തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ കടുക്കുമ്പോൾ പുറത്ത് വരുന്ന വിവരങ്ങളും വെളിപ്പെടുത്തലുകളും സംസ്ഥാന സർക്കാരിന് കൂടുതൽ കുരുക്കാകുന്നു. ഇഎംസിസി സിഇഒ ഡുവാൻ ജെറിന്സണെ മുഖ്യമന്ത്രി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിനും ഇപ്പോൾ ഉത്തരമാകുകയാണ്. ഡുവാൻ ജെറിന്സണും താനും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് ഒപ്പം ക്ലിഫ് ഹൗസിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു എന്ന് ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസ് വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 2019 ഓഗസ്റ്റിൽ ആയിരുന്നു കൂടിക്കാഴ്‌ച്ചയെന്നും ഷിജു വർഗീസ് പറയുന്നു.

ഷിജു വർ​ഗീസിന്റെ വെളിപ്പെടുത്തലോടെ എല്ലാ കരാറുകളും തീരുമാനങ്ങളും മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിയെന്ന് തെളിയുകയാണ്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെയും ഇന്ന് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു. ഇഎംസിസിയുമായുള്ള ധാരണാപത്രവും , സ്ഥലം അനുവദിച്ച രേഖയും പുറത്തുവിട്ട് ചെന്നിത്തല മുഖ്യമന്ത്രി കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ആരോപിച്ചിരുന്നു. വിദേശകമ്പനിയുമായി ഒരുകരാറും ഒപ്പിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിക്കുമ്പോഴാണ് പിആർഡിയുടെ ഒരു പരസ്യം പുറത്ത് വരുന്നത്. ബോട്ട് നിർമ്മിക്കുന്നതിന് വിദേശകമ്പനിയുമായി ധാരണയായെന്നാണ് സർക്കാർ പരസ്യത്തിലുള്ളത്. ഇത് ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതിരോധം പ്രതിപക്ഷനേതാവ് പൊളിച്ചത്. പരസ്യം മാത്രമല്ല കെഎസ്ഐഡി സിയുമായി ഇഎംസിസി ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണപത്രവും ചേർത്തല പള്ളിപ്പുറത്ത് നാല് ഏക്കർ സ്ഥലം അനുവദിച്ചുള്ള ഉത്തരവും ചെന്നിത്തല പുറത്ത് വിട്ടതോടെ മുഖ്യമന്ത്രി വീണ്ടും പ്രതിരോധത്തിലായി.

ഇ.എം.സി.സി. ഇന്റർനാഷണലിന്റെ സിഇഒ. ഡുവൻ ഇ ഗെരൻസർ എന്നയാളെ മുഖ്യമന്ത്രി എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അദ്ദേഹവുമായി ചർച്ച നടത്തിയിട്ടുണ്ടോ ? മുഖ്യമന്ത്രി ഒന്ന് ഓർത്തു നോക്കൂ. മുൻപ് സ്വപ്നാ സുരേഷിനെ കണ്ടകാര്യം അദ്ദേഹം ആദ്യം ഓർത്തിരുന്നില്ല. പിന്നീടാണ് ഓർമ്മ വന്നത്. അതുപോലെ ഇദ്ദേഹത്തെയും എവിടെയെങ്കിലും വച്ചു കണ്ടിട്ടുണ്ടോ എന്നും ചർച്ച നടത്തിയിട്ടുണ്ടോ എന്നും ഓർത്തു നോക്കണം. ഇപ്പോൾ അത്ര മാത്രമേ പറയുന്നുള്ളു. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്നായിരുന്നല്ലോ സിപിഎമ്മിന്റെ പഴയ മുദ്രാവാക്യം. ഇപ്പോൾ അറബിക്കടലിൽ അമേരിക്കക്കാരുടെ കപ്പലുകളെയാണ് സിപിഎം നിറയ്ക്കുന്നത്.- ഇന്ന് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. കൂടുതൽ തെളിവുകൾ കൈയിലുണ്ടെന്ന സൂചനയാണ് ഇതിലൂടെ പ്രതിപക്ഷ നേതാവ് നൽകുന്നത്.

400 ട്രോളറുകളും കപ്പലുകളും നിർമ്മിക്കുന്നതിന് എം.ഒ.യു. ഒപ്പുവച്ച കെ.എം.ഐ.എൻ.സി.യുടെ എം.ഡി. എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നയാളാണെന്ന ഒളിയമ്പ് പല ഭാഗത്തുനിന്നും വരുന്നുണ്ട്. ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നത് ശരിയാണ്. അതുകഴിഞ്ഞ് അദ്ദേഹം കോഴിക്കോട് കളക്ടറായി. അത് കഴിഞ്ഞ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അത് ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ കാര്യമാണ്. അതും ഇതും തമ്മിൽ കൂട്ടിക്കുഴക്കേണ്ട-ചെന്നിത്തല വിശദീകരിച്ചു.

