ന്യൂഡൽഹി: ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവയുടെ കോവിഡ് വാക്‌സിനുകൾക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയില്ല. ഓക്‌സഫഡ് ആസ്ട്രസെനിക വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകണമെന്നായിരുന്നു ഭാരത് ബയോടെകിന്റെ ആവശ്യം. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാനാണ് ഗ്രഗ്‌സ് കൺട്രോളറിന്റെ കീഴിലുള്ള വിദഗ്ധ സമിതി അടിയന്തര യോഗം ചേർന്നിരുന്നു. എന്നാൽ, വാക്‌സിൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ നിർമ്മാതാക്കളോട് തേടിയെന്നാണ് റിപ്പോർട്ടുകൾ.  ജനുവരി ഒന്നിന് വിദഗ്ധ സമിതി വീണ്ടും ചേരും.

ഇന്ന് ബ്രിട്ടനിൽ വാക്സിന് സർ‍ക്കാർ അനുമതി നൽകിയതോടെയാണ് വിദഗ്ധ സമിതി യോഗം വിളിച്ചത്. അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സിറം സിഇഒ അദർ പൂണെവാല പ്രതികരിച്ചു. നാല് കോടി ഡോസ് വാക്സിനാണ് സിറം ഇതുവരെ നിർമ്മിച്ചിരിക്കുന്നത്.

നാല് സംസ്ഥാനങ്ങളിൽ ഇതിനോടകം വാക്സിന്റെ ഡ്രൈറൺ നടത്തി. വിവിധ സംസ്ഥാനങ്ങളിൽ വാക്സിൻ നൽകേണ്ടവരുടെ മുൻഗണന പട്ടികയും സർക്കാരുകൾ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തുകൊറോണ വൈറസിന്റെ യുകെ വകഭേദം ബാധിച്ചവരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. യുപിയിൽ നിന്നുള്ള രണ്ട് വയസ്സുകാരി ഉൾപ്പെടെ രോഗം ബാധിച്ചവരിൽ ഉണ്ട്. പുതിയ സാഹചര്യത്തിൽ വിദേശ വിമാനങ്ങൾക്കുള്ള വിലക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ജനുവരി 31 വരെ നീട്ടി. ചരക്ക് വിമാനങ്ങൾക്കും വ്യോമയാന മന്ത്രാലയം അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും വിലക്ക് ബാധകമാകില്ല.

കോവിഡ് മഹാമാരി ഇതിനകം തന്നെ ലോകമെമ്പാടുമുള്ള 1.7 ദശലക്ഷം ആളുകളുടെ ജീവൻ കവരുകയും, ആഗോള സമ്പദ്‌വ്യവസ്ഥ തകർക്കുകയും ചെയ്തു കഴിഞ്ഞു. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതിന്റെ ആശങ്കയിലാണ് ബ്രിട്ടനും ദക്ഷിണാഫ്രിക്കയും. ഇത് വ്യാപനശേഷി കൂടിയ വൈറസാണ്. പല രാജ്യങ്ങളും ബ്രിട്ടനുമായുള്ള അതിർത്തി അടയ്ക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു.

വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് പഠിക്കുകയാണെന്നും തങ്ങളുടെ വാക്സിൻ ഇതിനെതിരെ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആസ്ട്രാസെനക്കയും മറ്റ് വാക്സിൻ നിർമ്മാതാക്കളും പറഞ്ഞു.അവസാനഘട്ട പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്ന് ആരോപിക്കപ്പെടുന്ന ആസ്ട്രാസെനെക്കയ്ക്കും ഓക്സ്ഫോർഡ് ടീമിനും റെഗുലേറ്ററി അംഗീകാരം കൂടുതൽ ഊർജം പകരുന്നതാണ്. വാക്സിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി 70.4% ആണെന്ന് ആ പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങൾ കാണിക്കുന്നു.

നേരത്തെ ഓക്‌സ്ഫഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ബ്രിട്ടൺ അനുമതി നൽകിയിരുന്നു. ഓക്സ്ഫഡ് വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് യു.കെ. ഫൈസർ വാക്സിന് യു.കെ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ബ്രിട്ടനിൽ വ്യാപിക്കുന്ന പുതിയ വകഭേദത്തിനെതിരേയും ഓക്‌സ്ഫഡ് വാക്‌സിൻ ഫലപ്രദമാണെന്നാണ് റിപ്പോർട്ട്. ഓക്‌സ്ഫഡ് സർവകലാശാലയും ആസ്ട്രസെനീകയും ചേർന്ന വികസിപ്പിച്ച കോവിഡ് വാക്‌സിൻ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്.