തിരുവനന്തപുരം: ആർടെക് അശോകന്റെ സെൻട്രൽ മാളിലെ കള്ളത്തരങ്ങൾ പൊളിച്ച റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടി വീണ്ടും മറ്റൊരു വഞ്ചനയിൽ കൂടി ഇടപെടുന്നു. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഇഎം നജീബിന്റെ റിയൽ എസ്റ്റേറ്റ് ഇടപെടിലാണ് പി എച്ച് കുര്യന്റെ നേതൃത്വത്തിലെ അഥോറിട്ടിയുടെ ഇടപെടൽ. ഗ്രേറ്റ് ഇന്ത്യാ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ റോയൽ ഓർക്കിഡ് എന്ന പദ്ധതിയിലെ ചതിയാണ് തിരിച്ചറിയുന്നത്. 2009ൽ പണി തുടങ്ങിയ ഈ പ്രോജക്ട് ഇനിയും പൂർത്തിയായിട്ടില്ല. ഇതോടെ വെട്ടിലായത് മുൻകൂർ പണം നൽകിയ റിട്ടേ ഐഎഎസുകാരുൾപ്പെടെയുള്ള പ്രമുഖരാണ്. മെയ്‌ മാസത്തിന് മുമ്പ് ഇവർക്കി നീതി നൽകണമെന്നാണ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടിയുടെ ഉത്തരവ്.

2009ലാണ് മോഹന വാഗ്ദാനവുമായി കുറവൻകോണത്ത് പദ്ധതി പ്രഖ്യാപിക്കുന്നത്. 2012ൽ പണി പൂർത്തിയാകുമെന്ന് വാഗ്ദാനം നൽകി 23 ഫ്‌ളാറ്റുകൾ വിറ്റു. 17 എണ്ണം വിറ്റതുമില്ല. അത്യാധുനിക പ്ലേ ഹൗസ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ. ജിമ്മും സ്വിമ്മിങ് പൂളും അടക്കം എല്ലാം. എന്നാൽ 2012 കഴിഞ്ഞ് ഒൻപത് വർഷമായിട്ടും പണം നൽകിയവർക്ക് ഒന്നുമില്ല. സുതാര്യമായി ജോലി നോക്കിയ റിട്ടേ ഐഎഎസുകാർ അടക്കം വഞ്ചിക്കപ്പെട്ടു. ഡോ ശകുന്തളാ രാജഗോപാൽ എന്ന വ്യക്തിയുടെ പേരിലാണ് ഈ സ്ഥലം. പത്ത് അപ്പാർട്ട്‌മെന്റുകൾ വാഗ്ദാനം നൽകിയാണ് ഈ ഭൂമിയിൽ ഗ്രേറ്റ് ഇന്ത്യാ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഫ്‌ളാറ്റ് നിർമ്മാണം തുടങ്ങിയത്. എന്നാൽ ഈ വാഗ്ദാനം പാലിക്കാത്തതിനാൽ ഈ ഭൂമി ഇപ്പോഴും അമേരിക്കയിലുള്ള ഡോക്ടറുടെ പേരിലാണ്.

ഫ്‌ളാറ്റ് കിട്ടും കിട്ടുമെന്ന് കരുതി ഇരുന്നവർക്ക് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ചതിക്കപ്പെട്ടുവെന്ന് വ്യക്തമായത്. ഇതോടെയാണ് അസോസിയേഷൻ രൂപീകരിച്ച് അഥോറിട്ടിയിൽ പരാതിയുമായി എത്തിയത്. എല്ലാം പരിശോധിച്ച് അഞ്ച് ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചു. എല്ലാത്തിലും ഉള്ളത് പാവപ്പെട്ട പണം മുടക്കിയവരുടെ വാദങ്ങൾ ശരിയാണെന്ന കണ്ടെത്തൽ. ഫ്‌ളാറ്റ് പണം കൊടുത്ത് നേരത്തെ സ്വന്തമാക്കിയവരുടെ പേരിലേക്ക് വസ്തു എഴുത്താത്തത് പോലും തെറ്റാണെന്ന് അഥോറിട്ട് വിലയിരുത്തിയിട്ടുണ്ട്. അതിവേഗം ഇവർക്ക് നീതി നൽകണമെന്നാണ് നിർദ്ദേശം. എന്നാൽ ശതകോടീശ്വരനായ മുതലാളി ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.

