കോതമംഗലം: സന്ധ്യയായാൽ പുറത്തിറങ്ങാൻ ഭയമാണ്. കാട്ടാന കൂട്ടങ്ങളുടെ വരവും പോക്കുമെല്ലാം വീട്ടുമുറ്റത്തുകൂടെയും സമീപത്തെ കൃഷിയിടങ്ങളിൽ കൂടിയുമൊക്കെയാണ്്. ജീവിക്കാൻ നിവൃത്തിയില്ല. കന്നുകാലി വളർത്തിയാണ് വീട് കഴിയുന്നത്. ഇപ്പോൾ അതിനും നിവൃത്തിയില്ല. കാട്ടാന കൂട്ടങ്ങൾ അതുങ്ങളെ കുത്തിയും ചവിട്ടിയുമെല്ലാം കൊല്ലും..വാക്കുകൾ മുഴുമിപ്പിക്കാനാവാതെ കുമാരി വിതുമ്പി.

കോട്ടപ്പടി വാവേലി സ്വദേശിനിയാണ് കുമാരി. ദശാബ്ദങ്ങളായി കൃഷിയും കന്നുകാലി വളർത്തലുമൊക്കെയായി ജീവിക്കുന്ന ഇവിടുത്തുകാരുടെ പ്രതിനിധിയാണ് കുമാരി. കോട്ടപ്പടി പഞ്ചായത്തിന്റെ മൂന്നാംവാർഡിൽപ്പെടുന്ന പ്രദേശമാണ് വാവേലി. ഇവിടുത്തെ കൃഷിയിടങ്ങൾ കാട്ടാനകൂട്ടങ്ങളുടെ വിഹാര രംഗമായി മാറിക്കഴിഞ്ഞു.

ഇരുൾവീഴുന്നതിന് മുമ്പുതന്നെ ആനക്കൂട്ടങ്ങൾ ജനവാസമേഖലകളിലേക്ക് ഇറങ്ങിത്തുടങ്ങും. നേരം വെളുക്കുവോളം കൃഷിയിടങ്ങളിൽ ചുറ്റിക്കറങ്ങി,കിട്ടുന്നതെല്ലാം അകത്താക്കും. ആനശല്യം രൂക്ഷമായതോടെ നാട്ടുകാർ സംഘടിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.
ആനയിറങ്ങാൻ സാധ്യതയുള്ള വനമേഖലയോടടുത്ത പ്രദേശങ്ങളിൽ ഇവർ വിവിധ സംഘങ്ങളായി തിരിഞ്ഞ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ടോർച്ചും സെർച്ച് ലൈറ്റുകളുമായി നിലയുറപ്പിച്ചിട്ടുള്ള ഇവർ ആനക്കൂട്ടങ്ങളെ ഒച്ചപ്പാടുണ്ടാക്കിയും പാട്ടകൊട്ടിയും മറ്റും വനത്തിലേയ്ക്ക് തിരിച്ചുവിടുകയാണ് പതിവ്.

ഓടിക്കുമ്പോൾ ചിലപ്പോഴൊക്കെ ആനക്കൂട്ടങ്ങളിൽ നിന്നും ഒന്നോ രണ്ടോ എണ്ണമൊക്കെ എതിരിട്ട്, നേരെ പാഞ്ഞടുക്കാറുണ്ടെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെടുന്നതെന്നും യുവാക്കളുടെ സംഘത്തിലെ ജൂവൽ ജൂഡി പറഞ്ഞു. വനം വകുപ്പ് ഈ മേഖലയിലേക്ക് വാച്ചർമാരുടെ സേവനവും ഏർപ്പാടാക്കിയിട്ടുണ്ട്. നാട്ടുകാർക്കൊപ്പം ആനക്കൂട്ടത്തെ തുരത്താൻ ഇവരും സജീവമായി രംഗത്തുണ്ട്.

താലൂക്കിലെ പ്രധാന കാർഷികമേഖലകളിലൊന്നാണ് കോട്ടപ്പടി. കൃഷിയും കന്നുകാലി വളർത്തലുമൊക്കെയാണ് ഇവിടുത്തുകാരുടെ പ്രധാന ഉപജീവനമാർഗ്ഗം. ആനക്കൂട്ടങ്ങളുടെ കടന്നുകയറ്റവും അതിക്രമവും ഈ രംഗത്തുനിന്നും ഇവരെ അകറ്റിത്തുടങ്ങി. നഷ്ടം നാൾക്കുനാൾ വർദ്ധിക്കുന്നതിനാൽ കൃഷിയിറക്കാൻ താൽപര്യമില്ലെന്നാണ് കർഷകർ വ്യക്തമാക്കുന്നത്.

അടുത്തിടെ ഏതാനും കന്നുകാലികളെ ആനക്കൂട്ടം ചവിട്ടിയും കുത്തിയുമെല്ലാം കൊലപ്പെടുത്തിയത് ക്ഷീരകർഷകരെയും ഭീതിയിലാക്കിയിരിക്കുകാണ്. ആനശല്യം തടയാൻ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണെന്നും ഇതിന് ഫണ്ടില്ലന്ന് പറഞ്ഞ് കൈകഴുകുന്ന നിലപാടാണ് വനവകുപ്പ് സ്വീകരിക്കുന്നതെന്നും കോട്ടപ്പടി പഞ്ചായത്ത് മൂന്നാംവാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ മറുനാടനോട് വ്യക്തമാക്കി.

വഴിവിളക്കുകളുടെ അഭാവം പ്രദേശവാസികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും വഴിനീളെ പ്രകാശമുണ്ടെങ്കിൽ ആനകൂട്ടങ്ങളുടെ വരവ് കുറയുമെന്നാണ് കരുതുന്നതെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ ഉടൻ വേണ്ടത് ചെയ്യണമെന്നും സന്തോഷ് അയ്യപ്പൻ ആവശ്യപ്പെട്ടു.
ബാറ്റുകൾ എടുക്കുന്നതിനിടെ ജൂവൽ ജൂഡിയുടെ മകൾ ഫ്രഷ്ന അടുത്തേയ്ക്കെത്തി എനിക്കും പറയാനുണ്ടെന്നു പറഞ്ഞ് മറുനാടന്റെ മൈക്കിന് മുന്നിലേയ്ക്കെത്തി.

ഓൺലൈൻ ക്ലാസ് നടക്കുന്ന അവസരത്തിൽ പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടാൽ ആന എത്തിയോ എന്നുള്ള ഭയപ്പാടിലാവുമെന്നും ഇത് പഠിത്തത്തെ പോലും ബാധിച്ചുതുടങ്ങിയെന്നുമാണ് ഈ 4-ാം ക്ലാസ്സുകാരിയുടെ വെളിപ്പെടുത്തൽ. മാതാപിതാക്കൾ വീട്ടിൽ മിക്കപ്പോഴും ആന എത്തുന്നതിനെ കുറിച്ച് സംസാരിക്കാറുണ്ടെന്നും ഇതുകേൾക്കുമ്പോൾ തനിക്കും അനിയത്തിക്കും പേടി കൂടിയെന്നും ഫ്രഷ്‌ന പറഞ്ഞു. വനംവകുപ്പോ മുഖ്യമന്ത്രിയോ ഇടപെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം എന്നാണ് മുതിർന്നവരെ പോലെ ഈ കൊച്ചുമിടുക്കിയും ആവശ്യപ്പെടുന്നത്.