കോതമംഗലം: കുളങ്ങാട്ടുകുഴിയിൽ ജനവാസ മേഖലയിലെ കൃഷിയിടത്തിൽ കാട്ടു കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഏകദേശം 30 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയെ പ്രദേശ വാസിയായ ചെറുപുറത്ത് സി പി വർഗീസിന്റെ കൃഷിയിടത്തിൽ കണ്ടെത്തിയത്.

കോട്ടപ്പടി - പിണ്ടിമന പഞ്ചായത്തുകളുടെ അതിർത്തിയായ കുളങ്ങാട്ടുകുഴി. വനാതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഷോക്കേറ്റ താകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനെമെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും വനപാലകർ അറിയിച്ചു. മലയാറ്റൂർ ഡി എഫ് ഒരവികുമാർ മീണ, എ ഡി സി എഫ് വരുൺ ഡാലിയ, കോടനാട് റേഞ്ച് ഓഫീസർ ധനിക് ലാൽ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

കാട്ടാനകളുടെ ശല്യം മൂലം ജീവിതം വഴിമുട്ടിയ പ്രദേശങ്ങളിലൊന്നാണ് കുളങ്ങാട്ടു കുഴി. ആ നയുടെ ജഡം കാണപ്പെട്ട ഭാഗത്ത് തൊട്ടടുത്ത് വൈദ്യുത ലൈനില്ല. പന്നിയെ കൊല്ലാൻ ഈ ഭാഗത്ത് കമ്പികൾ സ്ഥാപിച്ച് വൈദ്യുതി കടത്തിവിട്ടിരിക്കാമെന്നും ആന ചരിഞ്ഞെന്നറിഞ്ഞ് ഇത് ഇവിടെ നിന്ന് മാറ്റിയിരിക്കാമെന്നും സംശയമുയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.