കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം സസ്‌പെൻഡ് ചെയ്ത കളമശേരി മുൻ ഏരിയെ സെക്രട്ടറി സക്കീർ ഹുസൈന് എതിരായ പാർട്ടിയുടെ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പുറത്തായി. വിശദാംശങ്ങൾ ലഭ്യമായതോടെ സക്കീർ ഹുസൈൻ പാർട്ടിയെ പലവട്ടം കബളിപ്പിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഇതിൽ വിദേശ യാത്രകൾ നടത്തിയത് പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചാണെന്ന് കമ്മിറ്റ് കണ്ടെത്തി. താനുൾപ്പെടുന്ന പാർട്ടി ഫോറത്തിൽ ഒരുവിവരവും അറിയിക്കാതെ ആയിരുന്നു വിദേശയാത്ര. എന്നാൽ, സംഗതി വിവാദമായപ്പോൾ അന്വേഷണം വരികയും, നേതാവിനോട് വിവരം ആരായുകയും ചെയ്തു. താൻ ദുബായിക്ക് പോയി എന്നായിരുന്നു സക്കീർ ഹുസൈന്റെ മറുപടി. എന്നാൽ, സഖാവ് ദുബായിലേക്കല്ല ബാങ്കോക്കിലേക്കാണ് പോയതെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.

അനധികൃത സ്വത്ത് സമ്പാദനമായിരുന്നു മറ്റൊരു വിഷയം. കളമശേരിമേഖലയിൽ പത്തുവർഷത്തിനുള്ളിൽ നാലുവീടുകൾ സ്വന്തമാക്കി. അഞ്ചാമതൊരു വീടുകൂടി സ്വന്തമാക്കാൻ ശ്രമം നടത്തി. ഇത്തരത്തിൽ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുകയും പാർട്ടിയെ ദുരുപയോഗിച്ച് അനധികൃത സ്വത്തുകൾ സമ്പാദിച്ചു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

തിരുത്താൻ ഏരിയ കമ്മിറ്റി മിനക്കെട്ടില്ല

സക്കീർ ഹുസൈനെ തിരുത്താൻ കളമശേരി ഏരിയാ കമ്മറ്റിയുടെ ഒന്നും ചെയ്തില്ലെന്ന സ്വയം വിമർശനവും റിപ്പോർട്ടിലുണ്ട്. രണ്ടംഗ കമ്മീഷനാണ് സക്കീർഹുസൈനെതിരെ അന്വേഷണം നടത്തിയത്.രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയർന്ന ശമ്പളമുള്ളതുകൊണ്ട് നികുതി ഒഴിവാക്കാനാണ് ലോൺ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയത് എന്നുമായിരുന്നു സക്കീർ ഹുസൈൻ പാർട്ടിക്ക് നൽകിയ വിശദീകരണം. സക്കീർഹുസൈനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ട് പാർട്ടി അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. പാർട്ടിക്ക് ഏറെ അവമതിപ്പ് ഉണ്ടാക്കിയ പ്രവൃത്തികളാണ് സക്കീർഹുസൈന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്. അതിനിടെ സക്കീർഹുസൈനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇ ഡിക്ക് പരാതി നൽകി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്.

പരാതി നൽകിയത് പാർട്ടി അംഗം

സക്കീർ ഹുസൈനെ ജൂണിൽ, ആറുമാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത് പാർട്ടി കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായ ബന്ധപ്പെട്ട വിവാദമാണ് സക്കീറിനെ നീക്കാനുള്ള കാരണം. സക്കീർ ഹുസൈനെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശുപാർശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പരിഗണനയിലായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാർശ സംസ്ഥാന സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തു.

പാർട്ടി അംഗത്തിന്റെ തന്നെ പരാതിയിൽ സക്കീർ ഹുസൈനെതിരെ പാർട്ടി കമ്മീഷൻ നടത്തിയ കണ്ടെത്തലുകളാണ് നടപടിയിലേക്ക് നയിച്ചത്. എറണാകുളത്തെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ കെ ശിവൻ നൽകിയ പരാതിയിൽ സംസ്ഥാന സമിതി അംഗം സിഎം ദിനേശ് മണി ഉൾപ്പെടുന്ന മൂന്നംഗ കമ്മിറ്റിയാണ് ആരോപണങ്ങളിൽ സത്യമുണ്ടെന്ന് കണ്ടെത്തിയത് .ഇതിനെ തുടർന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാനുമാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. എന്നാൽ ഇത്തരത്തിലൊരു തീരുമാനം ഇല്ലെന്നായിരുന്നു പാർട്ടി ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ ആദ്യം പ്രതികരിച്ചത്.

എന്നാൽ പിന്നീട് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ നടപടി ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റംഗം റിപ്പോർട്ട് ചെയ്യുകയായിരുന്നു. ജില്ലാസെക്രട്ടറിയേറ്റിന്റെ കത്ത് ചർച്ച ചെയ്ത ശേഷമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിയിൽ തീരുമാനം എടുത്തത്. നേരത്തെ യുവ വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ സക്കീർ ഹുസൈനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പിന്നീട് പാർട്ടി കമ്മീഷൻ കുറ്റവിമുക്തനാക്കിയപ്പോൾ ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ എത്തുകയായിരുന്നു.