കൊച്ചി: ഇടമലയാർ - പൂയംകൂട്ടി വനത്തിനുള്ളിൽ പരസ്പരം ഏറ്റുമുട്ടിയ കടുവയുടേയും ആനയുടേയും ജഡം കണ്ടെത്തി. ബുധനാഴ്ച ബീറ്റിനു പോയ വാരിയം വനംവകുപ്പ് ഔട്ട് പോസ്റ്റിലെ വനപാലകരാണ് ജഡം കണ്ടത്.

ഇടമലയാർ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരിൽ നിന്ന് അഞ്ചു കിലോമീറ്ററോളം അകലം കൊളുത്തുപ്പെട്ടി ഭാഗത്തെ പുൽമേടയിലാണ് വന്യജീവികളുടെ ജഡം കണ്ടെത്തിയത്.

ആനയും കടുവയും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഉണ്ടായ ഗുരുതര പരിക്കാണ് മരണത്തിന് കാരണമെന്നാണ് വന്യജീവി വിദഗ്ദ്ധർ പറയുന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾഡ് 1-ൽ ഉൾപ്പെടുന്ന ജീവികളാണ് ആനയും കടുവയും.

കടുവ മാത്രമാണ് ആനയെ ആക്രമിക്കുന്ന വേട്ടക്കാരൻ. എന്നാൽ മുതിർന്ന ആനകളെ കടുവ ആക്രമിക്കുന്ന സംഭവം അപൂർവ്വമാണ്. കുട്ടിയാനകളെ കടുവകൾ പിന്തുടർന്ന് ആക്രമിക്കാറുണ്ട്.

കാട്ടിൽ അസാധാരണമായി സംഭവിക്കുന്നതാണ് കടുവയും ആനയും തമ്മിലുള്ള ഏറ്റുമുട്ടലെന്ന് വന്യജീവി വിദഗ്ധൻ ഡോ. പി എസ് ഈസ പറഞ്ഞു. സംസ്ഥാനത്ത് ഇതാദ്യമായിട്ടല്ല ആനയും കടുവയും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നത് പി എസ് ഈസ പറഞ്ഞു. 2009-10 ൽ സൈലന്റ് വാലി വനത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2017ൽ വയനാട്ടിൽ കടുവകൾ ആനകളെ കൊല്ലുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈലന്റ് വാലിയിൽ ആനയും കടുവയും തമ്മിലുണ്ടായ ഏറ്റുമുട്ടൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു.

ഏഴു വയസ് പ്രായമുള്ള കടുവയും മോഴയിനത്തിൽ പെട്ട 15 വയസ് പ്രായമുള്ള ആനയുമാണ് ചത്തത്. ഇരു മൃഗങ്ങളുടെയും ജഡത്തിന് 15 ദിവസത്തെ പഴക്കമുണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ആനയും കടുവയും തമ്മിലുള്ള ഏറ്റുമുട്ടൽ വനത്തിൽ ഉണ്ടാകാറുണ്ടെന്ന് വനംവകുപ്പ് ജീവനക്കാർ പറയുന്നു.

മലയാറ്റൂർ ഡി. എഫ്. ഒ. രവികുമാർ മീണ, ഇടമലയാർ റേഞ്ച് ഓഫീസർ പി.എസ്. നിധിൻ, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർമാരായ ഡേവിഡ്, അനുമോദ്, വനപാലകരായ ഷിജുമോർ, സിയാദ്, അജു, സാദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോർട്ടം നടത്തും.