തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാർ ഇടതുമുന്നണിക്ക് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുന്ന ഏറ്റവും പ്രധാന പ്രചരണ വിഷയമായി മാറിക്കഴിഞ്ഞു. ഇഎംസിസിയുമായി കരാർ ഒപ്പിട്ടത് അസെൻഡിൽ വച്ചായിരുന്നു. അന്ന് വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്ഐ.ഡി.സിയാണ് ആദ്യ ധാരാണാപത്രം ഒപ്പിട്ടത്. എം ഡി രാജമാണിക്യമായിരുന്നു സർക്കാറിനെ ഇത്രത്തോളും വിവാദത്തിലേക്ക് നയിച്ച ധാരണാ പത്രത്തിൽ ഒപ്പിട്ടത്. ഈ ധാരണാപത്രം സർക്കാറിന്റെ നയങ്ങൾക്കെല്ലാം വിരുദ്ധമാണെന്ന് കരാർ റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലും വ്യക്തമാകുമ്പോൾ ആർക്കെതിരെയാണ് നടപടി എടുക്കേണ്ടത് എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

ഇഎംസിസിയുമായുള്ള എല്ലാ കരാറും റദ്ദാക്കുന്നതായി സമ്മതിച്ചുള്ള കെഎസ്‌ഐഡിസി എംഡി രാജമാണിക്യം ഒപ്പിട്ട ഉത്തരവിൽ തന്നെ സർക്കാറിന്റെ ഫിഷറീസ് നയം തെറ്റിച്ചു എന്ന കുറ്റസമ്മതമുണ്ട്. ഇതാദ്യമായാണ് ഈ വിഷയത്തിൽ കെഎസ്‌ഐഡിസി കുറ്റസമ്മതം നടത്തുന്നത്. ഇഎംസിസിയുമായി ആഴക്കടൽ മീൻപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ 5000 കോടിയുടെ ധാരണപത്രവും ചേർത്തലയിൽ ഭൂമി അനുവദിച്ചതും റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഇന്നാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം 26 ന് ധാരണാപത്രം റദ്ദാക്കിയിരുന്നുവെങ്കിലും ഇന്ന് പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ഉത്തരവ് പുറത്തുവിട്ടത്. ഇ.എം.സി.സിയുമായി 2020 ഫെബ്രുവരി 28-ന് അസെൻഡിൽ വെച്ച് ഒപ്പിട്ട ധാരണാപത്രവും ഇതുവരെ റദ്ദാക്കിയിട്ടില്ലെന്നും ചെന്നിത്തല രാവിലെ ആരോപിച്ചിരുന്നു. വീണ്ടും അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ വേണ്ടിയാണ് ഒറിജിനൽ ധാരണാപത്രം റദ്ദാക്കാതിരുന്നത് എന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് റദ്ദക്കിയെന്ന കെഎസ്‌ഐഡിസി എംഡിയുടെ കത്ത് പുറത്തുവന്നത്.

കരാർ റദ്ദാക്കി കൊണ്ടുള്ള ഉത്തരവിൽ സർക്കാർ ശരിക്കും വിഷയത്തിലെ വില്ലൻ ആരാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. ഇ.എം.സി.സിക്ക് ആവശ്യമായ സാമ്പത്തിക ഭദ്രതയും വിശ്വാസ്യതയുമില്ലെന്നും കമ്പനിയുടെ നിർദ്ദേശങ്ങൾ സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണെന്നും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു റദ്ദാക്കൽ നടപടി എന്നാണ് രാജമാണിക്യത്തിന്റെ റദ്ദാക്കൽ ഉത്തരവിൽ പറയുന്നത്. അസൻഡിലെ എംപവർ കമ്മറ്റിയിലെ സെക്രട്ടറിമാരെല്ലാം ഇഎംസിസിക്ക് അനുകൂല നിലപാട് സ്വീകരിച്ചുവെന്നും റദ്ദാക്കൽ ഉത്തരവിൽ പറയുന്നുണ്ട്. ഇവരിലേക്കും ഇടപാടിലെ സംശയം നീളുന്നതായി ഇതിൽ നിന്നും വ്യക്തമാണ്.