മുഖ്യമന്ത്രി ഇന്നലെ സത്യം മറച്ചുവയ്ക്കാൻ കൗശലപൂർവ്വം ഒരു കാര്യം പറയുകയുണ്ടായി. ഈ മാസം 11 ന് ഇ.എം.സി.സി.യുടെ പ്രതിനിധികൾ എന്ന് അവകാശപ്പെടുന്ന രണ്ടുപേർ വ്യവസായ മന്ത്രിയുടെ ഓഫീസിൽ ചെന്നെന്നും അസന്റിൽ സമർപ്പിച്ച ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച ഗവേഷണത്തിനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ആഴക്കടലിലെ മത്സ്യസമ്പത്തിനെക്കുറിച്ച് ഗവേഷണം നടത്താനല്ല അവർ വന്നത്. മത്സ്യബന്ധനം തന്നെയാണ് പദ്ധതി. ഗവേഷണം എന്ന് വെറുതെ പേരിട്ടിരിക്കുന്നെന്നേയുള്ളൂ. മുഖ്യമന്ത്രി കൗശലപൂർവ്വം അത് ഗവേഷണം മാത്രമാക്കി.

ഇ.പി. ജയരാജന് അവർ നല്കിയ അപേക്ഷയാണ് പ്രതിപക്ഷനേതാവിന് കിട്ടിയതെന്നും അതിലെ വിവരങ്ങളാണ് കരാറെന്നമട്ടിൽ പ്രചിരിക്കുന്നതെന്നും സർക്കാരിന്റെ ഒരു രേഖയും പുറത്തുപോയിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ഇ.എം.സി.സിക്കാർ വളരെ രഹസ്യമായി മന്ത്രി ഇ.പി.ജയരാജന് നൽകിയ അപേക്ഷ എങ്ങനെ പ്രതിപക്ഷനേതാവിന് കിട്ടി എന്നതിലാണ് മുഖ്യമന്ത്രി ദുരൂഹത കാണുന്നത്. മുഖ്യമന്ത്രി അങ്ങനെ ദുരൂഹത കാണേണ്ട കാര്യമില്ല. ഉണർന്നിരിക്കുന്ന പ്രതിപക്ഷത്തിന് കിട്ടേണ്ട രേഖകളെല്ലാം കിട്ടും. ഭരണക്കാരുടെ അതിക്രമങ്ങളിൽ നിന്ന് നാടിനെ രക്ഷിക്കുകയാണ് പ്രതിപക്ഷത്തിന്റെ ധർമ്മം. ആ ധർമ്മം നിറവേറ്റാൻ സന്നദ്ധത ഉണ്ടെങ്കിൽ സർക്കാർ ഒളിച്ചുവയ്ക്കാൻ ശ്രമിക്കുന്ന എല്ലാ രേഖകളും പറന്നുുവരും.

മന്ത്രി ഇ.പി. ജയരാജൻ സ്വന്തം ലറ്റർ പാഡിൽ, സ്വന്തം കയ്യക്ഷരത്തിൽ മരുമകന് ജോലി കൊടുക്കാൻ ഇറക്കിയ ഉത്തരവ് എനിക്ക് കിട്ടിയില്ലേ? അങ്ങനെയല്ലേ അന്ന് ഇ.പി. ജയരാജന് രാജിവയ്‌ക്കേണ്ടിവന്നത്. മുഖ്യമന്ത്രി അത് മറുന്നുപോയോ? അതിന് ശേഷം ബ്രൂവറി- ഡിസ്‌ററിലറി ഇടപാട്, മസാല ബോണ്ട്, ട്രാൻസ്ഗ്രിഡ്, സ്പ്രിങ്‌ളർ തുടങ്ങി എത്രയെത്ര അഴിമതിയുടെ രേഖകൾ പ്രതിപക്ഷനേതാവിന് കിട്ടിയിട്ടുണ്ട്. അതിനാൽ മുഖ്യമന്ത്രി ദുരൂഹത ഒന്നും കാണേണ്ട-രമേശ് ചെന്നിത്തല മറുപടി നൽകുന്നു.

