കോതമംഗലം;മകന് ആനവാൽ മോതിരം സമ്മാനിക്കാൻ ലക്ഷ്യമിട്ട് ചരിഞ്ഞ കാട്ടുകൊമ്പന്റെ വാലിലെ ഏതാനും രോമങ്ങൾ പിഴുതെടുത്തതിന്റെ പേരിൽ യുവാവിനെ കേസിൽകുടുക്കിയ വനംവകുപ്പിന്റെ നടപടയിൽ വാദപ്രതിവാദം ചൂടുപിടിക്കുന്നു.സാമൂഹിക മാധ്യമങ്ങളിൽ സംഭവത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

ഇതിനകം തന്നെ നിരവധി ട്രോളുകൾ ഇത് സംബന്ധിച്ച് ഇറങ്ങിക്കഴിഞ്ഞു.പ്രമുഖ സിനിമതാരങ്ങളെ ബന്ധപ്പെടുത്തിയാണ് ട്രോളുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.മരപ്പണിക്കാരനായ മാലിപ്പാറ കുന്നപ്പിള്ളിയിൽ ബിജുവിനെതിരെയാണ് വന്യജീവി സംരക്ഷണ നിയമം ലഘിച്ചതായി ആരോപിച്ച് വനം വകുപ്പ് നിയമനടപടികളുമായി മുന്നോട്ടുപോകുന്നത്. ഇയാളിൽ നിന്നും 4 ആനവാലിലെ രോമങ്ങൾ കണ്ടെടുത്തെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ.

തന്റെ അറിവുകേടുമൂലമാണ് ഇത്തരമൊരുസംഭവം ഉണ്ടായതെന്നും കേസ്സിൽ എന്തുശിക്ഷ ലഭിച്ചാലും അനുഭവിക്കാൻ തയ്യാറാണെന്നുമാണ് ഇക്കാര്യത്തിൽ ബിജുവിന്റെ പ്രതികരണം.

കേസ്സ് നടത്തിപ്പിനായി വക്കീലിനെ ചുമതലപ്പെടുത്താൻ പണം വേണം.വിളിയിക്കുമ്പോഴെല്ലാം കോടതിയിൽ എത്തുകയും വേണം.കൂലിപ്പണിചെയ്തുകിട്ടുന്നതിൽ നിന്നും ഇപ്പോൾ ഇതിനായും തുകകണ്ടെത്തേണ്ട അവസ്ഥയാണ്.ഭാര്യയും മക്കളും വയസ്സായമാതാപിതാക്കളും കുടംബത്തിലുണ്ട്.ഇപ്പോൾ കൂടുതലൊന്നും ചിന്തിക്കുന്നില്ല.

മാധ്യമങ്ങളിലൂടെ ഇക്കാര്യം ചർച്ചയാക്കുന്നതിനും താൽപര്യമില്ല. ബിജു കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം കോട്ടപ്പടി കുളങ്ങാട്ടുകുഴിയിലെ കൃഷിയിടത്തിൽ ചെരിഞ്ഞ നിലയിൽ കാണപ്പെട്ട കാട്ടുകൊ
മ്പന്റെ വാലിലെ രോമമാണ് ആനയുടെ ജഡം കാണാനെത്തിയ അവസരത്തിൽ ബിജു പിഴുതെടുത്തത്.ഇയാൾ രോമം പിഴുതെടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടുകൂടിയാണ് വനം വകുപ്പ് കേസ് എടുത്തത്.

ബിജുവിനെ മെയ്‌ക്കപ്പാലയിലെ വനംവകുപ്പ് ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി അധികൃതർ അറസ്റ്റുരേഖപ്പെടുത്തുകയായിരുന്നു.തുടർന്ന് കോടതിയിൽ ഹാജാരാക്കി.കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് അധികൃതർ വിട്ടയ്ക്കുകയും ചെയ്തു.വനംവകുപ്പധികൃതർ മാന്യമായിട്ടാണ പെരുമാറിയതെന്നും അവർ അവരുടെ ഡ്യൂട്ടിചെയ്തു എന്നല്ലാതെ ഈ നടപടയിൽ താൻ മറ്റൊന്നും കരുതുന്നില്ലന്നും ബിജു മറുനാടനോട് വ്യക്തമാക്കി.

വന്യജീവികളുടെ ശരീരഭാഗങ്ങൾ കരസ്ഥമാക്കുന്നതും സൂക്ഷിക്കുന്നതും ചട്ടലംഘനമാണെന്നും ഇത്തരം കേസുകളിൽ പ്രതിയാവുന്ന വ്യക്തിക്ക് 3 കൊല്ലം തടവും 50000 രുപ വരെ പിഴയും ശിക്ഷകിട്ടാൻ സാധ്യതയുണ്ടെന്നുമാണ് വനംവകുപ്പധികൃതർ വ്യക്തമാക്കുന്നത്.