ആലപ്പുഴ പള്ളിപ്പുറം മെഗാ ഫുഡ്പാർക്കിൽ കമ്പനിക്ക് ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ ഭൂമി അനുവദിച്ച നടപടിയും ഇതിനോടൊപ്പം റദ്ദാക്കിയിരുന്നു. അനുമതികൾ റദ്ദാക്കിയ വിവരം കമ്പനിയെ കെ.എസ്ഐ.ഡി.സി രേഖാമൂലം അതേ ദിവസം തന്നെ അറിയിക്കുകയും ചെയ്തിരുന്നു. കരാർ ഒപ്പിട്ടത് കെ.എസ്ഐ.ഡി.സി എംഡി രാജമാണിക്യം ആയതിനാൽ, പിന്നെ ഈ സർക്കാർ നയം തെറ്റിച്ചത് രാജമാണിക്യമാണെന്ന് വ്യക്തമാണ്. എന്നാൽ, ഇതുവരെയുള്ള ഒരു നേതാക്കളും രാജമാണിക്യത്തെ കുറ്റപ്പെടുത്തിയിട്ടില്ല. മറിച്ച് ചെന്നിത്തലയുമായുള്ള ബന്ധം പരിഗണിച്ച് എൻ പ്രശാന്തിനെയാണ് പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഇതോടെ സർക്കാർ തന്നെയാണ് വിഷയത്തിൽ വിവാദത്തിലാകുന്നത്.

അസൻഡിലെ ധാരണാപത്രത്തിന്റെ തുടർച്ചയായി കാര്യങ്ങൾ ചെയ്യുക മാത്രമാണ് എൻ പ്രശാന്ത് ചെയ്യുന്നത്. 400 യന്ത്രവത്കൃത ബോട്ടുകളും യാനങ്ങൾ നിർമ്മിക്കാനുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് കോർപറേഷനുമായി ഇ.എം.സി.സി ധാരാണാപത്രം ഒപ്പിട്ടത്. ആഴക്കടൽ മൽസ്യബന്ധനത്തിൽ അമേരിക്കൻ കമ്പനി ഇം.എം.സി.സിയുമായി ധാരണപത്രം റദ്ദാക്കിയെന്ന സർക്കാർ വാദം പൊളിയുന്നതിനിടെ സർക്കാർ എംഒയുവും റദ്ദാക്കിയത്. അസൻഡ് കേരളയിൽ സർക്കാരുമായി ഒപ്പിട്ട 5,324 കോടിയുടെ ധാരണപത്രം റദ്ദാക്കിയെന്ന പ്രഖ്യാപനം വിവാദത്തിൽ നിന്ന് രക്ഷപെടാനുള്ള തന്ത്രമായിരുന്നുവെന്ന് വ്യക്തമാവുകയാണ്.

ഇഎംസിസിയുമായുള്ള കരാർ റദ്ദാക്കിയത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് എടുത്ത തീരുമാനം അംഗീകരിച്ച് പക്ഷെ ഇതുവരെയും വ്യവസായവകുപ്പോ സർക്കാരോ ഉത്തരവിറക്കിയിട്ടില്ല. നിലവിൽ പുറത്തുവന്നത് കെ.എസ്ഐ.ഡി.സി എം ഡി ഒപ്പിട്ട ധാരണപത്രം റദ്ദാക്കിയ വിവരങ്ങളാണ്. നേരത്തെ കരാറിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനും അറിയാമായിരുന്നു എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്‌കരൻ കെഎസ്ഐഎൻസി എംഡി എൻ. പ്രശാന്തുമായി നടത്തിയ വാട്‌സാപ് ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകളും പുറത്തുവരികയുണ്ടായി. ഇതോടെ പ്രതിരോധത്തിലായ സർക്കാർ വീണ്ടും പ്രശാന്തിനെ കുറ്റപ്പെടുത്തുകയാണ് ഉണ്ടായത്.