ഞാൻ ഈ വിവരം ആദ്യം ഉന്നയിച്ചപ്പോൾ ഏത് ഇ.എം.സി.സി, എന്ത് ഇ.എം.സി.സി, ഞാനങ്ങനെ ഒന്നിനെക്കുറിച്ച് കേട്ടിട്ടേ ഇല്ലെന്നാണല്ലോ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ആദ്യം പറഞ്ഞത്. പിന്നീട് ന്യൂയോർക്കിൽ വച്ച് ഇവരെ കണ്ടിട്ടുണ്ടാകാം എന്ന് മന്ത്രിക്ക് സമ്മതിക്കണ്ടിവന്നു. എന്നാൽ കേരളത്തിൽവച്ച് ഇവരെ കണ്ടിട്ടേ ഇല്ലെന്നും അവരുമായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നുമാണ് പിന്നീട് മന്ത്രി മെഴ്‌സികുട്ടിയമ്മ പറഞ്ഞത്. . ഇ.എം.സി.സി. അനധികൃതരുമായി ഈ പദ്ധതിയെക്കുുറിച്ച് ചർച്ച ചെയ്യുന്ന ഫോട്ടോ ഞാൻ ഇന്നലെ പുറത്തു വിട്ടതോടെ മന്ത്രി വീണ്ടും മലക്കം മറിഞ്ഞു. അവരെ കണ്ടു, ചർച്ച ചെയ്തു, എന്നാൽ, ഈ പദ്ധതി നടപ്പില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞ് അവരെ തിരിച്ചയച്ചു എന്നാണ് മന്ത്രി അപ്പോൾ പറഞ്ഞത്.

അതും കള്ളമാണ്. ആ പദ്ധതി നടക്കുകയില്ലെന്ന് പറഞ്ഞ് മന്ത്രി അത് തള്ളിക്കളഞ്ഞെങ്കിൽ എങ്ങനെ നാലേക്കർ സ്ഥലം അവർക്ക് പള്ളിപ്പുറത്ത് പദ്ധതി നടപ്പാക്കാൻ കിട്ടി. സർക്കാരിന് കീഴിലെ കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ എങ്ങനെ ഇ.എം.സി.സിയുമായി പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ എം.ഒ.യു ഒപ്പിട്ടു? . മന്ത്രി മെഴ്‌സികുട്ടിയമ്മ നടക്കില്ലെന്ന് പറഞ്ഞ് ഓടിച്ചുവിട്ട ഇ.എം.സി.സിയെ വ്യവസായ വകുപ്പും മുഖ്യമന്ത്രിയുടെ വകുപ്പും വിളിച്ചിരുത്തി പദ്ധതി നടപ്പാക്കിച്ചു തുടങ്ങി എന്നാണോ നമ്മൾ മനസ്സിലാക്കേണ്ടത്? കള്ളത്തരം മറച്ചുവയ്ക്കാൻ എന്തെല്ലാം അഭ്യാസങ്ങളാണ് മെഴ്‌സികുട്ടിയമ്മ നടത്തുന്നത്-ചെ്ന്നിത്തല ചോദിച്ചു.

മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞത് രസകരമായ കാര്യമാണ്. ഇ.എം.സി.സി.ക്കാരെ പറഞ്ഞുവിട്ടത് ഞാനാണ് എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോൾ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതിന് വേണ്ടി, മുന്ന് വർഷം മുമ്പ് തന്നെ, അതായത് 2018 ൽ ന്യൂയോർക്കിൽ മന്ത്രി മെഴ്‌സികുട്ടിയമ്മയെ കാണാൻ ഞാൻ ഇ.എം.സി.സി. ക്കാരെ വിമാനടിക്കറ്റെടുത്ത് പറഞ്ഞ് വിട്ടു എന്നാണോ ഇ.പി. ജയരാജൻ പറയുന്നത്? ഒരു വർഷം മുമ്പ് നടന്ന അസന്റിൽ പദ്ധതി കൊടുപ്പിച്ചതും സർക്കാരിനെ കൊണ്ട് എം.ഒ.യു. ഒപ്പിടുവിച്ചതും ഞാനാണ് എന്നാണോ ജയരാജൻ പറയുന്നത്? ഇ.പി.ജയരാജന്റെ കീഴിലുള്ള കെ.എസ്‌ഐ.ഡി.സി.സിയെ കൊണ്ട് ഇ.എം.സി.സി.ക്ക് 4 ഏക്കർ സ്ഥലം കൊടുവിച്ചതും ഞാനാണോ? കള്ളം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ ജയരാജന് സമനില തെറ്റിപ്പോയെന്നാണ് തോന്നുന്നത്-എന്ന് ജയരാജൻ പറയുന്നു.