കുണ്ടറ: ആഴക്കടൽ മത്സ്യബന്ധന വിവാദം കുണ്ടറയിൽ സജീവ തെരഞ്ഞെടുപ്പ് വിഷയമാകുന്നു. കുണ്ടറയിലെ ഇടത് സ്ഥാനാർത്ഥി ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കാൻ ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് തയ്യാറെടുക്കുന്നു. പദ്ധതിയിൽ മന്ത്രി വഞ്ചിച്ചെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സ്ഥാനാർത്ഥിയാകുന്നതെന്നും ഷിജു വർഗീസ് പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധന നയം സർക്കാരിനില്ലെങ്കിൽ നേരത്തെ പറയണമായിരുന്നു. പിഴവുപറ്റിയത് മന്ത്രിക്കും മന്ത്രിയുടെ ഓഫീസിനുമാണ്. തള്ളിപ്പറഞ്ഞ മേഴ്‌സികുട്ടിയമ്മയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് ഷിജു വർഗീസിന്റെ നിലപാട്. വിവാദങ്ങളെത്തുടർന്ന് ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും കേരള സർക്കാർ റദ്ദാക്കിയിരുന്നു.

കമ്പനിക്ക് പള്ളിപ്പുറത്ത് നാലേക്കർ ഭൂമി നൽകാനുള്ള തീരുമാനവും റദ്ദാക്കി. ഇഎംസിസിയുമായുള്ള രണ്ട് ധാരണാപത്രങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് ഭൂമി നൽകാനുള്ള തീരുമാനം റദ്ദാക്കിയത്. വ്യവസായ മന്ത്രി ഇപി ജയരാജനാണ് ഇത് സംബന്ധിച്ച നിർദ്ദേശം കെഎസ്ഐഡിസിക്ക് നൽകിയത്. പ്രാഥമികമായ കരാർ ഒപ്പിട്ടുവെന്നല്ലാതെ ഭൂമി കൈമാറിയിട്ടില്ലെന്നാണ് കെഎസ്ഐഡിസിയുടെ വിശദീകരണം.

ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്നാണ് കെഎസ്ഐഡിസിക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം. 2020 ഫെബ്രുവരി 28ന് ‘അസെൻഡ്' നിക്ഷേപക സംഗമത്തിന്റെ ഭാഗമായി ഒപ്പിട്ട 5000 കോടി രൂപ പദ്ധതിയുടെ ധാരണാപത്രമാണ് നേരത്തെ സർക്കാർ റദ്ദാക്കിയത്.