൽ മറിഞ്ഞു വീണുവത്രെ. ബലമുള്ള ഇരുമ്പുകൊണ്ടു തീർത്ത തറി മറിഞ്ഞതു തന്നെ അപശകുനമായി അവർക്കു തോന്നിയിരുന്നതായി സഹായികൾ പറയുന്നു. തറി മറിഞ്ഞ ദിവസമാണ് ഓമനച്ചേട്ടൻ ആശുപത്രിയിൽ പോയതെന്നും ഇവർ പറയുന്നു.

ബ്രഹ്‌മദത്തനെ വാങ്ങുമ്പോൾ ഒപ്പം വന്നതാണ് എല്ലാവർക്കും പ്രിയപ്പെട്ട ഓമനച്ചേട്ടനും. 25 വർഷമായി അവനൊപ്പമുണ്ട്. മറ്റു പാപ്പാന്മാരെ പോലെ ആയിരുന്നില്ല അദ്ദേഹമെന്നും ഉടമ രാജേഷ് പറയുന്നു. ആനയെ ഒരിക്കൽ പോലും ഉപദ്രവിക്കുമായിരുന്നില്ലെന്നു മാത്രമല്ല, മകനെ പോലെ കൂടെ നിർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വൈഭവം. ആന മോശക്കാരനാകുന്നത് പാപ്പാന്റെ സ്വഭാവം കൂടി കൊണ്ടാണെന്നും രാജേഷ് വ്യക്തമാക്കുന്നു.