മാർച്ച് 19നാണ് ഈ വിഷയത്തിൽ അഥോറിട്ടിയുടെ അവസാന ഇടപെടൽ. മെയ്‌ മാസത്തിന് മുമ്പ് പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കിൽ നിയമ നടപടികളിലേക്ക് കടക്കുമെന്ന് അഥോറിട്ടി പറയുന്നു. ക്രിമിനൽ നടപടിക്രമം അടക്കമുണ്ടാകുമെന്നും പറയുന്നു. പിന്നീട് നഷ്ടത്തിന് ഓരോ ദിവസവും പിഴയും കൊടുക്കേണ്ടി വരുമെന്ന തരത്തിലാണ് അഥോറിട്ടിയുടെ മാർച്ച് മാസത്തിലെ ഇടപെടൽ. ഈ വിഷയത്തിൽ പ്രതികരണത്തിന് മറുനാടൻ മലയാളി ശ്രമിച്ചുവെങ്കിലും ഈ കമ്പനിയുടെ തലവനായ ഇഎം നജീബ് അതിന് തയ്യാറായില്ലെന്നതാണ് വസ്തുത. മറ്റ് മാധ്യമങ്ങൾ ഈ വിഷത്തിൽ വാർത്ത നൽകുന്നുമില്ല. നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ് നജീബ്. രാഷ്ട്രീയക്കാരുമായി അടുത്ത സൗഹൃദവുമുണ്ട്.

കിംസ് ആശുപത്രിയുടെ ഡയറക്ടറാണ് നജീബ്. ഇതിനൊപ്പം ഗ്രേറ്റ് ഇന്ത്യാ ടൂർ കമ്പനിയുടെ ഉടമയും. ഈ കമ്പനിയുടെ പേരിനോട് ചേർന്ന് നിൽക്കുന്നതാണ് ഗ്രേറ്റ് ഇന്ത്യാ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരും. ഈ കമ്പനിയുടെ ചെർമാനാണ് നജീബ്. സഹോദരനായ ഇക്‌ബാൽ എംഡിയും. ടൂറിസം രംഗത്തെ സംഘടനായ അയാട്ടയുടെ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം. കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സംഘടനാ തലവനും നജീബാണ്. പോരാത്തതിന് കിംസിലെ ഡയറക്ടറും. നജീബിന്റെ സഹോദരൻ ഡോ സഫറുള്ളയാണ് കിംസിന്റെ ചെയർമാൻ.

കിംസ് എന്ന സ്ഥാപനത്തിന്റെ ഉപസ്ഥാപനം എന്ന് കരുതിയാണ് നജീബിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി പലരും സഹകരിച്ചത്. എന്നാൽ ഈ കമ്പനിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സഫറുള്ളയും പരാതിക്കാരെ അറിയിച്ചു. ഇതോടെയാണ് അവർ അഥോറിട്ടിയെ സമീപിച്ചത്. പാറ്റൂരിലെ ആർടെക് മാളിൽ അഥോറിട്ടി നടത്തിയ ഇടപെടൽ കൂടി പരിഗണിച്ചാണ് ഇത്. കുറവൻ കോണത്തെ നജീബിന്റെ റോയൽ ഓർക്കിഡിലെ ചതിയും ഇതോടെ പുറംലോകത്ത് എത്തി. 23 ഫ്‌ളാറ്റുകളാണ് വിറ്റത്. എന്നാൽ ഈ ഭൂമിയിൽ അവർ ലോണും എടുത്തിരിക്കുന്നു. ഈ വായ്പയുടെ തിരിച്ചടവും മുടങ്ങി. അതുകൊണ്ട് തന്നെ എസ് ബി ഐ നിയമ നടപടികളും തുടങ്ങിയിട്ടുണ്ട്.

ഈ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ മറ്റ് സ്വത്ത് വകകൾ കൂടി ഉൾപ്പെടുത്തിയാണ് ആറു കോടിയുടെ തിരിച്ചെടുക്കലിനുള്ള നടപടി. എസ് ബി ഐ ഈ ഭൂമി ഏറ്റെടുത്താൽ പെൻഷൻ തുകയും മറ്റും മുടക്കി നജീബിന്റെ ഫ്‌ളാറ്റിൽ പണം മുടക്കിയവർ വഞ്ചിതരാകും. തിരുവനന്തപുരത്ത് നിരവധി സ്ഥാപനങ്ങളും വസ്തു വകകളും നജീബിന് സ്വന്തമായി ഉണ്ട്. അതുകൊണ്ട് തന്നെ അതിസമ്പന്നനായ മുതലാളിയുടെ ചതിയിൽ അഥോറിട്ടിയിൽ നിന്ന് നീതി പ്രതീക്ഷിക്കുകയാണ് പണം മുടക്കിയ ആളുകൾ.